നരേന്ദ്ര മോദി പുരസ്‌കാരം ഏറ്റുവാങ്ങുന്നു
നരേന്ദ്ര മോദി പുരസ്‌കാരം ഏറ്റുവാങ്ങുന്നു എക്‌സ്‌

മോദി മൂത്ത സഹോദരനെപ്പോലെ; ഭൂട്ടാന്റെ പരമോന്നത സിവിലിയന്‍ ബഹുമതി പ്രധാനമന്ത്രിക്ക്

ഭൂട്ടാന്‍ രാജാവ് ജിഗ്മേ ഖേസര്‍ നാംഗ്യേല്‍ വാങ്ചുക്കില്‍ നിന്ന് മോദി ബഹുമതി ഏറ്റുവാങ്ങി

തിംഫു: രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി ഭൂട്ടാനിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഭൂട്ടാനിലെ പരമോന്നത സിവിലിയന്‍ ബഹുമതിയായ ഓര്‍ഡര്‍ ഓഫ് ദി ഡ്രക് ഗ്യാല്‍പോ സമ്മാനിച്ചു. ഭൂട്ടാന്‍ രാജാവ് ജിഗ്മേ ഖേസര്‍ നാംഗ്യേല്‍ വാങ്ചുക്കില്‍ നിന്ന് മോദി ബഹുമതി ഏറ്റുവാങ്ങി. ഇന്ത്യ ഭൂട്ടാന്‍ ബന്ധത്തിന്റെ വളര്‍ച്ചയ്ക്കുവഹിച്ച പങ്കും ഭൂട്ടാന്‍ രാഷ്ട്രത്തിനും ജനങ്ങള്‍ക്കും നല്‍കിയ മികച്ച സംഭാവനകളും പരിഗണിച്ചാണ് ബഹുമതി.

ഭൂട്ടാനിലെ പാരോ എയര്‍പോര്‍ട്ടില്‍ ഭൂട്ടാന്‍ പ്രധാനമന്ത്രി ഷെറിംഗ് ടോബ്‌ഗേ നരേന്ദ്രമോദിയ്ക്ക് വന്‍ സ്വീകരണമാണ് നല്‍കിയത്. തന്റെ മൂത്ത സഹോദരനെപ്പോലെയാണ് മോദിയെന്ന് ഭൂട്ടാന്‍ പ്രധാനമന്ത്രി പിന്നീട് എക്‌സില്‍ കുറിച്ചു. എന്റെ മൂത്ത സഹോദരനായ പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് ഭൂട്ടാനിലേക്ക് സ്വാഗതം' എന്നാണ് ടോബ്‌ഗേ എക്‌സില്‍ കുറിച്ചത്. ഇന്ത്യ-ഭൂട്ടാന്‍ ബന്ധം ഊട്ടിയുറപ്പിക്കുന്നതിന്റെ ഭാഗമായാണ് പ്രധാനമന്ത്രിയുടെ സന്ദര്‍ശനം.

ഭൂട്ടാന്‍ സന്ദര്‍ശനത്തെപ്പറ്റി പ്രധാനമന്ത്രി നരേന്ദ്രമോദിയും പ്രതികരിച്ചിരുന്നു. എക്‌സിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഭൂട്ടാന്‍ സന്ദര്‍ശിക്കാനൊരുങ്ങുകയാണ്. ഇന്ത്യഭൂട്ടാന്‍ ബന്ധം ഊട്ടിയുറപ്പിക്കുന്നതിന്റെ ഭാഗമായി നിരവധി പരിപാടികളില്‍ പങ്കെടുക്കും. ഭൂട്ടാന്‍ രാജാവുമായി കൂടിക്കാഴ്ച നടത്തും. കൂടാതെ ഭൂട്ടാന്‍ പ്രധാനമന്ത്രി ഷെറിംഗ് ടോബ്‌ഗേയുമായും കൂടിക്കാഴ്ച നടത്തുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി എക്‌സില്‍ കുറിച്ചിരുന്നു.

കഴിഞ്ഞ ദിവസങ്ങളില്‍ ഭൂട്ടാന്‍ പ്രധാനമന്ത്രി ഷെറിംഗ് ടോബ്‌ഗേ ഇന്ത്യ സന്ദര്‍ശിച്ചിരുന്നു. അദ്ദേഹം ഇന്ത്യയിലെത്തി തിരിച്ചുപോയി ദിവസങ്ങള്‍ക്ക് ശേഷമാണ് ഭൂട്ടാന്‍ സന്ദര്‍ശിക്കാന്‍ പ്രധാനമന്ത്രി തീരുമാനിച്ചത്. ഊര്‍ജസംരക്ഷണം, ഭക്ഷ്യസുരക്ഷ എന്നീ വിഷയങ്ങളുമായി ബന്ധപ്പെട്ട് ഇരു രാജ്യങ്ങളും ധാരണപത്രത്തില്‍ ഒപ്പുവെയ്ക്കുമെന്നാണ് വിവരം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com