'നിങ്ങള്‍ക്ക്  ഇനിയും പുകവലിക്കാന്‍ ധൈര്യമുണ്ടോ?'; വീഡിയോ പങ്കുവെച്ച് ഡോക്ടര്‍; ഭീതി

പുകവലി ഉപേക്ഷിക്കുന്നവർ ഉണ്ടാകട്ടെ എന്ന ലക്ഷ്യത്തോടെയാണ് ചിത്രങ്ങൾ ഡോക്ടർമാർ പങ്കുവച്ചിരിക്കുന്നത്
'നിങ്ങള്‍ക്ക്  ഇനിയും പുകവലിക്കാന്‍ ധൈര്യമുണ്ടോ?'; വീഡിയോ പങ്കുവെച്ച് ഡോക്ടര്‍; ഭീതി

ശ്വാസകോശം സ്‌പോഞ്ച് പോലെയെന്ന മുന്നറിയിപ്പ് കാണാത്തവരുണ്ടാകില്ല. എന്നാല്‍ പുകവലിക്കാരന്റെ ശ്വാസകോശത്തില്‍ അടിഞ്ഞുകൂടുന്ന കറ പുറത്തെടുത്താല്‍ ഇത്രയും ഉണ്ടാകുെമന്നും പരസ്യത്തില്‍ കാണുമ്പോള്‍ മനസിലാക്കാത്തവര്‍ ഈ ദൃശ്യങ്ങള്‍ കാണണം. ചൈനയിലെ ജിയാങ്‌സുവിലെ വൂസി പീപ്പിള്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ പുകവലിയുടെ ദോഷം വ്യക്തമാക്കുന്ന വീഡിയോ പുറത്തുവിട്ടത്. 30 വര്‍ഷം പുകവലിക്ക് അടിമയായി അടുത്തിടെ മരിച്ച ഒരാളുടെ ശ്വാസകോശമാണ് ഡോക്ടര്‍മാര്‍ പുറത്തെടുത്ത് പ്രദര്‍ശിപ്പിച്ചിരിക്കുന്നത്.

ഒരു പാക്കറ്റ് സിഗരറ്റ് സ്ഥിരമായി ഉപയോഗിക്കുന്ന ആളായിരുന്നു ഇയാള്‍. ഒന്നിലധികം ശ്വാസകോശം തകരാറുകളുമായി  അമ്പത്തിരണ്ടാം വയസിലാണ് ഇയാള്‍ മരിക്കുന്നത്. ചാര്‍ക്കോള്‍ നിറത്തിലായ അവസ്ഥയിലായിരുന്നു ഇയാളുടെ ശ്വാസകോശം. സാധാരണ ഒരാളുടെ ശ്വാസകോശത്തിന്റെ നിറം പിങ്ക് ആയിരിക്കുമ്പോഴാണ് ഈ അവസ്ഥ. പുകവലിക്ക് എതിരെ ഉപയോഗിക്കാന്‍ കഴിയുന്ന ഏറ്റവും നല്ല പരസ്യം ഇതാവുമെന്ന നിരീക്ഷണത്തിലാണ് ഡോക്ടര്‍മാര്‍ ദൃശ്യങ്ങള്‍ പുറത്ത് വിട്ടത്. നിങ്ങള്‍ക്ക് ഇനിയും പുകവലിക്കാനുള്ള ധൈര്യമുണ്ടോയെന്ന ചോദ്യത്തോടെയാണ് വീഡിയോ ആശുപത്രി അധികൃതര്‍ പങ്കുവച്ചത്.

മരണശേഷം തന്റെ ശരീരാവയവങ്ങള്‍ ദാനം ചെയ്യാന്‍ സമ്മതം നല്‍കിയാണ് അമ്പത്തിരണ്ടുകാരന്‍ മരിച്ചത്. അവയവങ്ങള്‍ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്ത ഡോക്ടര്‍മാര്‍ ഇവയൊന്നും ഒരുതരത്തിലും ഉപയോഗിക്കാന്‍ സാധിക്കില്ലെന്ന് കണ്ടെത്തുകയായിരുന്നു. മരണത്തിന് മുന്‍പ് ഒരിക്കലും ഇയാളെ സിടി സ്‌കാനിന് വിധേയനാക്കിയിരുന്നില്ലെന്ന് ശസ്ത്രക്രിയ നയിച്ച ഡോക്ടര്‍ ചെന്‍ വിശദമാക്കി. ശ്വാസകോശം ദാനം ചെയ്യാനുള്ള ഓക്‌സിജനേഷന്‍ പരിശോധനയില്‍ തകരാര്‍ കാണാത്തതിനെ തുടര്‍ന്നാണ് ശസ്ത്രക്രിയ ചെയ്തതെന്നും ഡോക്ടര്‍ ചെന്‍ കൂട്ടിച്ചേര്‍ത്തു. സാധാരണ ഗതിയില്‍ നേരിയ അണുബാധയുള്ള ശ്വാസകോശങ്ങള്‍ ദാനം ചെയ്ത് പുനരുപയോഗിക്കുന്നത് ചൈനയില്‍ അനുവദനീയമാണ്. എന്നാല്‍ ഇയാളുടെ ശ്വാസകോശം ഒരു തരത്തിലും പുനരുപയോഗിക്കാന്‍ സാധിക്കില്ലെന്നാണ് ആശുപത്രി അധികൃതര്‍ വിശദമാക്കിയത്.

പള്‍മോനറി എംഫിസീമയെ തുടര്‍ന്നാണ് ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. ശ്വാസകോശത്തിലെ അണുബാധനിമിത്തം സ്വസ്തമായി ശ്വസിക്കാന്‍ സാധിക്കാത്ത അവസ്ഥയാണ് ഇത്. അതില്‍ വിങ്ങി വീര്‍ത്ത അവസ്ഥയിലായിരുന്നു ഇയാളുടെ ശ്വാസകോശമുണ്ടായിരുന്നത്. മാറ്റിവക്കല്‍ ചികിത്സയ്ക്ക് ഈ ശ്വാസകോശം ഉപയോഗിക്കില്ലെന്ന് ഡോക്ടര്‍മാര്‍ വിശദമാക്കി. ഒരിക്കല്‍ പോലും പുകവലിക്കാത്ത ആളുടെ ശ്വാസകോശത്തിനൊപ്പം ഇയാളുടെ ശ്വാസകോശം വച്ചുള്ള ചിത്രവും ആശുപത്രി പുറത്ത് വിട്ടു.

രാജ്യത്തെ ചെയിന്‍ സ്‌മോക്കറായിട്ടുള്ള പലരുടേയും ശ്വാസകോശത്തിന്റെ അവസ്ഥ ഇത് തന്നെയാകുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ചൈനയിലെ 27 ശതമാനം ആളുകള്‍ പുകവലിക്ക് അടിമയാണെന്ന് 2018ലെ ചില പഠനങ്ങള്‍ വിശദമാക്കുന്നത്. ഇംഗ്ലണ്ടില്‍ ഏഴുപേരില്‍ ഒരാള്‍ പുകയിലക്ക് അടിമയാണെന്നാണ് കണക്കുകള്‍. കാന്‍സര്‍ ബാധിക്കാനുള്ള സാധ്യതകളില്‍ ഒഴിവാക്കാന്‍ കഴിയുന്ന ഒരു പ്രേരകമായാണ് പുകവലിയെ വിദഗ്ധര്‍ കാണുന്നത്. ശ്വാസകോശ ക്യാന്‍സറുമായി വരുന്ന ആളുകളില്‍ എഴുപത് ശതമാനവും പുകവലിക്ക് അടിമയാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. എല്ലാവര്‍ഷവും ലോകത്തില്‍ 1.2 മില്യണ്‍ ആളുകള്‍ പുകവലി സംബന്ധിയായ അസുഖങ്ങള്‍ ബാധിച്ച് മരിക്കുന്നുവെന്നാണ് അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com