ഓഖി : മരണം 28 ആയി ; കണ്ടെത്താനുള്ളത് 96 പേരെ, തെരച്ചില്‍ ഇന്നും തുടരും

കാണാതായവര്‍ക്കായുള്ള തെരച്ചില്‍ ഇന്നും തുടരും. 75 മുതല്‍ 100 നോട്ടിക്കല്‍ മൈല്‍ ദൂരത്തേക്ക് തിരച്ചില്‍ വ്യാപിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്
ഓഖി : മരണം 28 ആയി ; കണ്ടെത്താനുള്ളത് 96 പേരെ, തെരച്ചില്‍ ഇന്നും തുടരും

തിരുവനന്തപുരം : ഓഖി ചുഴലിക്കാറ്റില്‍ മരിച്ചവരുടെ എണ്ണം 28 ആയി. ഞായറാഴ്ച തിരുവനന്തപുരം ജില്ലയില്‍ എട്ടുമൃതദേഹങ്ങള്‍ കണ്ടെത്തി. ജീര്‍ണിച്ച നിലയിലുള്ള ഇവ തിരിച്ചറിഞ്ഞിട്ടില്ല. സര്‍ക്കാരിന്റെ വിലക്ക് ലംഘിച്ച് രക്ഷാപ്രവര്‍ത്തനത്തിന് കടലില്‍ പോയ മല്‍സ്യതൊഴിലാളികളാണ് മൃതദേഹങ്ങള്‍ കണ്ടെത്തി കരയിലെത്തിച്ചത്. കാണാതായവര്‍ക്കായുള്ള തെരച്ചില്‍ ഇന്നും തുടരാനാണ് മല്‍സ്യതൊഴിലാളികളുടെ തീരുമാനം. കോസ്റ്റ്ഗാര്‍ഡ്, നേവി തുടങ്ങിയവയുടെ തിരച്ചില്‍ സംഘത്തില്‍ മല്‍സ്യതൊഴിലാളികള്‍, കോസ്റ്റല്‍ പൊലീസ് എന്നിവരെ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചിട്ടുണ്ട്.  75 മുതല്‍ 100 നോട്ടിക്കല്‍ മൈല്‍ ദൂരത്തേക്ക് തിരച്ചില്‍ വ്യാപിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. 

കടലില്‍ കുടുങ്ങിയ 96 മത്സ്യത്തൊഴിലാളികളെ കണ്ടെത്താനുണ്ടെന്നാണ് സര്‍ക്കാര്‍ കണക്ക്. അതേസമയം കടലില്‍ കാണാതായവരെ കണ്ടെത്താനുള്ള ഓപ്പറേഷന്‍ സെനര്‍ജി അഞ്ചാം നാളിലേക്ക് കടക്കുമ്പോഴും തീരത്ത് ആശങ്ക വിട്ടൊഴയുന്നില്ല. മരണസംഖ്യ ഉയരുന്നതും രക്ഷാപ്രവര്‍ത്തനം കാര്യക്ഷമമല്ലെന്ന് ആരോപിച്ചുള്ള പ്രതിഷേധങ്ങളും തീരദേശത്തെ പിടിച്ചുലയ്ക്കുകയാണ്. ഇന്നലെ വൈകീട്ട് വിഴിഞ്ഞത്തെത്തിയ മുഖ്യമന്ത്രി പിണറായി വിജയനെ നാട്ടുകാര്‍ തടഞ്ഞുവെച്ചു. ദുരന്തമുണ്ടായി ഇത്രനാളായിട്ടും തിരുവനന്തപുരത്തുണ്ടായിരുന്ന മുഖ്യമന്ത്രി എന്തുകൊണ്ട് ദുരിതബാധിത പ്രദേശത്ത് എത്തിയില്ലെന്ന് നാട്ടുകാര്‍ ചോദിച്ചു. ഇതിന് മുഖ്യമന്ത്രിയ്ക്ക് കൃത്യമായ മറുപടിയുണ്ടായില്ല. സര്‍ക്കാര്‍ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും സര്‍ക്കാര്‍ ഒപ്പമുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചിട്ടും പ്രതിഷേധക്കാര്‍ അടങ്ങിയില്ല.

മുഖ്യമന്ത്രിയ്‌ക്കൊപ്പം മന്ത്രിമാരായ ഇ ചന്ദ്രശേഖരന്‍, കടകംപള്ളി സുരേന്ദ്രന്‍ എന്നിവരും ഒപ്പമുണ്ടായിരുന്നു. പ്രതിഷേധം കനത്തതിനെ തുടര്‍ന്ന് കടകംപള്ളിയുടെ വാഹനത്തിലാണ് മുഖ്യമന്ത്രി സ്ഥലത്ത് നിന്നും പോയത്. പ്രതിഷേധം ഭയന്ന് പൂന്തുറയില്‍ പോകാനുള്ള തീരുമാനം മുഖ്യമന്ത്രി റദ്ദാക്കുകയും ചെയ്തു. ഇന്നലെ ദുരിതസ്ഥലത്തെത്തിയ മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രന്‍, ജെ മേഴ്‌സിക്കുട്ടിയമ്മ, കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം എന്നിവരെയും നാട്ടുകാര്‍ തടഞ്ഞിരുന്നു. അതേസമയം വിവിധ തീരങ്ങളില്‍ എത്തിയവരെ നാട്ടിലെത്തിക്കാനും സര്‍ക്കാര്‍ ശ്രമം ആരംഭിച്ചു. മഹാരാഷ്ട്ര തീരത്തെത്തിയ മലയാളികളെ നാട്ടിലെത്തിക്കാന്‍ പ്രത്യേക സംഘത്തെ സര്‍ക്കാര്‍ നിയോഗിച്ചു. ക്രൈംബ്രാഞ്ച് എസ്പി ശ്രീനിവാസിന്റെ നേതൃത്വത്തിലുള്ള സംഘത്തെയാണ് നിയോഗിച്ചിട്ടുള്ളത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com