കോഹ്‌ലിയില്ല, ധോണിയില്ല, നയിക്കാൻ രോഹിത്; പൊള്ളാർഡും റസ്സലും വിൻഡീസ് നിരയിൽ; ടി20 പരമ്പരയ്ക്ക് നാളെ തുടക്കം

ഇന്ത്യയും വെസ്റ്റ് ഇൻഡീസും തമ്മിലുള്ള ടി20 പരമ്പരയ്ക്ക് നാളെ കൊൽക്കത്തയിലെ ഈഡൻ ​ഗാർഡനിൽ തുടക്കമാകും
കോഹ്‌ലിയില്ല, ധോണിയില്ല, നയിക്കാൻ രോഹിത്; പൊള്ളാർഡും റസ്സലും വിൻഡീസ് നിരയിൽ; ടി20 പരമ്പരയ്ക്ക് നാളെ തുടക്കം

കൊല്‍ക്കത്ത: ഇന്ത്യയും വെസ്റ്റ് ഇൻഡീസും തമ്മിലുള്ള ടി20 പരമ്പരയ്ക്ക് നാളെ കൊൽക്കത്തയിലെ ഈഡൻ ​ഗാർഡനിൽ തുടക്കമാകും. ടെസ്റ്റിലും ഏകദിനത്തിലും നേരിട്ട വെസ്റ്റ് ഇൻ‍ഡീസിനെയല്ല ഇന്ത്യക്ക് നാളെ തുടങ്ങുന്ന ടി20 പോരിൽ നേരിടേണ്ടത്. അടിമുടി മാറുന്ന അവർ ടി20യിൽ വിജയിച്ച് ആശ്വാസം കൊള്ളാനുള്ള ഒരുക്കത്തിലാണ്. ടെസ്റ്റ്, ഏകദിന പരമ്പരകൾ സ്വന്തമാക്കിയ ഇന്ത്യ ടി20 പരമ്പരയും നേടിയ സമ്പൂർണ നാണക്കേടില്ലേക്ക് സന്ദർശകരെ തള്ളിയിടാനുള്ള ശ്രമത്തിലാണ്. എന്നാൽ കാര്യങ്ങൾ ആതിഥേയർക്ക് അത്ര അനായാസമല്ല. 

നാളെ വൈകീട്ട് ഏഴിനാണ് മത്സരം. മൂന്ന് മത്സരങ്ങളടങ്ങിയതാണ് പരമ്പര. രണ്ടാം ടി20 നവംബര്‍ ആറിന് ലഖ്നൗവിലും അവസാന മത്സരം നവംബര്‍ 11ന് ചെന്നൈയിലും നടക്കും. 

വിൻഡീസിനെതിരേ ഇന്ത്യക്ക് അത്ര മികച്ച റെക്കോർഡല്ല ഉള്ളത്. നിലവിലെ ടി20 ലോക ചാംപ്യന്‍മാരായ കരീബിയൻ ടീമിനെ അവസാന മൂന്ന് ടി20 മത്സരങ്ങളിലും ഇന്ത്യക്ക് തോല്‍പ്പിക്കാന്‍ കഴിഞ്ഞിട്ടില്ല. ഇന്ത്യയും വിന്‍ഡീസും എട്ട് തവണയാണ് ടി20യില്‍ നേര്‍ക്കുനേര്‍ ഇതുവരെ ഏറ്റുമുട്ടി. അഞ്ച് മത്സരങ്ങളില്‍ വിന്‍ഡീസ് വിജയിച്ചപ്പോള്‍ രണ്ടെണ്ണത്തില്‍ മാത്രമാണ് ഇന്ത്യക്ക് ജയിക്കാനായത്. ഒരു മത്സരം ഉപേക്ഷിച്ചു. 2016ലെ ടി20 ലോകകപ്പ് സെമിയില്‍ ഇന്ത്യയെ ഏഴ് വിക്കറ്റിന് തകര്‍ത്താണ് വിന്‍ഡീസ് ഫൈനലിലേക്ക് മാര്‍ച്ച് ചെയ്തതും കിരീടം നേടിയതും.

കോഹ്‌ലിക്ക് വിശ്രമം അനുവദിച്ച് രോഹിത് ശർമയെ നായകനാക്കിയാണ് ഇന്ത്യ കളിക്കാനിറങ്ങുന്നത്. വിൻഡീസിനെ കാർലോസ് ബ്രാത്‌വയറ്റാണ്
നയിക്കുന്നത്. ടി20യിലെ അപകടകാരി​കളായ കീറൻ പൊള്ളാർഡ്, ഓൾ റൗണ്ടർ ആന്ദ്രെ റസ്സൽ, ‌ഡാരൻ ബ്രാവോ എന്നിവരടക്കമുള്ള പരിചയ സമ്പന്നരുടെ വരവ് ടീമിൽ മാറ്റങ്ങൾ ഉണ്ടാക്കുമെന്ന് ഉറപ്പ്. 

സമീപകാലത്ത് ടി20യില്‍ മറ്റ് എതിരാളികള്‍ക്കെതിരെ ഇന്ത്യ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. സ്വന്തം നാട്ടിലെ മുന്‍തൂക്കം മുതലാക്കി വിന്‍ഡീസിനെതിരായ മോശം റെക്കോർഡ് തിരുത്താനുള്ള ശ്രമത്തിലാകും ഇന്ത്യ. 

കോഹ്‌ലിയേക്കാള്‍ നേതൃത്വ ഗുണം മൈതാനത്ത് പ്രദർശിപ്പിച്ചിട്ടുള്ള നായകനാണ് രോഹിത്. രോഹിതിന്റെ ഈ കഴിവ് വിന്‍ഡീസിനെതിരേയും ഇന്ത്യക്ക് ഗുണം ചെയ്യുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com