'പഴയ പാകിസ്ഥാനെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ മനസ്സ് വേദനിക്കുന്നു'; നാലു വര്‍ഷത്തിന് ശേഷം നവാസ് ഷെരീഫ് സ്വന്തം മണ്ണില്‍

നാലു വര്‍ഷത്തെ ലണ്ടന്‍ വാസത്തിന് ശേഷം പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ് നാട്ടില്‍ തിരിച്ചെത്തി
നവാസ് ഷെരീഫ്/എഎഫ്പി
നവാസ് ഷെരീഫ്/എഎഫ്പി

നാലു വര്‍ഷത്തെ ലണ്ടന്‍ വാസത്തിന് ശേഷം പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ് നാട്ടില്‍ തിരിച്ചെത്തി. ബന്ധുക്കള്‍ക്കും മുതിര്‍ന്ന പാര്‍ട്ടി നേതാക്കള്‍ക്കും ഒപ്പം ചാര്‍ട്ടേര്‍ഡ് വിമാനത്തിലാണ് ദുബൈയില്‍ നിന്ന് നവാസ് ഷെരീഫ് പാകിസ്ഥാനില്‍ തിരിച്ചെത്തിയത്. 

പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ നയിക്കാനാണ് നവാസ് ഷെരീഫ് തിരിച്ചെത്തിയിരിക്കുന്നത്. പ്രാദേശിക സമയം ഉച്ചയ്ക്ക് 1.30 ഇസ്ലാമാബാദ് വിമാനത്താവളത്തിലെത്തിയ നവാസ്, ലാഹോറിലേക്ക് പോയി. ഇന്ന് വൈകുന്നേരെ നടക്കുന്ന പാകിസ്ഥാന്‍ മുസ്ലിം ലീഗ്- നവാസ് പാര്‍ട്ടിയുടെ പൊതുയോഗത്തില്‍ സംസാരിക്കും. 

ഈമാസം 24 വരെ അറസ്റ്റ് തടഞ്ഞുകൊണ്ടുള്ള ഹൈക്കോടതി ഉത്തരവിന് പിന്നാലെയാണ് നവാസ് പാകിസ്ഥാനിലെത്തിയത്. യാത്രാമധ്യേ രണ്ടുദിവസം മുന്‍പ് ദുബൈയില്‍ എത്തിയ അദ്ദേഹം., വിവിധ സംഘടന നേതാക്കളുമായി ചര്‍ച്ച നടത്തിയിരുന്നു. 

മൂന്നു തവണ പ്രധാനമന്ത്രിയായിരുന്ന നവാസ് ഷരീഫ് (73) അഴിമതിക്കേസില്‍ 7 വര്‍ഷം തടവിന് ശിക്ഷിക്കപ്പെട്ട് ലാഹോര്‍ ജയിലില്‍ കഴിയവേയാണു ചികിത്സാര്‍ഥം 2019 നവംബറില്‍ ലണ്ടനിലേക്ക് പോയത്. അദ്ദേഹത്തെ സ്വീകരിക്കാന്‍ എയര്‍പോര്‍ട്ടില്‍ വരേണ്ടതില്ലെന്ന് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് നേതൃത്വം നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍, നിരവധിപേരാണ് വിമാനത്താവളത്തില്‍ തടിച്ചുകൂടിയത്. 

പാകിസ്ഥാനില്‍ അരാജകം കൊടികുത്തി വാഴുകയാണെന്നും പണമില്ലാത്ത രാജ്യത്തെ പ്രതിസന്ധിയില്‍ നിന്ന് കരകയറ്റാന്‍ തന്റെ പാര്‍ട്ടി പ്രാപ്തമാണെന്നും അദ്ദേഹം പറഞ്ഞു. പാകിസ്ഥാന്‍ വിട്ടുപോകുമ്പോള്‍, സന്തോഷമില്ലായിരുന്നു. പക്ഷേ ഇപ്പോള്‍ സന്തോഷവാനാണ്. 2017നെ അപേക്ഷിച്ച് രാജ്യത്തിന്റെ സ്ഥിതി മെച്ചമായിരുന്നു എങ്കില്‍ നല്ലതായിരുന്നു. രാജ്യത്തെ സ്ഥിതിഗതികള്‍ കാണുമ്പോള്‍ ആശങ്കയും നിരാശയും തോന്നുന്നു. 

ആരും തങ്ങളെ പിടിച്ചെഴുന്നേല്‍പ്പിക്കാനില്ല. നമ്മള്‍ തന്നെ ഉയര്‍ന്നുവരണം. പഴയ പാകിസ്ഥാനെ കുറിച്ച് ഓര്‍ക്കുമ്പോള്‍ മനസ്സ് വേദനിക്കുന്നു. നമ്മള്‍ ഐഎംഫിനോട് ഗുഡ്‌ബൈ പറഞ്ഞിരുന്നു. വൈദ്യുതിനിരക്ക് കുറവായിരുന്നു. രൂപയുടെ മൂല്യം സ്ഥിരതയുള്ളതായിരുന്നു. തൊഴിലുണ്ടായിരുന്നു. ഒരു റൊട്ടിയുടെ വില നാലു രൂപയായിരുന്നു. പാവപ്പെട്ട കുടുംബങ്ങളിലെ കുട്ടികള്‍ സ്‌കൂളുകളില്‍ പോയിരുന്നു. കുറഞ്ഞ നിരക്കില്‍ മരുന്നുകള്‍ ലഭിക്കുമായിരുന്നു. എന്നാല്‍ ഇന്നത്തെ പാകിസ്ഥാന്‍ സമ്പൂര്‍ണമായി തകര്‍ന്നിരിക്കുകയാണ്- അദ്ദേഹം പറഞ്ഞു.

  സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com