തെരഞ്ഞെടുപ്പ് അട്ടിമറി കേസ്; ഡൊണാള്‍ഡ് ട്രംപ് കീഴടങ്ങി, അറസ്റ്റ് ചെയ്ത് വിട്ടയച്ചു

അക്രമം, ഗൂഢാലോചനയടക്കം 13 കുറ്റങ്ങളാണ് ട്രംപിനെതിരെ ചുമത്തിയത്
ഡൊണാള്‍ഡ് ട്രംപ്‌/ഫയല്‍
ഡൊണാള്‍ഡ് ട്രംപ്‌/ഫയല്‍

ന്യൂയോര്‍ക്ക്: മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അറസ്റ്റില്‍. തെരഞ്ഞെടുപ്പ് അട്ടിമറി കേസില്‍ ട്രംപ് അറ്റ്‌ലാന്റയിലെ ഫുള്‍ട്ടന്‍ ജയിലിലെത്തി കീഴടങ്ങി. അറസ്റ്റ് രേഖപ്പെടുത്തിയതിനു പിന്നാലെ അദ്ദേഹത്തെ ജാമ്യത്തില്‍വിട്ടു.

2020ല്‍ നടന്ന അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ദക്ഷിണ സംസ്ഥാനങ്ങളിലെ ഫലങ്ങള്‍ അട്ടിമറിക്കാന്‍ ശ്രമിച്ചതുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. അക്രമം, ഗൂഢാലോചനയടക്കം 13 കുറ്റങ്ങളാണ് ട്രംപിനെതിരെ ചുമത്തിയത്.

കേസിലെ മറ്റ് പ്രതികളും നേരത്തെ കീഴടങ്ങിയിരുന്നു. തനിക്കെതിരായ ആരോപണങ്ങള്‍ രാഷ്ട്രീയ പ്രേരിതമാണ് ഇത്തവണയും ട്രംപ് ആവര്‍ത്തിച്ചു. നേരത്തെ ഏപ്രില്‍ മാസത്തില്‍ കൈക്കൂലിയുമായി ബന്ധപ്പെട്ടും ട്രംപിനെതിരെ കേസെടുത്തിരുന്നു. 

ജൂണില്‍ പ്രതിരോധ രഹസ്യങ്ങള്‍ കൈവശം വച്ചു, ഗൂഢാലോചന നടത്തി തുടങ്ങിയ കേസുകളില്‍ ട്രംപിനെ അറസ്റ്റ് ചെയ്തിരുന്നു. കോടതി നിര്‍ദേശപ്രകാരം മയാമി ഫെഡറല്‍ കോടതിയില്‍ എത്തിയപ്പോഴാണ് അറസ്റ്റു ചെയ്തത്. പിന്നാലെ അദ്ദേഹത്തെ ജാമ്യത്തില്‍ വിട്ടു. കുറ്റക്കാരനല്ലെന്ന് അന്നും ട്രംപ് കോടതിയില്‍ ആവര്‍ത്തിച്ചു.

യുഎസില്‍ ദേശസുരക്ഷയുമായി ബന്ധപ്പെട്ട കേസില്‍ ക്രിമിനല്‍ക്കുറ്റം ചുമത്തപ്പെടുന്ന ആദ്യ മുന്‍ പ്രസിഡന്റാണ് ട്രംപ്. ഫെഡറല്‍ ഗ്രാന്‍ഡ് ജൂറിയുടെ അന്വേഷണത്തിനൊടുവില്‍ യുഎസ് നീതിന്യായ വകുപ്പ് മയാമി കോടതിയില്‍ ട്രംപിന്റെപേരില്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. 

അഞ്ച് സുപ്രധാനകുറ്റങ്ങളാണ് ട്രംപിന്റെ പേരില്‍ ചുമത്തിയിട്ടുള്ളത്. ആണവ രഹസ്യങ്ങളടങ്ങിയ സുപ്രധാന രേഖകള്‍ വീട്ടിലെ കുളിമുറിയില്‍ സൂക്ഷിച്ചത്, പ്രതിരോധ മേഖലയും ആയുധ ശേഷിയുമായി ബന്ധപ്പെട്ട രേഖ അലക്ഷ്യമായി കൈകാര്യം ചെയ്തത്, യുഎസിന്റെയും സഖ്യ കക്ഷികളുടെയും സൈനിക ബലഹീനതകളെക്കുറിച്ചുള്ള രേഖകളുമായി ബന്ധപ്പെട്ടത് എന്നിവയാണ് അതില്‍ പ്രധാനം. 

അന്ന് 37 ക്രിമിനല്‍ക്കുറ്റങ്ങളാണ് ട്രംപിന്റെ പേരില്‍ ചുമത്തിയത്. കഴിഞ്ഞ ഓഗസ്റ്റിലാണ് ട്രംപിന്റെ ഫ്‌ളോറിഡയിലെ മാര്‍ എ ലാഗോ വീട്ടില്‍ നിന്ന് രഹസ്യ സ്വഭാവമുള്ള നൂറിലധികം സര്‍ക്കാര്‍ രേഖകള്‍ എഫ്ബിഐ റെയ്ഡിലൂടെ കണ്ടെടുക്കുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com