'തക്ക മറുപടി നൽകും'- ചാര ബലൂൺ വെടിവച്ചിട്ട സംഭവത്തിൽ അമേരിക്കയ്ക്ക് ചൈനയുടെ മുന്നറിയിപ്പ്

കടലിൽ വീണ ബലൂണിന്റെ അവശിഷ്ടങ്ങൾ വീണ്ടെടുത്ത് പരിശോധിക്കാനാണ് യുഎസ് പ്രതിരോധ വകുപ്പിന്റെ തീരുമാനം
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ബെയ്ജിങ്: ചാര ബലൂൺ വെടിവച്ചിട്ട സംഭവത്തിൽ അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ചൈന. തക്ക മറുപടി നൽകുമെന്ന് യുഎസ് നടപടിയിൽ അതൃപ്തി രേഖപ്പെടുത്തി ചൈന വ്യക്തമാക്കി. അമേരിക്കൻ നടപടി രാജ്യത്തിന്റെ പരമാധികാരത്തിലേക്കുള്ള കടന്നു കയറ്റമാണെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ കുറ്റപ്പെടുത്തി.  

യുഎസിന്റെ ഭാഗത്ത് നിന്നുണ്ടായത് അമിത പ്രതികരണമാണെന്നും അന്താരാഷ്ട്ര നിയമ നടപടി ക്രമത്തിന്റെ ലംഘനമാണെന്നും ചൈന കുറ്റപ്പെടുത്തി. ആളില്ലാത്തതും സൈനികേതരവുമായ വ്യോമയാനത്തിന് നേര്‍ക്ക് ആക്രമണം നടത്തിയ യുഎസിന്റെ പ്രവൃത്തിയിലും കടുത്ത അതൃപ്തി ചൈന രേഖപ്പെടുത്തി. തങ്ങളുടെ ഭാഗത്ത് നിന്നുണ്ടാകാവുന്ന രൂക്ഷ പ്രതികരണം നേരിടാന്‍ ഒരുങ്ങിയിരിക്കാനും ചൈനയുടെ വിദേശകാര്യ മന്ത്രാലയം ഞായറാഴ്ച രാവിലെ പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കുന്നു. 

ആ‌ണവ മിസൈൽ കേന്ദ്രങ്ങളുള്ള തന്ത്രപ്രധാന യുഎസ് സംസ്ഥാനമായ മോണ്ടാനയിലാണ് ബലൂൺ പ്രത്യക്ഷപ്പെട്ടത്. ജനവാസമേഖലയിൽ സഞ്ചരിച്ചുകൊണ്ടിരിക്കെ വെടിവച്ചു താഴെയിട്ടാൽ അവശിഷ്ടങ്ങൾ പതിച്ച് അപകടമുണ്ടായേക്കുമെന്നതിനാൽ ബലൂൺ അറ്റ്ലാന്റിക് സമുദ്രത്തിനു മുകളിലെത്തിയപ്പോഴാണ് വെടിവച്ചു വീഴ്ത്തിയത്. വെടിവച്ചു വീഴ്‌‍ത്താൻ പ്രസിഡന്റ് ജോ ബൈഡൻ അനുമതി നൽകിയതിനു പിന്നാലെ അറ്റ്ലാന്റിക് സമുദ്രത്തിന്റെ 100 ചതുരശ്രകിലോമീറ്റർ പരിധിയിലുള്ള വിമാനത്താവളങ്ങളിൽ നിന്നുള്ള സർവീസ് റദ്ദാക്കിയിരുന്നു.

സംശയാസ്പദമായ രീതിയില്‍ യുഎസിന്റെ വ്യോമാതിര്‍ത്തിയില്‍ പ്രത്യക്ഷപ്പെട്ട ചാരബലൂണിനെ കുറിച്ച് ചൈന ആദ്യഘട്ടത്തില്‍ പ്രതികരണം നടത്തിയില്ല. പിന്നീട് തങ്ങളുടേതാണെന്ന് സ്ഥിരീകരിക്കുകയും കാലാവസ്ഥാ നിരീക്ഷണത്തിനു വേണ്ടിയുള്ള ബലൂണ്‍ ദിശതെറ്റി യുഎസിന്റെ വ്യോമാതിര്‍ത്തിയില്‍ പ്രവേശിച്ചതാവാമെന്ന് ചൈന പ്രതികരിക്കുകയും ചെയ്തു. യുഎസിലെ തന്ത്രപ്രധാന മേഖലകളിലൂടെയുള്ള ചാര ബലൂണിന്റെ സഞ്ചാരം അമേരിക്കന്‍ പ്രതിരോധ വകുപ്പിലും സാധാരണ ജനങ്ങളിലും കടുത്ത ആശങ്ക സൃഷ്ടിച്ചിരുന്നു.

കടലിൽ വീണ ബലൂണിന്റെ അവശിഷ്ടങ്ങൾ വീണ്ടെടുത്ത് പരിശോധിക്കാനാണ് യുഎസ് പ്രതിരോധ വകുപ്പിന്റെ തീരുമാനം. എഫ്–22 വിമാനത്തിൽ നിന്ന് മിസൈൽ വർഷിച്ചാണ് ബലൂൺ നശിപ്പിച്ചതെന്നും സമുദ്രത്തിൽ ഏകദേശം 47 അടി മാത്രം ആഴത്തിലാണ് ഇതു വീണതെന്നും യുഎസ് പ്രതിരോധ വകുപ്പായ പെന്റഗൺ അറിയിച്ചു.

ഹീലിയം വാതകം നിറച്ചതും സോളർ പാനൽ ഘടിപ്പിച്ചതുമായ ബലൂൺ ആണ് യുഎസ് വെടിവച്ചിട്ടത്. ബലൂണിന്റെ അടിയിൽ ക്യാമറകളും റഡാറുകളും സെൻസറുകളും അടക്കും നിരീക്ഷണ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ടെന്നായിരുന്നു യുഎസ് കണ്ടെത്തൽ. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com