മലപ്പുറത്തുകാര്‍ കുഞ്ഞാപ്പയെ വിജയിപ്പിച്ചത് 1.71 ലക്ഷം ഭൂരിപക്ഷത്തില്‍

എല്‍ഡിഎഫിന് ഒരിക്കല്‍പ്പോലും പ്രതീക്ഷ നല്‍കാതെയായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ മുന്നേറ്റം
 മലപ്പുറത്തുകാര്‍ കുഞ്ഞാപ്പയെ വിജയിപ്പിച്ചത് 1.71 ലക്ഷം ഭൂരിപക്ഷത്തില്‍

മലപ്പുറം: ലോകസഭ ഉപതെരഞ്ഞെടുപ്പില്‍  തങ്ങളുടെ സ്വന്തം കുഞ്ഞാപ്പയെ മലപ്പുറത്തുകാര്‍ വിജയിപ്പിച്ച് കയറ്റിയത് 1.71 ലക്ഷം ഭൂരിപക്ഷത്തില്‍. ലോകസഭ മണ്ഡലം പ്രതിനിധാനം ചെയ്യുന്ന ഏഴ് നിയമസഭ മണ്ഡലങ്ങളിലും യുഡിഎഫിന് ശക്തമായ ഭൂരിപക്ഷം നേടിക്കൊടുത്താണ് പികെ കുഞ്ഞാലിക്കുട്ടിയെന്ന മുസ്‌ലിം ലീഗ് നേതാവ് വിജയിച്ചിരിക്കുന്നത്. ആദ്യ അഞ്ചു മിനിറ്റിനുള്ളില്‍ തന്നെ കുഞ്ഞാലിക്കുട്ടിയുടെ ലീഡ് 3000 കടന്നിരുന്നു. ഓരോ റൗണ്ട് വോട്ടെണ്ണുമ്പോഴും കുഞ്ഞാലിക്കുട്ടിയുടെ ഭൂരിപക്ഷം ഉയര്‍ന്നുവരുന്നതു കണ്ട രാഷ്ട്രീയ കേരളം ആദ്യ മണിക്കൂറില്‍ തന്നെ കുഞ്ഞാലിക്കുട്ടിയുടെ വിജയം ഉറപ്പിച്ചിരുന്നു.

എല്‍ഡിഎഫിന് ഒരിക്കല്‍പ്പോലും പ്രതീക്ഷ നല്‍കാതെയായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ മുന്നേറ്റം.ആദ്യ മണിക്കൂറുകളുകളില്‍ കൂടെ നിന്ന വള്ളിക്കുന്നും കൊണ്ടോട്ടിയും പിന്നീട് കൈവിട്ടുപോയി. എന്നാല്‍ കഴിഞ്ഞ തെരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് നോക്കുമ്പോള്‍ ഇടതുമുന്നണി വോട്ട് നില മെച്ചപ്പെടുത്തിയിട്ടുണ്ട്. ഒരു ലക്ഷത്തോളം വോട്ടുകള്‍ ഇത്തവണ അധികമായി പിടിക്കാന്‍ എംബി ഫൈസലിന് സാധിച്ചു എന്നത് ഇടതിന് ആശ്വാസം നല്‍കുന്നു. നേടിയതിനേക്കാള്‍ 75,000ത്തിലേറെ വോട്ടുകള്‍ അധികം നേടിയെടുക്കാന്‍ കുഞ്ഞാലിക്കുട്ടിക്കും സാധിച്ചു. 

നിയമസഭ മണ്ഡലങ്ങളുടെ കണക്കെടുത്ത് നോക്കിയാല്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് കിട്ടിയ വോട്ട് നില ഇങ്ങനെയാണ്. കൊണ്ടോട്ടിയില്‍ പികെ കുഞ്ഞാലിക്കുട്ടിക്ക് 76026 വോട്ടുകള്‍ ലഭിച്ചപ്പോള്‍ എംബി ഫൈസലിന് 50122 വോട്ടുകളാണ് ലഭിച്ചത്. ശ്രീപ്രകാശിന് 11317 വോട്ടുകളും ലഭിച്ചു.

 മഞ്ചേരിയില്‍ 73870 വോട്ടുകള്‍ കുഞ്ഞാലിക്കുട്ടി നേടിയപ്പോള്‍ എംബി ഫൈസല്‍ നേടിയത് 51027 വോട്ടുകള്‍. ശ്രീപ്രകാശിന് ലഭിച്ചത് 10159 വോട്ടുകള്‍ മാത്രം. ഇടത് ശ്രകതി കേന്ദ്രമായിരുന്ന പെരിന്തല്‍മണ്ണയില്‍ കുഞ്ഞാലിക്കുട്ടിക്ക് 68225 വോട്ടുകള്‍ ലഭിച്ചു. എംബി ഫൈസലിന് 59698 വോട്ടുകളാണ് ലഭിച്ചത്. 7494 വോട്ടുകള്‍ മാത്രമാണ് ഇവിടെ ബിജെപിക്ക് സമാഹരിക്കാനായത്. 

മങ്കടയില്‍ യുഡിഎഫ് 72850 വോട്ടുകള്‍ വാരിക്കൂട്ടിയപ്പോള്‍ എല്‍ഡിഎഫ് 53588 വോട്ടുകള്‍ നേടി. 7664പേരാണ് ബിജെപിക്ക് കുത്തിയത്. 

മലപ്പുറത്താണ് കുഞ്ഞാപ്പയ്ക്ക് ഏറ്റവും കൂടുതല്‍ ഭൂരിപക്ഷം ലഭിച്ചത്. തുടക്കം മുതല്‍ കുഞ്ഞാലിക്കുട്ടിക്ക് കനത്ത ലീഡാണ് മലപ്പുറത്ത് കിട്ടിയത്. 84580 വോട്ടുകള്‍ യുഡിഎഫ് മലപ്പുറത്ത് നിന്ന് വാരിക്കൂട്ടി. എല്‍ഡിഎഫ് 51299ഉം ബിജെപി 5896ഉം വോട്ടുകല്‍ നേടി. 

സ്വന്തം നിയമസഭ മണ്ഡലമായ വേങ്ങരയില്‍ കുഞ്ഞാലിക്കുട്ടിക്ക് 73804 വോട്ടുകള്‍ കിട്ടിയപ്പോള്‍ എംബി ഫൈസലിന് 3275 വോട്ടുകള്‍ കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. 5952 വോട്ടുകള്‍ ബിജെപിക്ക് കിട്ടി. ആദ്യം ചെറിയ തോതില്‍ എല്‍ഡിഎഫിനൊപ്പം നിന്ന  വള്ളിക്കുന്നില്‍ 65975 വോട്ടുകളാണ് യുഡിഎഫ് നേടിയത്. 45298 വോട്ടുകള്‍ എല്‍ഡിഎഫിന് കിട്ടി. 17190 വോട്ടുകളാണ് ബിജെപിക്ക് കിട്ടിയത്. 

മൊത്തത്തില്‍  കുഞ്ഞാലിക്കുട്ടിക്ക് 515330 വോട്ടും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എംബി ഫൈസലിന് 344307 വോട്ടും കിട്ടിയപ്പോള്‍ ബിജെപി സ്ഥാനാര്‍ത്ഥി ശ്രീപ്രകാശിന് ലഭിച്ചത് 65675 വോട്ടുകള്‍. നോട്ടയ്ക്ക് ഇത്തവണ കിട്ടിയത് 4098 വോട്ടുകളാണ്. സ്വതന്ത്ര സ്ഥാനാര്‍ത്ഥികളില്‍ പിപിഎ സഗീര്‍ 1469 വോട്ടുകള്‍ നേടി. എന്നാല്‍ പ്രതീക്ഷകളെല്ലാം അസ്ഥാനത്തായത് ബിജെപിക്കാണ്.പ്രതീക്ഷിച്ച മുന്നേറ്റം സംഭവിച്ചില്ല.കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 64,705 വോട്ടാണ് ബിജെപി മലപ്പുറത്ത് നേടിയത്. ഇത്തവണ മത്സരിച്ച എന്‍ ശ്രീപ്രകാശ് തന്നെയായിരുന്നു ഇ അഹമ്മദിനും പികെ സൈനബയ്ക്കും എതിരെ കഴിഞ്ഞ തവണ മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയായത്. ഇത്തവണ ഒരു ലക്ഷത്തി മുപ്പതിനായിരത്തോളം വോട്ടാണ് മണ്ഡലത്തില്‍ ആകെ കൂടിയത്. ഇതിന് ആനുപാതികമായി യുഡിഎഫ്, എല്‍ഡിഎഫ് സ്ഥാനാര്‍ഥികളുടെ വോട്ടില്‍ വര്‍ധനയുണ്ടായി. പുതിയ വോട്ടുകളില്‍ ആനുപാതികമായ വര്‍ധനയുണ്ടായില്ലെന്നു മാത്രമല്ല കഴിഞ്ഞ തവണത്തെ പ്രകടനം ആവര്‍ത്തിക്കാന്‍ പോലും ഉപതെരഞ്ഞെടുപ്പില്‍ ബിജെപിക്കു കഴിഞ്ഞില്ല. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com