'ഞാന്‍ ഐസ്‌ക്രീം ഉണ്ടെന്ന് അറിഞ്ഞു വന്നതാണ്'; സ്‌കൂള്‍ വെടിവെപ്പില്‍ പിഞ്ചുകുഞ്ഞുങ്ങള്‍ മരിച്ച സമയത്ത് ബൈഡന്റെ തമാശ, വിമര്‍ശനം

യുഎസിനെ ഞെട്ടിച്ച സ്‌കൂള്‍ വെടിവെപ്പില്‍ പ്രതികരണം നടത്തുന്നതിന് തൊട്ടുമുന്‍പ് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ നടത്തിയ പ്രസംഗം വിവാദത്തില്‍
വീഡിയോ സ്‌ക്രീന്‍ഷോട്ട്
വീഡിയോ സ്‌ക്രീന്‍ഷോട്ട്

യുഎസിനെ ഞെട്ടിച്ച സ്‌കൂള്‍ വെടിവെപ്പില്‍ പ്രതികരണം നടത്തുന്നതിന് തൊട്ടുമുന്‍പ് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ നടത്തിയ പ്രസംഗം വിവാദത്തില്‍. നാഷ്‌വില്ലി എലമെന്ററി സ്‌കൂളില്‍ നടന്ന വെടിവെപ്പില്‍ മൂന്നു കുട്ടികള്‍ അടക്കം ആറുപേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികരിക്കുന്നതിന് തൊട്ടുമുന്‍പ് ജോ ബൈഡന്‍ നടത്തിയ പരാമര്‍ശമാണ് വിവാദമായത്. 

വനിതാ വ്യവസായികളുമായി ആശയ വിനിമയം നടത്താന്‍ എത്തിയപ്പോഴാണ് ജോ ബൈഡന്‍ തനിക്ക് ഐക്‌സ്‌ക്രീം കഴിക്കാന്‍ ഇഷ്ടമാണ് എന്ന തരത്തില്‍ തമാശ പറഞ്ഞത്. സ്‌കൂളില്‍ വെടിവെപ്പ് നടന്ന് മണിക്കൂറുകള്‍ പോലും കഴിയാതെ എങ്ങനെയാണ് പ്രസിഡന്റ് ഇത്തരത്തിലുള്ള തമാശകള്‍ പറയുന്നത് എന്നാണ് വിമര്‍ശകര്‍ ചോദിക്കുന്നത്. 

'എന്റെ പേര് ജോ ബൈഡന്‍. ഞാന്‍ ഡോ. ജില്‍ ബൈഡന്റെ ഭര്‍ത്താണ്. ഞാന്‍ ജെന്നിയുടെ ഐസ്‌ക്രീമും ചോക്ലേറ്റും തിന്നും. ചോക്ലേറ്റ് ചിപ്പ് ഐസ്‌ക്രീം ഉണ്ടെന്ന് കേട്ടാണ് ഞാന്‍ താഴേക്ക് വന്നത്. മുകളിലത്തെ നിലയില്‍ ഒരു റഫ്രിജറേറ്റര്‍ മുഴുവന്‍ ഉണ്ട്..ഞാന്‍ തമാശ പറയുകയാണെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ?'- എന്നായിരുന്നു ജോ ബൈഡന്റെ പരാമര്‍ശം. 

ഈ പരിപാടിക്ക് ശേഷം മാധ്യമങ്ങളെ കണ്ട ബൈഡന്‍, സ്‌കൂളില്‍ നടന്ന വെടിവെപ്പ് ഹൃദയഭേദകമാണ് എന്ന് പറഞ്ഞു. ആയുധ നിരോധന നിയമം പാസാക്കണമെന്നും അദ്ദേഹം യുഎസ് കോണ്‍ഗ്രസിനോട് ആവശ്യപ്പെട്ടു. 

28കാരനായ ഓഡി ഹെയ്ല്‍ ആണ് സ്‌കൂളില്‍ വെടിവെപ്പ് നടത്തിയത്. ഈ സ്‌കൂളിലെ പൂര്‍വ്വ വിദ്യാര്‍ഥിയാണ് ഇയാള്‍. അമേരിക്കയില്‍ സ്‌കൂളുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും വെടിവെപ്പ് നടക്കുന്നത് തുടര്‍ക്കഥയാകുന്ന പശ്ചാത്തലത്തില്‍ വന്‍ പ്രതിഷേധമാണ് ഉയരുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com