ശ്രീലങ്ക ഇന്ന് ബംഗ്ലാദേശിനെതിരെ, മഴ വില്ലനായില്ലെങ്കില്‍ ബാറ്റ്‌സ്മാന്മാര്‍ക്ക് കളി പിടിക്കാം

പാകിസ്ഥാനെതിരെ ശ്രീലങ്ക വന്ന മത്സരമാണ് മഴ ഇവിടെ പിന്‍വാങ്ങാതിരുന്നതോടെ ഉപേക്ഷിക്കേണ്ടി വന്നത്
ശ്രീലങ്ക ഇന്ന് ബംഗ്ലാദേശിനെതിരെ, മഴ വില്ലനായില്ലെങ്കില്‍ ബാറ്റ്‌സ്മാന്മാര്‍ക്ക് കളി പിടിക്കാം

സൗത്ത് ആഫ്രിക്കയെ തോല്‍പ്പിച്ചെങ്കിലും പിന്നാലെ നേരിട്ട തുടര്‍ തോല്‍വികളില്‍ നിന്നും വിജയ വഴിയിലേക്ക് തിരികെ എത്താന്‍ ലക്ഷ്യമിട്ട് ബംഗ്ലാദേശ് ഇന്ന് ശ്രീലങ്കയെ നേരിടും. ബംഗ്ലാദേശിന് തന്നെയാണ് ഇന്ന് മുന്‍തൂക്കം കല്‍പ്പിക്കപ്പെടുന്നത്. എന്നാല്‍, ബ്രിസ്റ്റോളില്‍ ഈ ലോകകപ്പില്‍ രണ്ട് മത്സരങ്ങള്‍ നടന്നപ്പോള്‍ അതിലൊന്ന് മഴയെ തുടര്‍ന്ന് പൂര്‍ണമായും ഉപേക്ഷിക്കേണ്ടി വന്നിരുന്നു. 

പാകിസ്ഥാനെതിരെ ശ്രീലങ്ക വന്ന മത്സരമാണ് മഴ ഇവിടെ പിന്‍വാങ്ങാതിരുന്നതോടെ ഉപേക്ഷിക്കേണ്ടി വന്നത്. ബംഗ്ലാദേശിനെതിരെ ശ്രീലങ്ക ഇറങ്ങുമ്പോഴും മഴയുടെ ഭീഷണി നിലനില്‍ക്കുന്നുണ്ട്. ചെയ്‌സ് ചെയ്യുന്ന ടീമിന് മുന്‍തൂക്കം നല്‍കുന്നതാണ് ബ്രിസ്‌റ്റോളിനെ പിച്ച്. 17 മത്സരങ്ങള്‍ക്ക് ബ്രിസ്‌റ്റോള്‍ വേദിയായപ്പോള്‍ 10 തവണയും ജയം പിടിച്ചത് രണ്ടാമത് ബാറ്റ് ചെയ്ത ടീമാണ്. 

കളിയുടെ തുടക്കത്തില്‍ പിച്ചില്‍ നിന്ന് പേസര്‍മാര്‍ക്ക് ആനുകൂല്യം ലഭിക്കുമെങ്കിലും ലങ്കന്‍, ബംഗ്ലാദേശ് ബാറ്റ്‌സ്മാന്മാര്‍ക്ക് കളിയുടെ ഗതി തിരിക്കാന്‍ കഴിയുന്ന സാഹചര്യമാണ് ബ്രിസ്റ്റോളിലേത്. ഓപ്പണര്‍മാര്‍ക്ക് മികച്ച തുടക്കം നിലനിര്‍ത്താന്‍ സാധിക്കാത്തതാണ് ബംഗ്ലാദേശിനെ കുഴയ്ക്കുന്നത്. വിക്കറ്റ് കീപ്പര്‍ മുസ്താഫിസുര്‍ റഹിമിന്റെ ഫോം അവര്‍ക്ക് ആശ്വസിക്കാന്‍ വക നല്‍കുന്നുണ്ട്. മൂന്ന് മത്സരങ്ങളില്‍ നിന്ന് ഒരു സെഞ്ചുറിയും, രണ്ട് അര്‍ധ സെഞ്ചുറിയുമായി മികച്ച കളി പുറത്തെടുക്കുന്ന ഷക്കീബിലേക്ക് തന്നെയാണ് ആരാധകരുടെ ശ്രദ്ധ. 

ബൗളിങ്ങാണ് ബംഗ്ലാദേശിന് തലവേദന തീര്‍ക്കുന്നത്. കഴിഞ്ഞ കളിയില്‍ ഇംഗ്ലണ്ടിനെതിരെ ഒരു ഘട്ടത്തിലും മുന്‍തൂക്കം നേടാന്‍ അവര്‍ക്കായില്ല. ന്യൂസിലാന്‍ഡിനെതിരെ പത്ത് വിക്കറ്റിന്റെ തോല്‍വി നേരിട്ടതിന്റെ ആഘാതത്തില്‍ നിന്നും പതിയെ തിരിച്ചു വരികയാണ് ശ്രീലങ്ക. ബംഗ്ലാദേശിനെതിരെ ജയം പിടിച്ച് ആത്മവിശ്വാസം കൂട്ടുകയാവും അവരുടെ ലക്ഷ്യം. അഫ്ഗാനിസ്ഥാനെതിരെ ജയം നേടിയെങ്കിലും, പാകിസ്ഥാനെതിരെ മഴ കളി തടസപ്പെടുത്തിയതിനെ തുടര്‍ന്ന് പോയിന്റ് പങ്കിടേണ്ടി വന്നത് ലങ്കയ്ക്ക് തിരിച്ചടിയായി. പേസര്‍ നുവാന്‍ പ്രദീപ് ഇന്ന് ലങ്കയ്ക്ക് വേണ്ടി കളിക്കില്ല. ഇതോടെ മലിംഗയ്ക്ക് മേലുള്ള ഭാരം വര്‍ധിക്കും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com