അപകടത്തിന് ഒരു മണിക്കൂര്‍ മുന്‍പ് അവസാന ചിത്രം, എല്ലാ മാതാപിതാക്കള്‍ക്കും ആശംസ നേര്‍ന്ന് കുറിപ്പ്; നോവായി നാടോടി ഗായിക നിര

നേപ്പാളില്‍ വിമാനാപകടത്തില്‍ മരിച്ച നാടോടി ഗായിക നിര ഛന്ത്യാല്‍ അവസാനമായി സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ച ചിത്രങ്ങളും കുറിപ്പുകളും നൊമ്പരമാകുന്നു
നിര ഛന്ത്യാല്‍ , ഫെയ്സ്ബുക്ക്
നിര ഛന്ത്യാല്‍ , ഫെയ്സ്ബുക്ക്

കാഠ്മണ്ഡു: നേപ്പാളില്‍ വിമാനാപകടത്തില്‍ മരിച്ച നാടോടി ഗായിക നിര ഛന്ത്യാല്‍ അവസാനമായി സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ച ചിത്രങ്ങളും കുറിപ്പുകളും നൊമ്പരമാകുന്നു. മകര സംക്രാന്തിയോടനുബന്ധിച്ച് പോഖാറയില്‍ ഇന്നു നടക്കാനിരുന്ന സംഗീതപരിപാടിയില്‍ പങ്കെടുക്കാനായി പുറപ്പെട്ടതായിരുന്നു നിര. 

അപകടത്തിന് ഒരു മണിക്കൂര്‍ മുന്‍പ് പുതിയ ചിത്രം പങ്കുവെച്ച് നിര കുറിച്ച വരികളാണ് നൊമ്പരമായത്. 'മകര സംക്രാന്തിയുടെ ഈ മഹത്തായ അവസരത്തില്‍, സ്വദേശത്തും വിദേശത്തുമുള്ള എല്ലാ മാതാപിതാക്കള്‍ക്കും സഹോദരങ്ങള്‍ക്കും സഹോദരിമാര്‍ക്കും ഞാന്‍ എന്റെ എല്ലാവിധ ആശംസകളും അറിയിക്കുന്നു'- നിരയുടെ വാക്കുകള്‍ ഇങ്ങനെ.

അപകടത്തിന് ഏതാനും മണിക്കൂറുകള്‍ക്കു മുന്‍പ് മറ്റു ചില ചിത്രങ്ങളും നിര പങ്കുവച്ചിരുന്നു. കാഠ്മണ്ഡുവിലെ സംഗീതപരിപാടി വിജയകരമായി പൂര്‍ത്തിയായെന്നും ഇനി നാളെ പോഖാറയിലെ പരിപാടി ആസ്വദിക്കാന്‍ പോവുകയാണെന്നുമായിരുന്നു ചിത്രങ്ങള്‍ക്കൊപ്പം നിര കുറിച്ചത്. എന്നാല്‍ ആ യാത്ര പാതിയില്‍ അവസാനിച്ചതിന്റെ ആഘാതത്തിലാണ് ഗായികയുടെ ആരാധകര്‍. ആരെയും അതിശയിപ്പിച്ചു പാടിക്കയറുന്ന 22കാരി നിര, പാതിയില്‍ മുറിഞ്ഞ ഈണമായി മാഞ്ഞു പോയത് ഇനിയും അംഗീകരിക്കാനായിട്ടില്ല ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും. 

നേപ്പാളിലെ ബഗ്‌ലങ്ങില്‍ ജനിച്ചു വളര്‍ന്ന നിര ഛന്ത്യാല്‍, തലസ്ഥാനമായ കാഠ്മണ്ഡുവിലായിരുന്നു താമസം. നിരയുടെ സഹോദരി ഹീര ഛന്ത്യാല്‍ ആണ് ഗായികയുടെ മരണവിവരം ഔദ്യോഗികമായി സ്ഥിരീകരിച്ചത്. കഴിഞ്ഞദിവസമാണ് നേപ്പാളില്‍ വിമാനം തകര്‍ന്നുവീണത്. നേപ്പാളിന്റെ സമീപകാലത്തെ ഏറ്റവും വലിയ ദുരന്തത്തില്‍ 68 പേരാണ് മരിച്ചത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com