വിശ്വസുന്ദരി മത്സരത്തിന് സൗദി അറേബ്യയും?, പ്രതീക്ഷയില്‍ റൂമി ഖഹ്താനി; ചര്‍ച്ച നടക്കുകയാണെന്ന് സംഘാടകര്‍

സെപ്റ്റംബറില്‍ മെക്സിക്കോയില്‍വെച്ചാണ് ഈ വര്‍ഷത്തെ വിശ്വസുന്ദരി മത്സരം
റൂമി അല്‍ ഖഹ്താനി
റൂമി അല്‍ ഖഹ്താനി എക്‌സ്

റിയാദ്: ഈ വര്‍ഷം നടക്കുന്ന വിശ്വ സുന്ദരി മത്സരത്തില്‍ സൗദി അറേബ്യയില്‍നിന്ന് മത്സരാര്‍ഥി ഉണ്ടാവുമെന്ന് റിപ്പോര്‍ട്ട്. സൗദി അറേബ്യയുടെ മത്സരാര്‍ഥിയെ തെരഞ്ഞെടുക്കുന്നതിനുള്ള നടപടികള്‍ മിസ് യൂണിവേഴ്സ് ഓര്‍ഗനൈസേഷന്റെ നേതൃത്വത്തില്‍ നടന്നുകൊണ്ടിരിക്കുകയാണെന്ന് സംഘടനയുടെ ഇന്റര്‍നാഷണല്‍ റിലേഷന്‍സ് കോര്‍ഡിനേറ്റര്‍ മരിയ ജോസ് ഉന്‍ഡ വാര്‍ത്താ ഏജന്‍സിയായ എഎഫ്പിയോട് പറഞ്ഞു.

സൗദി അറേബ്യയിലെ മിസ് യൂണിവേഴ്‌സ് മത്സരാര്‍ഥിയെ തെരഞ്ഞെടുക്കുന്നതിനു ചര്‍ച്ചകള്‍ തുടരുകയാണ്. ഇതില്‍ വളരെ വേഗത്തില്‍ തീരുമാനമെടുക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. സെപ്റ്റംബറില്‍ മെക്സിക്കോയില്‍വെച്ചാണ് ഈ വര്‍ഷത്തെ വിശ്വസുന്ദരി മത്സരം നടക്കുന്നത്.

റൂമി അല്‍ ഖഹ്താനി
കുഞ്ഞ് സബ്രീന്‍ മടങ്ങി, അമ്മയുടെ അടുത്തേയ്ക്ക്; ജീവിതത്തോട് പോരാടിയത് നാലുനാള്‍

ഈ വര്‍ഷം നടക്കുന്ന വിശ്വസുന്ദരി മത്സരത്തില്‍ സൗദി അറേബ്യയെ പ്രതിനിധീകരിച്ച് താന്‍ മത്സരിക്കുമെന്ന് അവകാശപ്പെട്ട് പ്രശസ്ത സൗദി മോഡലും ഇന്‍ഫ്‌ളൂവന്‍സറുമായ റൂമി അല്‍ ഖഹ്താനി മാര്‍ച്ചില്‍ രംഗത്തെത്തിയിരുന്നു. ഇന്‍സ്റ്റഗ്രാമിലൂടെയാണ് റൂമി ഇക്കാര്യം തന്റെ ഫോളോവേഴ്സിനെ അറിയിച്ചത്. റിയാദില്‍ ജനിച്ച 27 വയസ്സുകാരിയായ ഇവര്‍ സൗദി പതാകയേന്തി നില്‍ക്കുന്ന ചിത്രത്തിനൊപ്പമാണ് ഇക്കാര്യം അറിയിച്ചത്. ഈ വാര്‍ത്ത പുറത്തുവന്ന് ഒരാഴ്ചയ്ക്കുള്ളില്‍ ഖഹ്താനിയുടെ അവകാശവാദം വ്യാജമാണെന്ന് കാട്ടി സൗദി അറേബ്യ രംഗത്ത് വന്നിരുന്നു. വാര്‍ത്ത വ്യാജമാണെന്ന് വ്യക്തമാക്കി വാര്‍ത്താ കുറിപ്പും പുറത്തിറക്കിയിരുന്നു.

മെക്സിക്കോയിലേക്ക് രാജ്യത്തെ പ്രതിനിധീകരിച്ച് ഒരാളെ തെരഞ്ഞെടുക്കുന്നതിന് മിസ് യൂണിവേഴ്സ് സൗദി അറേബ്യ മത്സരം നടത്തേണ്ടതുണ്ട്. ഇതിനായി ഒരു ദേശീയ ഡയറക്ടറെ നിയമിക്കേണ്ടതുണ്ടെന്ന് മരിയ ജോസ് ഉന്‍ഡ പറഞ്ഞു.

ഖഹ്താനി തന്റെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചത് തള്ളിക്കളയുന്നു. സൗദി അറേബ്യ മത്സരത്തില്‍ പങ്കെടുക്കാന്‍ അവര്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ മറ്റെല്ലാ മത്സരാര്‍ത്ഥികളെയും പോലെ അതേ തെരഞ്ഞെടുപ്പ് പ്രക്രിയയിലൂടെ അവരും കടന്നുപോകേണ്ടി വരുമെന്നും അവര്‍ പറഞ്ഞു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

എന്നാല്‍ മത്സരത്തില്‍ പങ്കെടുക്കുന്നത് സംബന്ധിച്ച് ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുകയാണെന്ന് റിയാദിലെ വീട്ടില്‍വെച്ച് റൂമി ഖഹ്താനി മാധ്യമങ്ങളോട് പ്രതികരിച്ചു. മത്സരത്തില്‍ പങ്കെടുക്കുന്നത് സംബന്ധിച്ച് ഇപ്പോഴും ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുകയാണെന്നും സന്തോഷകരമായി അത് അവസാനിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അവര്‍ പറഞ്ഞു.

ഇത്തവണത്തെ വിശ്വസുന്ദരി മത്സരത്തില്‍ പങ്കെടുക്കുകയാണെങ്കില്‍ തീവ്ര യാഥാസ്ഥിതിക പ്രതിച്ഛായ മയപ്പെടുത്താനുള്ള സൗദിയുടെ ശ്രമത്തിന്റെ മറ്റൊരു ചുവടുവയ്പ്പായി അത് മാറും. വിനോദസഞ്ചാരികളെയും നിക്ഷേപകരെയും ആകര്‍ഷിക്കാനുള്ള ഭരണാധികാരി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാന്റെ ശ്രമത്തിന്റെ ഭാഗമായാണ് ഈ മാറ്റങ്ങളെന്ന് കരുതപ്പെടുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com