ലോക്‌നെസ് മോണ്‍സ്റ്ററിന് വേണ്ടി വീണ്ടും തിരച്ചില്‍; കണ്ടെത്താനാകുമോ യുകെ തടാകത്തിലെ 'ദുരൂഹ ജീവിയെ?'

സ്‌കോട്‌ലന്‍ഡിലെ ലോക്‌നെസ് തടാകത്തിലെ 'ദുരൂഹ ജീവിയെ' കണ്ടെത്താനുള്ള ശ്രമങ്ങള്‍ വീണ്ടും ആരംഭിച്ചു
ലോക്‌നെസ് മോണ്‍സ്റ്ററിന്റേതായി പ്രചരിക്കുന്ന ചിത്രങ്ങളില്‍ ഒന്ന്
ലോക്‌നെസ് മോണ്‍സ്റ്ററിന്റേതായി പ്രചരിക്കുന്ന ചിത്രങ്ങളില്‍ ഒന്ന്

ലണ്ടന്‍: സ്‌കോട്‌ലന്‍ഡിലെ ലോക്‌നെസ് തടാകത്തിലെ 'ദുരൂഹ ജീവിയെ' കണ്ടെത്താനുള്ള ശ്രമങ്ങള്‍ വീണ്ടും ആരംഭിച്ചു. 'ലോക്‌നെസ് മോണ്‍സ്റ്റര്‍' എന്നറിയപ്പെടുന്ന ഈ അജ്ഞാത ജീവിക്ക് വേണ്ടി അമ്പത് വര്‍ഷത്തിനിടെ നടത്തുന്ന ഏറ്റവും വലിയ തിരച്ചിലാണ് ഇപ്പോള്‍ ആരംഭിച്ചിരിക്കുന്നത്. 

'നെസ്സി' എന്ന വിളിപ്പേരില്‍ അറിയപ്പെടുന്ന ഈ ജീവി ഇടയ്ക്ക് തടാകത്തിലെ ജലപ്പരപ്പില്‍ എത്തുമെന്നും അപ്പോള്‍ അതിന്റെ തല മാത്രം കാണാന്‍ സാധിക്കും എന്നാണ് പറയപ്പെടുന്നത്. ഈ ജീവിയെ കണ്ടെന്നും ചിത്രം പകര്‍ത്തിയെന്നും നിരവധിപേര്‍ അവകാശപ്പെട്ടിരുന്നു. 

നൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടെ, ഈ ജീവിയെ കണ്ടെത്താനുള്ള ശ്രമത്തിനായി ഇറങ്ങിത്തിരിച്ചിരിക്കുകയാണ് ശാസ്ത്രജ്ഞര്‍ അടക്കമുള്ള സംഘം. തെര്‍മല്‍ സ്‌കാനറുകള്‍ ഘടിപ്പിച്ച ഡ്രോണുകള്‍, ഇന്‍ഫ്രാറെഡ് ക്യാമറകള്‍ ഘടിപ്പിച്ച ബോട്ടുകള്‍, അണ്ടര്‍വാട്ടര്‍ ഹൈഡ്രോഫോണ്‍ എന്നിങ്ങനെയുള്ള അത്യാധുനിക സാങ്കേതക വിദ്യകളുമായാണ് ശനിയാഴ്ച തെരച്ചില്‍ ആരംഭിച്ചിരിക്കുന്നത്. 

36 കിലോമീറ്റര്‍ ചുറ്റളവില്‍ 788 അടി ആഴമുള്ള ലോക്‌നെസ് യുകെയിലെ ഏറ്റവും വലിയ തടാകമാണ്. സ്‌കോട്ടിഷ് ഹൈലാന്‍ഡ്‌സിലെ നദിയായ നെസ്സില്‍ നിന്നുള്ള ജലമാണ് പ്രധാനമായും ഈ തടാകത്തിലേക്ക് എത്തുന്നത്. ഈ തടാകത്തിലെ നെസ്സിയെ കുറിച്ചുള്ള കഥയ്ക്ക് കാലങ്ങളുടെ പഴക്കമുണ്ട്. എഡി 565 ല്‍ ഒരു ഐറിഷ് സന്യാസിയാണ് ആദ്യമായി നെസ്സിയെ കണ്ടതായി പറയപ്പെടുന്നത്. സ്‌കോട്ടിഷ് നാടോടിക്കഥകളില്‍ ഈ ജീവിയെപ്പറ്റി പരാമര്‍ശമുണ്ട്. ലോക്‌നെസ് തടാകത്തില്‍ അധിവസിക്കുന്ന ഭീകരജീവിയായാണ് ഇത് അവതരിപ്പിക്കപ്പെടുന്നത്. തടാകത്തില്‍നിന്നു തലനീട്ടുന്ന രീതിയിലുള്ള ഈ ജീവിയുടേത് എന്നവകാശപ്പെടുന്ന ചിത്രങ്ങള്‍ 1934 ല്‍ മാധ്യമങ്ങളില്‍ വന്നിരുന്നു. 

1888ല്‍ അബ്രിയച്ചാന്‍ എന്ന സ്ഥലത്തുനിന്നുള്ള അലക്‌സാണ്ടര്‍ മക്‌ഡൊണാള്‍ഡ് നെസ്സിയെ കണ്ടെന്ന് അവകാശപ്പെട്ടു. 1933ല്‍ ഈ ജീവിയെപ്പറ്റി കുറിയര്‍ എന്ന ബ്രിട്ടിഷ് മാധ്യമത്തില്‍ ഒരു ലേഖനം പ്രസിദ്ധീകരിച്ചു. ലോക്‌നെസ് തടാകത്തിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥനായ അലക്‌സ് കാംബെലായിരുന്നു ഇതിന്റെ രചയിതാവ്. ഇതോടെ നെസ്സിയെപ്പറ്റി കൂടുതല്‍ പേര്‍ അറിഞ്ഞു. അതേവര്‍ഷം തന്നെ ജോര്‍ജ് സ്‌പൈസര്‍ എന്ന ബ്രിട്ടിഷുകാരനും ഭാര്യയും നെസ്സിയെ കണ്ടെന്ന അവകാശവാദവുമായി വന്നു. തങ്ങള്‍ ഓടിച്ചിരുന്ന കാറിനു മുന്നിലൂടെ അസാധാരണ രൂപവും നാലടിയോളം പൊക്കവും 25 അടിയെങ്കിലും നീളവുമുള്ള ഒരു ജീവി ഓടിപ്പോയെന്നായിരുന്നു ഇവരുടെ വാദം. ആനയുടെ തുമ്പിക്കൈപോലെ വളരെ നീണ്ട കഴുത്ത് ഈ ജീവിക്കുണ്ടായിരുന്നെന്നും സ്‌പൈസര്‍ അവകാശപ്പെട്ടു.

ഡ്രാഗണുമായും ദിനോസറുമായുമൊക്കെ സാമ്യമുള്ള ഒരു ഭീകരജീവിയെന്നായിരുന്നു സ്‌പൈസര്‍ നെസ്സിയെ വിശേഷിപ്പിച്ചത്. 1934 ല്‍ റോബര്‍ട് കെന്നത്ത് വില്‍സണ്‍ എന്ന, ലണ്ടനില്‍ നിന്നുള്ള ഗൈനക്കോളജിസ്റ്റ് എടുത്ത ചിത്രമാണ് ലോകമെങ്ങും നെസ്സി എന്ന ഭീകരജീവിക്കു പ്രശസ്തിയുണ്ടാക്കിയത്. സര്‍ജന്റെ ഫൊട്ടോഗ്രഫ് എന്നപേരില്‍ ഈ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രം പ്രശസ്തി നേടി. 

അറുപതു വര്‍ഷത്തോളം ഈ ചിത്രം ഒരു ദുരൂഹതയായി തുടര്‍ന്നു. എന്നാല്‍ 1994 ല്‍ ഈ ചിത്രം വ്യാജമാണെന്ന് വ്യക്തമായി. എല്ലാ വര്‍ഷവും ഇടയ്ക്കിടെ ലോക് തടാകത്തില്‍ നെസ്സിയുടെ തല പ്രത്യക്ഷപ്പെടാറുണ്ടെന്നും 2016 ഓഗസ്റ്റ് 21ന് ഇത്തരത്തിലുള്ള രണ്ടു ജീവികളെ തടാകതീരത്തു കണ്ടിരുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ വന്നു. പിന്നീട് 2017 മെയിലും നെസ്സിയുടേതെന്ന് കരുതുന്ന വിഡിയോ പുറത്തുവന്നു.

1972ല്‍ ലോക്‌നെസ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ ഇതുവരെയുള്ളതില്‍ വച്ച് ഏറ്റവും വലിയ തിരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല. 1987ല്‍ ഓപറേഷന്‍ ഡീപ്‌സ്‌കാന്‍ എന്ന പേരില്‍  സോണാര്‍ ഉപകരണങ്ങള്‍ ഉപയോഗിച്ച് തിരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല.

2019ല്‍ ലോക്‌നെസ് തടാകത്തിലെ ജീവികളുടെ ജനിതകഘടന വിലയിരുത്തി ഒരു പരിശോധന ശാസ്ത്രജ്ഞ സംഘം നടത്തി. ന്യൂസീലന്‍ഡില്‍ നിന്നുള്ള പ്രഫ. നീല്‍ ഗെമ്മലിന്റെ നേതൃത്വത്തിലുള്ള സംഘമായിരുന്നു ഇത്. നെസ്സിയുടെ എന്തെങ്കിലും ജനിതകപരമായ തെളിവുകള്‍ ഉണ്ടോയെന്ന് നോക്കാനായിരുന്നു ഇത്. തടാക ജലത്തിലെ ഡിഎന്‍എ സാംപിളുകള്‍ ശേഖരിച്ച് പരിശോധന നടത്തുകയാണ് ഇവര്‍ ചെയതത്. എന്നാല്‍ ഇതില്‍ ഒന്നും കണ്ടെത്താനായില്ല.നെസ്സിയെകണ്ടെത്താന്‍ തടാകക്കരയില്‍ നിരവധി ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇതിലൊന്നും നെസ്സി പതിഞ്ഞിട്ടില്ല. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com