തൊലിവെളുപ്പാണ് സൗന്ദര്യമെന്ന് കരുതിയെങ്കില്‍ നിങ്ങള്‍ക്കു തെറ്റി: വര്‍ണവെറിയന്മാര്‍ക്കെതിരേ അഭിനവ് മുകുന്ദ്

തൊലിവെളുപ്പാണ് സൗന്ദര്യമെന്ന് കരുതിയെങ്കില്‍ നിങ്ങള്‍ക്കു തെറ്റി: വര്‍ണവെറിയന്മാര്‍ക്കെതിരേ അഭിനവ് മുകുന്ദ്

കൊളംബോ: കായിക ലോകത്തെ വര്‍ണവെറി ഏറെ കുപ്രസിദ്ധമാണ്. ഫുട്‌ബോളായാലും ക്രിക്കറ്റായാലും കളിക്കാരെ വംശീയമായി അധിക്ഷേപിക്കുന്ന പ്രവണതയ്ക്ക് അല്‍പ്പം കുറവു വന്നിട്ടുണ്ടെങ്കിലും ഒരു കളിക്കാരനെ ഇത് എത്രത്തോളം ബാധിക്കുന്നുണ്ടെന്ന് വ്യക്തമാക്കുന്നതാണ് ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍ അഭിനവ് മുകുന്ദിന്റെ അനുഭവക്കുറിപ്പ്. തൊലിയുടെ നിറം കറുപ്പായതിനാല്‍ ചെറുപ്പം തൊട്ട് ഇതുവരെ എത്രയോ വംശീയ അധിക്ഷേപങ്ങള്‍ക്ക് ഇരയായിട്ടുണ്ടെന്ന് തന്റെ ട്വിറ്ററിലൂടെ വൈകാരികമായി അഭിനവ് മുകുന്ദ് കുറിച്ചു.

ഇന്ത്യന്‍ ടീമിന്റെ ശ്രീലങ്കന്‍ പര്യടനത്തിലുള്ള അഭിനവ് തമിഴ്‌നാട് സ്വദേശിയാണ്. സൗന്ദര്യമെന്ന് പറയുന്നത് വെളുപ്പാണെന്നാണ് എല്ലാവരും കരുതിയിരിക്കുന്നത്. എന്തുകൊണ്ടാണ് ആളുകള്‍ ഇങ്ങനെ വര്‍ണവെറിയന്‍മാരാകുന്നത്. ഇപ്പോള്‍ നില്‍ക്കുന്ന സ്ഥാനത്തേക്കു പത്താം വയസുമുതല്‍ കഠിന പ്രയത്‌നം കൊണ്ടു കയറിവന്നവനാണ് ഞാന്‍. ഇതെഴുതുന്നത് ആരുടെയും സഹതാപം കിട്ടാനോ ശ്രദ്ധ കിട്ടാനോ അല്ല. ഇത് വായിച്ചിട്ടു വെളുപ്പ് മാത്രം നല്ലതാണെന്ന ചിന്ത ആരെങ്കിലും മാറ്റുമെന്ന പ്രതീക്ഷയിലാണ് ഇതെഴുതുന്നത്. 

15ാം വയസുമുതല്‍ രാജ്യത്തിനകത്തും പുറത്തും സഞ്ചരിക്കുന്ന ഞാന്‍ വര്‍ണവെറിക്കു ഇരയായിട്ടുണ്ട്. അന്ന് എനിക്കു ഇതിനെ കുറിച്ച് കാര്യമായ അറിവില്ലായിരുന്നു. കത്തുന്ന വെയിലില്‍ പരിശീലനം നടത്തുമ്പോള്‍ തന്റെ തൊലി കറുക്കുമെന്ന് ഞാന്‍ ചിന്തിച്ചിട്ടേ ഇല്ല. ഒരിക്കലും അതെന്നെ ബാധിക്കുന്ന കാര്യമായിരുന്നില്ല. ക്രിക്കറ്റായിരുന്നു മനസു മുഴുവനും. ഇന്ത്യയിലെ ഏറ്റവും ചൂടേറിയ പ്രദേശമായ ചെന്നൈയില്‍ നിന്നും വരുന്ന ഞാന്‍ എന്റെ യൗവനം ചെലവാക്കിയത് ക്രിക്കറ്റിലാണ്. അതിലോ തൊലി കറുപ്പായതിനാലോ ഒരു കുറ്റബോധവും തനിക്കില്ലെന്നും അഭിനവ് ട്വിറ്ററില്‍ കുറിച്ചു.

തന്റെ തൊലിയുടെ നിറം കറുപ്പായതിനാല്‍ പലയാളുകളും പല വംശീയമായ പേരുകള്‍ വിളിച്ചാണ് അഭിസംബോധന ചെയ്തിരുന്നത്. തന്റെ ലക്ഷ്യത്തിലേക്കുള്ള വഴിയില്‍ ഇതൊന്നും എന്നെ ബാധിച്ചതേയില്ല. തന്നെ പോലെ വംശീയ അധിക്ഷേപം നേരിടുന്നവര്‍ക്കു കൂടി വേണ്ടിയാണഅ ഇപ്പോള്‍ ഇങ്ങനെയൊരു ട്വീറ്റ്  ചെയ്യുന്നതെന്നും അഭിനവ് വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com