ഇനി യുകെയില്‍ പോയി പഠിക്കുന്നതും ജോലി ചെയ്യുന്നതും ചെലവേറിയതാകും; വിസ ഫീസ് ഉയര്‍ത്തി, വിശദാംശങ്ങള്‍

യുകെയിലേക്കുള്ള വിസ ഫീസ് വര്‍ധിപ്പിച്ചത് ഇന്നുമുതല്‍ പ്രാബല്യത്തില്‍
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: യുകെയിലേക്കുള്ള വിസ ഫീസ് വര്‍ധിപ്പിച്ചത് ഇന്നുമുതല്‍ പ്രാബല്യത്തില്‍. ആറുമാസത്തില്‍ താഴെ കാലാവധിയുള്ള വിസിറ്റിങ് വിസയുടെ ഫീസ് 115 പൗണ്ട് ആയാണ് (11500 രൂപ) വര്‍ധിപ്പിച്ചത്. സ്റ്റുഡന്റ് വിസയ്ക്കുള്ള പുതുക്കിയ ഫീസ് 490 പൗണ്ട് ആണ്. ഏകദേശം 50,000 രൂപ വരും. മുന്‍പത്തെ അപേക്ഷിച്ച് 12,750 രൂപയുടെ വര്‍ധനയാണ് വരുത്തിയത്. ഇന്ത്യയില്‍ നിന്ന് അടക്കം വിദേശ പഠനവും ജോലിയും ലക്ഷ്യമിട്ട് യുകെയിലേക്ക് പോകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഫീസ് തിരിച്ചടിയാവും.

ഒട്ടുമിക്ക കാറ്റഗറിയില്‍പ്പെട്ട വിസകള്‍ക്കും ഫീസ് വര്‍ധിപ്പിച്ചിട്ടുണ്ട്. ആറുമാസത്തിന് പുറമേ രണ്ടുവര്‍ഷം, അഞ്ചുവര്‍ഷം, പത്തുവര്‍ഷം എന്നിങ്ങനെ വിവിധ കാലാവധിയിലുള്ള വിസിറ്റിങ് വിസകള്‍ക്ക് അടക്കമാണ് ഫീസ് ഉയര്‍ത്തിയത്. എന്‍ട്രി ക്ലിയറന്‍സ്, യുകെയില്‍ തുടരുന്നതിന് അപേക്ഷിക്കല്‍ അടക്കമുള്ള കാര്യങ്ങള്‍ക്കാണ് ഫീസ് ഈടാക്കുന്നത്. 

ഫാമിലി, സിറ്റിസണ്‍ഷിപ്പ്, സെറ്റില്‍മെന്റ് വിസകളുടെ ഫീസ് 20 ശതമാനമാണ് വര്‍ധിച്ചത്. വര്‍ക്ക്, വിസിറ്റിങ് വിസകളുടെ ഫീസില്‍ 15 ശതമാനത്തിന്റെ വര്‍ധനയാണ് വരുത്തിയത്. സ്റ്റുഡന്റ് വിസയുടെ ഫീസ് ഉയര്‍ത്തിയെങ്കിലും ഹ്രസ്വകാല കോഴ്‌സുകള്‍ ചെയ്യുന്നവരെ ഇത് ബാധിക്കില്ലെന്നാണ് യുകെ സര്‍ക്കാര്‍ പറയുന്നത്. ഇംഗ്ലീഷ് പഠിക്കാനും മറ്റും 11 മാസത്തില്‍ കവിയാതെയുള്ള കോഴ്‌സുകള്‍ തെരഞ്ഞെടുത്തവരുടെ ഫീസ് ഉയരില്ലെന്നാണ് യുകെ സര്‍ക്കാര്‍ അവകാശപ്പെടുന്നത്.

വിദഗ്ധ തൊഴിലാളികളുടെ വിസ ഫീസ് 719 പൗണ്ട്  (65000 രൂപ) ആയാണ് ഉയര്‍ന്നത്. മൂന്ന് വര്‍ഷമോ അതില്‍ താഴെയോ കാലയളവില്‍ ജോലി ചെയ്യുന്നതിന് സര്‍ട്ടിഫിക്കറ്റ് സ്‌പോണ്‍സര്‍ഷിപ്പ് ലഭിച്ച വിദഗ്ധ തൊഴിലാളികളുടെ വിസ ഫീസ് ആണ് ഈനിലയ്ക്ക് ഉയര്‍ത്തിയത്. ഇത് മൂന്ന് വര്‍ഷത്തിന് മുകളിലാണെങ്കില്‍ ഇമിഗ്രേഷന്‍ ഫീസ് 1420 പൗണ്ട് ആയാണ് വര്‍ധിപ്പിച്ചത്. ഏകദേശം 1,29,000 വരും.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com