ശാസ്ത്രത്തിന്റെ വളര്‍ച്ചയ്ക്ക് വേണ്ടി പൊലീസ് കാത്തിരുന്നു; 48 വര്‍ഷത്തിന് ശേഷം ഡിഎന്‍എ പരിശോധന, 16കാരിയുട കൊലപാതകം തെളിഞ്ഞു

1975ല്‍ നടന്ന ബലാത്സംഗ കൊലപാതക കേസ് 48 വര്‍ഷത്തിന് ശേഷം തെളിഞ്ഞു
ഷാരോണ്‍ പ്രയര്‍
ഷാരോണ്‍ പ്രയര്‍

1975ല്‍ നടന്ന ബലാത്സംഗ കൊലപാതക കേസ് 48 വര്‍ഷത്തിന് ശേഷം തെളിഞ്ഞു. പ്രതിയെന്ന് സംശയിച്ചയാളുടെ മൃതദേഹം പുറത്തെടുത്ത് ഡിഎന്‍എ ടെസ്റ്റ് നടത്തിയതിലൂടെയാണ് കേസ് തെളിഞ്ഞത്. കാനഡയിലെ ഒട്ടാവോയിലാണ് സംഭവം നടന്നത്. 

1975ല്‍ പതിനാറുകാരിയായ പെണ്‍കുട്ടിയെ കാണാതാവുന്നതോടെയാണ് കേസിന് തുടക്കം. വീടിന് അടുത്തുള്ള പിസ പാര്‍ലറില്‍ കൂട്ടുകാരെ കാണാന്‍ പോയതായിരുന്നു ഷാരോണ്‍ പ്രയര്‍ എന്ന പെണ്‍കുട്ടി. എന്നാല്‍ ഷാരോണ്‍ തിരികെയെത്തിയില്ല. പൊലീസ് അന്വേഷണം നടത്തിയെങ്കിലും വിവരമൊന്നും ലഭിച്ചില്ല. മൂന്നു ദിവസത്തിന് ശേഷം പെണ്‍കുട്ടിയുടെ മൃതദേഹം മോന്‍ട്രിയാലിലെ വനമേഖലയില്‍ കണ്ടെത്തി.  മോന്‍ട്രിയാലില്‍ താമസിക്കുന്ന അമേരിക്കയിലെ വെസ്റ്റ് വിര്‍ജീനിയക്കാരനായ ഫ്രാന്‍ക്ലിന്‍ റൊമൈന്‍ എന്നയാളെ ആയിരുന്നു പൊലീസിന് സംശയം.

പീഡനം അടക്കം നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഇയാള്‍, പൊലീസിന് സ്ഥിരം തലവേദനയായിരുന്നു.
എന്നാല്‍ ഇയാളെ പ്രതിയാക്കാനുള്ള തെളിവുകള്‍ ലഭിച്ചില്ല. 1982ല്‍ 36-ാം വയസ്സില്‍ ഇയാള്‍ മരിച്ചു. പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് നിന്നുള്ളയാളുടെ മൊഴിയും സംഭവ സ്ഥലത്ത് നിന്ന് ലഭിച്ച കാറിന്റെ ടയര്‍ പാടുകളും റൊമൈനിലേക്ക് പൊലീസിനെ എത്തിച്ചു. 

1975ല്‍ സംഭവ സ്ഥലത്ത് നിന്ന് ശേഖരിച്ച ഡിഎന്‍എ തെളിവുകള്‍ ടെസ്റ്റ് നടത്താന്‍ കഴിയുന്ന അളവിലുള്ളത് ആയിരുന്നില്ല. സാങ്കേതിക വിദ്യ വികസിക്കുമ്പോള്‍ ഡിഎന്‍എ പരിശോധന നടത്താമെന്ന പ്രതീക്ഷയില്‍ ഇവ സൂക്ഷിക്കുകയായിരുന്നു. 

2019ല്‍ വെസ്റ്റ് വിര്‍ജീനിയയിലെ ലാബിലേക്ക് ടെസ്റ്റിന് അയച്ച സാമ്പിളുകള്‍ ജനറോളജി വെബ്‌സൈറ്റുകളില്‍ ശേഖരിച്ചിരുന്ന റൊമൈനിന്റെ ബന്ധുക്കളുടെ ഡിഎന്‍എയുമായി സാമ്യമുണ്ടെന്ന് വ്യക്തമായി. ഈമാസം വെസ്റ്റ് വിര്‍ജീനിയ പൊലീസ് റൊമൈനിന്റെ മൃതദേഹം പുറത്തെടുത്ത് ഡിഎന്‍എ പരിശോധന നടത്തി. ഇത് സംഭവ സ്ഥലത്ത് നിന്ന് ലഭിച്ച ഡിഎന്‍എയുമായി മാച്ചായി. ഇതോടെയാണ് കേസ് തെളിഞ്ഞത്. 

വര്‍ഷങ്ങള്‍ക്ക് ശേഷമാണെങ്കിലും പ്രതിയെ കണ്ടെത്തിയതില്‍ സന്തോഷമുണ്ടെന്ന് ഷാരോണ്‍ പ്രയറിന്റെ സഹോദരിമാരായ ഡൊറീന്‍ പ്രയറും മൊറീന്‍ പ്രയറും പറഞ്ഞു. നിറയെ സ്‌നേഹമുള്ളവളായിരുന്നു തങ്ങളുടെ സഹോദരി. മൃഗ ഡോക്ടര്‍ ആകാനായിരുന്നു അവളുടെ ആഗ്രഹമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com