ബംഗ്ലാദേശ് ജയിക്കുക ഒരു മത്സരം മാത്രം, പ്രവചനം നടത്തിയ മക്കല്ലത്തെ ട്രോളിക്കൊന്ന് ആരാധകര്‍

ഇനിയുള്ള ഒന്‍പത് കളികള്‍ ബംഗ്ലാദേശ് തോല്‍ക്കുമെന്ന് പറഞ്ഞാല്‍ വിശ്വസിക്കാന്‍ ബുദ്ധിമുട്ടാണെന്നാണ് മക്കല്ലത്തോട് ആരാധകര്‍ പറയുന്നത്
ബംഗ്ലാദേശ് ജയിക്കുക ഒരു മത്സരം മാത്രം, പ്രവചനം നടത്തിയ മക്കല്ലത്തെ ട്രോളിക്കൊന്ന് ആരാധകര്‍

ലോകകപ്പ് ലീഗ് ഘട്ടത്തില്‍ പത്ത് ടീമും എത്രയെത്ര മത്സരങ്ങള്‍ ജയിക്കുമെന്ന പ്രവചനവുമായിട്ടാണ് ബ്രണ്ടന്‍ മക്കല്ലം കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിലെത്തിയത്. എന്നാലാ പ്രവചനത്തിലെ പാകപിഴകള്‍ ആരാധകര്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇപ്പോഴിതാ ബംഗ്ലാദേശിന്റെ ജയം കൂടി വന്നതോടെ കീവീസ് മുന്‍ താരത്തെ ട്രോളി കൊല്ലുകയാണ് ആരാധകര്‍. 

ബംഗ്ലാദേശ് ഈ ലോകകപ്പില്‍ ഒരു ജയം മാത്രമാവും നേടുക എന്നാണ് മക്കല്ലം തന്റെ പ്രവചനത്തില്‍ പറഞ്ഞിരുന്നത്. എന്നാല്‍ സൗത്ത് ആഫ്രിക്കയ്‌ക്കെതിരെ ആധികാരിക ജയം നേടി ബംഗ്ലാദേശ് തങ്ങളുടെ ശക്തി തെളിയിച്ചു. ഇനിയുള്ള ഒന്‍പത് കളികള്‍ ബംഗ്ലാദേശ് തോല്‍ക്കുമെന്ന് പറഞ്ഞാല്‍ വിശ്വസിക്കാന്‍ ബുദ്ധിമുട്ടാണെന്നാണ് മക്കല്ലത്തോട് ആരാധകര്‍ പറയുന്നത്. 

ആരാധകരുടെ ട്രോള്‍ മഴ വന്നതോടെ പ്രതികരണവുമായി മക്കലത്തിന് വരേണ്ടി വന്നു. ഞാന്‍ സൗത്ത് ആഫ്രിക്ക ജയിക്കുമെന്നാണ് പ്രതീക്ഷിച്ചത്. എന്നാല്‍ ബംഗ്ലാദേശ് നന്നായി കളിച്ചു. പ്രവചനം തെറ്റിയതില്‍ വരുന്ന ഈ പ്രതികരണങ്ങള്‍ക്ക് ഞാന്‍ നന്ദി പറയുന്നു. തന്റെ പ്രവചനങ്ങളില്‍ മുഴുവന്‍ ശരിയായില്ലെങ്കിലും, പകുതിയെങ്കിലും ശരിയാവുമെന്ന് പറഞ്ഞ് തടിയൂരുകയാണ് മക്കല്ലം ഇപ്പോള്‍. 

ശ്രീലങ്കയ്‌ക്കെതിരെ മാത്രമാവും ബംഗ്ലാദേശ് ഈ ലോകകപ്പില്‍ ജയം നേടുക എന്നാണ് മക്കല്ലം പറഞ്ഞിരുന്നത്. മക്കല്ലത്തിന്റെ പ്രവചനത്തിലെ മറ്റൊരു പിഴവ് കൂടി ആരാധകര്‍ കണ്ടെത്തിയിരുന്നു. വിന്‍ഡിസ് അഞ്ച് മത്സരങ്ങള്‍ ജയിക്കുമെന്നാണ് മക്കല്ലം എഴുതിയത്. അതിലൊന്ന് ശ്രീലങ്കയ്‌ക്കെതിരെയാണ്. എന്നാല്‍ ശ്രീലങ്ക ജയിക്കുന്ന ഒരേയൊരു മത്സരം വിന്‍ഡിസിന് എതിരെയാണെന്നുമാണ് മക്കല്ലം തന്റെ പ്രവചന കുറിപ്പില്‍ എഴുതിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com