ടീമിന്റെ മത്സരം വൈകിയത് നോക്കാന്‍ പോലും ആഭ്യന്തര കലഹം കാരണം ബിസിസിഐയ്ക്ക് സാധിക്കുന്നില്ല; ഇന്ത്യ തോറ്റാല്‍ മറുപടി പറയേണ്ടി വരുമെന്ന് ഗാവസ്‌കര്‍

ബിസിസിഐയിലെ ആഭ്യന്തര പ്രശ്‌നങ്ങള്‍ കാരണം ലോകകപ്പിലെ ടീമിന്റെ ഷെഡ്യൂള്‍ നോക്കാന്‍ തന്നെ അവര്‍ക്ക് സമയം ലഭിച്ചിട്ടുണ്ടാവില്ല എന്നാണ് ഗാവസ്‌കര്‍ വിമര്‍ശിക്കുന്നത്
ടീമിന്റെ മത്സരം വൈകിയത് നോക്കാന്‍ പോലും ആഭ്യന്തര കലഹം കാരണം ബിസിസിഐയ്ക്ക് സാധിക്കുന്നില്ല; ഇന്ത്യ തോറ്റാല്‍ മറുപടി പറയേണ്ടി വരുമെന്ന് ഗാവസ്‌കര്‍

ലോകകപ്പില്‍ ഇന്ത്യയുടെ ആദ്യ മത്സരം വൈകിയതിനെ ചൊല്ലി നിരവധി ചോദ്യങ്ങള്‍ ഉയര്‍ന്നു കഴിഞ്ഞു. ലോകകപ്പിലെ ഇന്ത്യ ഒഴികെയുള്ള ഭൂരിഭാഗം ടീമുകളും രണ്ട് മത്സരം കളിച്ച് കഴിഞ്ഞ് നില്‍ക്കുമ്പോഴാണ് ഇന്ത്യ ആദ്യ മത്സരത്തിന് ഇറങ്ങുന്നത്. ഇന്ത്യയുടെ ആദ്യ എതിരാളികളായ സൗത്ത് ആഫ്രിക്കയാവട്ടെ ഇന്ന് ഇറങ്ങുന്നത് തങ്ങളുടെ മൂന്നാമത്തെ മത്സരം കളിക്കാനും. ഇന്ത്യയുടെ മത്സരങ്ങള്‍ വൈകിയതിനുള്ള കാരണം ബിസിസിഐയോട് ആരായുകയാണ് ഇന്ത്യന്‍ മുന്‍ നായകന്‍ സുനില്‍ ഗാവസ്‌കര്‍. 

ബിസിസിഐയിലെ ആഭ്യന്തര പ്രശ്‌നങ്ങള്‍ കാരണം ലോകകപ്പിലെ ടീമിന്റെ ഷെഡ്യൂള്‍ നോക്കാന്‍ തന്നെ അവര്‍ക്ക് സമയം ലഭിച്ചിട്ടുണ്ടാവില്ല എന്നാണ് ഗാവസ്‌കര്‍ വിമര്‍ശിക്കുന്നത്. അങ്ങനെയല്ലെങ്കില്‍ അവരത് ശ്രദ്ധിക്കുമായിരുന്നു. മറ്റെല്ലാ ടീമുകളും രണ്ട് മത്സരമെങ്കിലും പിന്നിട്ട് നില്‍ക്കുമ്പോഴാണ് ടൂര്‍ണമെന്റിലെ മുന്‍ നിര ടീമുകളില്‍ ഒന്ന് തങ്ങളുടെ ആദ്യ മത്സരം കളിക്കാനിറങ്ങുന്നത് എന്നും ചൂണ്ടിക്കാട്ടി ഗാവസ്‌കര്‍ വിമര്‍ശനം ഉന്നയിക്കുന്നു. 

ഇന്ത്യയുടെ മത്സരങ്ങള്‍ ഷെഡ്യൂള്‍ ചെയ്തിരിക്കുന്നതിലുള്ള മറ്റൊരു പ്രശ്‌നം കൂടി ഗാവസ്‌കര്‍ ചൂണ്ടിക്കാണിക്കുന്നു. ഇംഗ്ലണ്ടിനെ നേരിട്ട് കഴിഞ്ഞ് ഒരു ദിവസത്തിന്റെ മാത്രം ഇടവേളയിലാണ് ഇന്ത്യ ബംഗ്ലാദേശിനെ നേരിടാന്‍ ഇറങ്ങുന്നത്. അത് ഇന്ത്യയ്ക്ക് പ്രശ്‌നം തീര്‍ക്കുമെന്നും ഗാവസ്‌കര്‍ പറയുന്നു. ഇന്ത്യ ലോകകപ്പില്‍ നന്നായി കളിച്ചാല്‍ ഷെഡ്യൂളിലെ ഈ പ്രശ്‌നങ്ങളൊന്നും ചോദ്യം ചെയ്യപ്പെടില്ല. എന്നാല്‍ തോല്‍വികളാണ് ഇന്ത്യയെ കാത്തിരിക്കുന്നത് എങ്കില്‍ ഉത്തരം നല്‍കേണ്ടി വരുമെന്നും ഗാവസ്‌കര്‍ മുന്നറിയിപ്പ് നല്‍കുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com