ചുട്ടുപൊള്ളി ബ്രസീൽ; 'എൽ നിനോ' പ്രതിഭാസം, ചരിത്രത്തിലെ ഏറ്റവും ഉയർന്ന താപനില

44.8 ഡി​ഗ്രി സെൽഷ്യസ് ആണ് കഴിഞ്ഞ ദിവസം ബ്രസീലിൽ രേഖപ്പെടുത്തിയത്
ബ്രസീലിൽ ഏറ്റവും ഉയർന്ന താപനില/ വിഡിയോ സ്ക്രീൻഷോട്ട്
ബ്രസീലിൽ ഏറ്റവും ഉയർന്ന താപനില/ വിഡിയോ സ്ക്രീൻഷോട്ട്

ബ്രസീലിൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തി. 44.8 ഡി​ഗ്രി സെൽഷ്യസ് ആണ് കഴിഞ്ഞ ദിവസം ബ്രസീലിൻറെ തെക്ക്-കിഴക്കൻ സംസ്ഥാനമായ മിനാസ് ഗെറൈസിലെ അറകുവായ് നഗരത്തിൽ രേഖപ്പെടുത്തിയത്. രാജ്യത്തിൻറെ ചില ഭാഗങ്ങളിൽ ഉഷ്ണതരംഗം ശക്തമാണെന്നും റിപ്പോർട്ടുണ്ട്. എൽ നിനോ പ്രതിഭാസവും ആഗോളതാപനവുമാണ് ഈ കാലാവസ്ഥ മാറ്റത്തിന് കാരണം. 

ബ്രസീലിന്റെ വിവിധ ഭാഗങ്ങളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. കഴിഞ്ഞ വെള്ളിയാഴ്ച റിയോ ഡി ജനീറോയിൽ ടെയ്‌ലർ സ്വിഫ്റ്റിന്റെ സം​ഗീത പരിപാടിക്കിടെ ആരാധിക മരിച്ചതിനെ തുടർന്ന് സം​ഗീത പരിപാടി മാറ്റിവെച്ചിരുന്നു. അതികഠിനമായ ചൂടിൽ നിർജ്ജലീകരണം സംഭവിച്ചതാണ് മരണകാരണമെന്നാണ് റിപ്പോർട്ട്. 23 കാരിയായ അന്ന ക്ലാര ബെനവിഡെസ് ആണ് മരിച്ചത്. 

അതേസമയം വരുന്ന ആഴ്ചയിൽ ചൂടിന് അൽപം ശമനമുണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷകർ അറിയിച്ചു. നാഷ്ണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെറ്റീരിയോളജിയുടെ കണക്കനുസരിച്ച് 2005 ലാണ് ബ്രസീലിൽ ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയത്. 44.7 ഡി​ഗ്രി സെൽഷ്യസ് ആയിരുന്നു.

ചൂട് കൂടിയതോടെ വാട്ടർ തീം പാർക്കുകളിലും കടൽത്തീരങ്ങളിലും സന്ദർശകരുടെ എണ്ണം വർധിച്ചു. ചൂട് കൂടിയതിന് പിന്നാലെ രാജ്യത്തെ ഊർജ്ജ ഉപയോഗം റെക്കോർഡ് തലത്തിലേക്ക് ഉയർന്നു.  കഴിഞ്ഞ ജൂലൈ മുതൽ ഒക്ടോബർ വരെ രാജ്യത്തെ ശരാശരി താപനില ഇതുവരെ രേഖപ്പെടുത്തിയതിൽ വെച്ച് കൂടുതലായിരുന്നുവെന്നാണ് ഔദ്യോഗിക റിപ്പോർട്ട്.

ഭൂമി ഇപ്പോൾ എൽ നിനോ കാലാവസ്ഥാ ഘട്ടത്തിലൂടെയാണ് കടന്ന് പോകുന്നതെന്നും ഇത് ആഗോള താപനില ഉയർത്തുമെന്നും പഠനങ്ങൾ പറയുന്നു. ഇതിൻറെ ഭാഗമായി ആർട്ടിക്കിലും അൻറാട്ടിക്കിലും ചൂട് കൂടുകയും ഐസ് ഉരുകാനും താഴ്ന്ന കര പ്രദേശങ്ങളെ വെള്ളത്തിനടിയിലാക്കുമെന്നും പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com