'സ്റ്റാലിന്‍ നാടുകടത്തിയ വംശത്തിന്റെ പ്രതിനിധി'; യുക്രൈനില്‍ പുതിയ പ്രതിരോധ മന്ത്രി

റഷ്യയുമായുള്ള യുദ്ധം തുടരുമ്പോള്‍, പ്രതിരോധ മന്ത്രിയെ മാറ്റാന്‍ യുക്രൈന്‍
റസ്‌റ്റെം ഉമറോവ്
റസ്‌റ്റെം ഉമറോവ്

ഷ്യയുമായുള്ള യുദ്ധം തുടരുമ്പോള്‍, പ്രതിരോധ മന്ത്രിയെ മാറ്റാന്‍ യുക്രൈന്‍. നിലവിലെ പ്രതിരോധ മന്ത്രി ഒലേക്‌സി റെസ്‌നികോവിനെ ഈയാഴ്ച മാറ്റുമെന്ന് യുക്രൈന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ സെലന്‍സ്‌കി പ്രഖ്യാപിച്ചു. റസ്‌റ്റെം ഉമറോവിനെയാണ് പകരം നിയമിക്കുന്നത്. 

മാറ്റങ്ങള്‍ അനിവാര്യമായതുകൊണ്ടാണ് ഈ സാഹര്യത്തില്‍ പ്രതിരോധ മന്ത്രിയെ മാറ്റുന്നത് എന്നാണ് സെലന്‍സ്‌കിയുടെ വിശദീകരണം. സൈന്യവുമായും ജനങ്ങളുമായും സര്‍ക്കാരിന് വ്യത്യസ്ത ആശയവിനിമയങ്ങള്‍ ആവശ്യമാണ്. ഉമറോവിന് അധിക ആമുഖങ്ങളുടെ ആവശ്യമില്ല. യുക്രൈന്‍ പാര്‍ലമെന്റിന് അദ്ദേഹത്തെ നല്ലതുപോലെ അറിയാവുന്നതാണ്.- സെലന്‍സ്‌കി കൂട്ടിച്ചേര്‍ത്തു. 

ഓഗസ്റ്റില്‍ പ്രതിരോധ മന്ത്രാലയത്തിന് എതിരെ ഗുരുതരമായ അഴിമതി ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. യുദ്ധ മുഖത്ത് പോരാടുന്ന സൈനികരുടെ ജാക്കറ്റുകള്‍ വാങ്ങിയതില്‍ വന്‍ അഴിമതി നടന്നു എന്നാണ് വിമര്‍ശനം ഉയര്‍ന്നത്. ആരോപണം റെന്‍സികോവ് നിഷേധിച്ചെങ്കിലും അദ്ദേഹത്തെ മാറ്റാനുള്ള ആവശ്യം ഭരണകക്ഷിയിലും ശക്തമായിരുന്നു. പ്രതിരോധ മന്ത്രിയെ മാറ്റാനുള്ള യുക്രൈന്റെ തീരുമാനം തങ്ങള്‍ അറിഞ്ഞു എന്നാണ് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ഈ വിഷയത്തില്‍ പ്രതികരിച്ചത്. 

ആരാണ് റസ്‌റ്റെം ഉമറോവ്? 

41കാരനായ ഉമറോവ്, പ്രതിപക്ഷമായ ഹോളോസ് പാര്‍ട്ടിയിലെ അംഗമാണ്. റഷ്യയുമായുള്ള ചര്‍ച്ചകളില്‍ സ്ഥിരമായി പങ്കെടുത്തിട്ടുള്ള അദ്ദേഹം, യുദ്ധ മേഖലകളില്‍ നിന്ന് ജനങ്ങളെ ഒഴിപ്പിക്കുന്നത് അടക്കമുള്ള പ്രവര്‍ത്തനങ്ങളില്‍ സജീവമായി ഇടപെട്ടയാള്‍ കൂടിയാണ്. 

ക്രിമിയന്‍ ടാറ്റര്‍ വിഭാഗത്തില്‍പ്പെട്ട പ്രബല നേതാവാണ് ഉമറോവ്. സോവിയറ്റ് ഉസ്ബക്കിസ്ഥാനില്‍ നിന്ന്  ജോസഫ് സ്റ്റാലിന്റെ ഭരണകാലത്ത് കുടിയിറക്കപ്പെട്ട 2,00,000 ക്രിമിയന്‍ ടാറ്റര്‍ കുടുബങ്ങളില്‍ ഒന്നില്‍ 1982ലാണ് ഉമറോവിന്റെ ജനനം. രണ്ടാം ലോകമഹായുദ്ധത്തില്‍ നാസികള്‍ക്ക് എതിരെ പോരാടിയ ടാറ്ററുകളെ തിരികെ നാട്ടിലേക്ക് വരാന്‍ സ്റ്റാലിന്‍ അനുവദിച്ചതിനെ തുടര്‍ന്നാണ് ഉമറോവും കുടുംബവും ക്രിമിയയിലേക്ക്  വന്നത്. 'ക്രിമിയന്‍ ടാറ്ററുകളെ നാടുകടത്തിയത് സോവിയറ്റ് യൂണിയന്റെ ഏറ്റവും വലിയ ക്രൂരതയായിരുന്നു' എന്ന് ഉമറോവ് പിന്നീട് ഈ സംഭവം ഓര്‍ത്തെടുത്തിട്ടുണ്ട്. 

യുക്രൈനിലെ വന്‍കിട വ്യവസായിമാരില്‍ ഒരാളായി വളര്‍ന്ന ഉമറോവ്, ചാരിറ്റി പ്രവര്‍ത്തനങ്ങളിലൂടെയാണ് ജനകീയനായത്. 2019ല്‍ യുക്രൈന്‍ പാര്‍ലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. സോവിയറ്റ് യൂണിയന്റെയും റഷ്യയുടേയും പുടിന്റെയും സ്ഥിരം വിമര്‍ശകന്‍ കൂടിയാണ് ഉമറോവ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com