ആ ഒന്‍പത് മാസവും ഞങ്ങള്‍ക്കിഷ്ടമാണെന്നേ...

ആ ഒന്‍പത് മാസവും ഞങ്ങള്‍ക്കിഷ്ടമാണെന്നേ...

ഐ ലൗവ് 9 മന്ത്‌സ് എന്ന പേരില്‍ ഗര്‍ഭിണികള്‍ക്കു വേണ്ടിയൊരു മൊബൈല്‍ ആപ്ലിക്കേഷന്‍.

ഐ ലൗവ് 9 മന്ത്‌സ് എന്ന പേരില്‍ ഗര്‍ഭിണികള്‍ക്കു വേണ്ടിയൊരു മൊബൈല്‍ ആപ്ലിക്കേഷന്‍. സ്ത്രീകള്‍ക്ക് സ്വതവേ സന്തോഷവും ഉത്കണ്ഠയും ഒപ്പം തന്നെ ഒട്ടേറെ സംശയങ്ങളും ആശങ്കകളുമെല്ലാമുള്ള കാലഘട്ടമാണിത്. ഈ സമയത്ത് സ്ത്രീകള്‍ക്കുള്ള സംശയങ്ങളെല്ലാം ഐ ലൗവ് 9 മന്ത്‌സ് എന്ന ആപ് പരിഹരിച്ചുകൊടുക്കും. മൂന്ന് മലയാളി വനിതകളാണ് ഇതിന്റെ പിന്നിലെന്നുള്ളതാണ് വേറെയൊരു കൗതുകം. അതുകൊണ്ടു തന്നെ ഒരു കുഞ്ഞു മലയാളിത്തമൊക്കെ ഈ ആപ്ലിക്കേഷന് ഇല്ലെന്ന് പറയാനാകില്ല.

ഒരു സ്ത്രീ ജീവിതത്തില്‍ ഏറ്റവും പ്രതിസന്ധികള്‍ നേരിടുന്ന കാലഘട്ടങ്ങളിലൊന്നാണ് ഗര്‍ഭിണിയായിരിക്കുന്ന സമയം. പൊതുബോധത്തെ മുന്‍ നിര്‍ത്തിക്കൊണ്ട് പറയുന്നതല്ല. ഹോര്‍മോണ്‍ വ്യതിയാനങ്ങളും മറ്റും സ്ത്രീകളെ പാടെ മാറ്റിയിരിക്കും. ഈ സമയത്ത്  ഈ കൃത്യമായ പരിചരണം ആവശ്യമാണ്. കുറച്ച് കാലം മുന്‍പു വരെ സ്ത്രീകളുടെ ഗര്‍ഭകാലം മുഴുവനും വീട്ടുകാരുടെ കൂടെ ആയിരുന്നു. എന്നാല്‍ ഇന്ന് ഭൂരിപക്ഷവും ജോലി ചെയ്യുന്ന സ്ത്രീകളായതിനാല്‍ മുതിര്‍ന്നവരുടെ നിര്‍ദേശങ്ങളും പരിചരണവുമൊന്നും അനുഭവിക്കാന്‍ സ്ത്രീകള്‍ക്ക് കഴിയുന്നില്ല.

മൂന്നോ നാലോ മാസത്തെ (ചില സ്ഥാപനങ്ങളില്‍ ആറും) പ്രസവാവധിക്കായിരിക്കും മിക്ക സ്ത്രീകള്‍ ഇന്ന് വീട്ടുകാര്‍ക്കടുക്കേലേക്ക് എത്തുന്നത്. ആ സമയം കൊണ്ടെന്താകാനാണ്. പ്രാരംഭ ഘട്ടത്തിലും അവസാന ഘട്ടത്തിലുമെല്ലാം ലഭിക്കേണ്ട പരിചരണം വ്യത്യസ്തമല്ലേ.. അമ്മയോ മുതിര്‍ന്നവരോ കൂടെയില്ലാത്ത ഈ ഘട്ടത്തില്‍ തങ്ങളുടെ സ്മാര്‍ട്ട്‌ഫോണുകളാണ് ഇവരുടെ സഹായത്തിനെത്തുക. ഗ്രാമങ്ങളില്‍പ്പോലും ഇന്റര്‍നെറ്റ് ലഭ്യമായതോടെ എവിടെയാണെങ്കിലും തങ്ങളുടെ ഗര്‍ഭകാല സംബന്ധിയായ സംശയങ്ങള്‍ ഇവര്‍ക്ക് ഈ ആപ്പിലൂടെ പരിഹരിക്കാനാകും.
 
ആപില്‍ ത്രിഗുണാത്മിക എന്ന പേരില്‍ ഗര്‍ഭ സമയത്ത് ചെയ്യേണ്ട വ്യായാമങ്ങളെപ്പറ്റിയൊരു പേജുണ്ട്. പ്രസവ സമയത്തെ അപകട സാധ്യത കുറയ്ക്കാനും വേദന കുറയ്ക്കാനും എന്തെല്ലാം ചെയ്യാമെന്നും ചെയ്യേണ്ട വ്യായാമങ്ങളെപ്പറ്റിയും ആപ് പറഞ്ഞു തരുന്നുണ്ട്. ആപിലൂടെ സഞ്ചരിക്കുമ്പോള്‍ ആ ഒന്‍പത് മാസവും സ്‌നേഹിക്കപ്പെടേണ്ടതു തന്നെയാണെന്ന് തോന്നിപ്പോകും.

ഗര്‍ഭകാലത്ത് 108 ദിവസം ചെയ്യാവുന്ന ലളിതവും വ്യത്യസ്തവുമായ വ്യായാമങ്ങള്‍ ശാരീരിക, മാനസിക ഉല്ലാസത്തിന് വളരെ സഹായകമാണ്. ഇതില്‍ എല്ലാ ഞായറാഴ്ചയുമുള്ള 'ഞങ്ങളോടൊപ്പം നടക്കാം' എന്ന പരിപാടി ഗര്‍ഭകാലത്ത് നടത്തത്തിന്റെ പ്രാധാന്യം വെളിപ്പെടുത്തുന്നു. ഈ വേളയില്‍ ഗര്‍ഭകാലവുമായി ബന്ധപ്പെട്ട ഭക്ഷണ കാര്യങ്ങള്‍, ചര്‍മസംരക്ഷണം, വസ്ത്രധാരണം തുടങ്ങിയ എല്ലാകാര്യങ്ങളെക്കുറിച്ചുമുള്ള ടിപ്പുകള്‍ ലഭ്യമാക്കുന്നു. ചോദ്യോത്തര വേളയില്‍ തങ്ങളുടെ സംശയങ്ങള്‍ വിദഗ്ധ ഡോക്ടര്‍മാരുമായി പങ്കുവയ്ക്കാനുമാകും. ഗര്‍ഭിണികളുടെ ശാരീരികവും വൈകാരികവും മാനസികവുമായ ശാക്തീകരണം ലക്ഷ്യമിടുന്ന ത്രിഗുണാത്മിക എന്ന ഈ പദ്ധതി വേഗംകുറവുള്ള ഇന്റര്‍നെറ്റ് കണക്ടിവിറ്റിയുള്ള സ്ഥലങ്ങളില്‍പ്പോലും ലഭിക്കുന്ന വിധത്തിലാണെന്ന് ഇതിന്റെ സ്ഥാപകര്‍ അവകാശപ്പെടുന്നുണ്ട്. 

പ്രസവ പരിചരണത്തിനായി പരിശീലനം സിദ്ധിച്ച വനിതകളുടെ സേവനം ലഭ്യമാക്കുന്ന സഹോദരി എന്നൊരു പദ്ധതിയും ആപിലുണ്ട്. ഗര്‍ഭകാലവേളയില്‍ വൈകാരിക പിന്തുണ നല്‍കുന്നതുമുതല്‍ അവരെ ഡോക്ടറുടെ അടുത്തു കൊണ്ടുപോകാനും കുഞ്ഞിനെ പരിചരിക്കാനുമുള്ള സേവനങ്ങള്‍വരെ സഹോദരിയിലൂടെ നടപ്പാക്കുന്നുണ്ട്. 

കഴിഞ്ഞ ഒക്ടോബറില്‍ ബംഗളൂരുവില്‍ നടന്ന ലോക സ്റ്റാര്‍ട്ട് അപ് എക്‌സ്‌പോയില്‍ ഈ മൊബൈല്‍ ആപ്പിന്റെ ആശയം അവതരിപ്പിച്ചത് മലയാളികളായ സുമ അജിത്, ഗംഗാ രാജ്, അഞ്ജലി രാജ് എന്നിവരാണ്. മെഡിക്കല്‍ വിദഗ്ധരുടെയും ഡോക്ടര്‍മാരുടെയും സഹകരണത്തോടെ തയ്യാറാക്കിയ ആപ് ജനുവരി ഒമ്പതിനാണ് അവതരിപ്പിച്ചത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com