കൊറോണ വൈറസിന് ജനിതക മാറ്റം; കൂടുതൽ അപകടമെന്ന് റിപ്പോർട്ട്

കൊറോണ വൈറസിന് ജനിതക മാറ്റം; കൂടുതൽ അപകടമെന്ന് റിപ്പോർട്ട്
കൊറോണ വൈറസിന് ജനിതക മാറ്റം; കൂടുതൽ അപകടമെന്ന് റിപ്പോർട്ട്

ന്യൂയോർക്ക്: കോവിഡിന് കാരണമാകുന്ന സാർസ് കോവ്–2 വൈറസിന് ജനിതക മാറ്റം സംഭവിച്ചതായി റിപ്പോർട്ട്. പുതിയതായി രൂപമെടുത്ത വൈറസ് കൂടുതൽ അപകടകാരിയാണോയെന്നു വ്യക്തമല്ലെന്നും റിപ്പോർട്ടിൽ പറയുന്നു. ഇപ്പോൾ കൂടുതൽ മനുഷ്യരെ ബാധിക്കുന്നത് വൈറസിന്റെ പുതിയ രൂപമാണെന്നും അടുത്തിടെ പഠനത്തിൽ വ്യക്തമായിരുന്നു. ഇത്തരത്തിൽ സംഭവിക്കുന്ന ജനിതകമാറ്റം വൈറസിനെ പ്രയാസമേറിയ പ്രതിയോഗിയാക്കി മാറ്റുകയാണെന്നും റിപ്പോർട്ടിൽ പറയുന്നു.

പകർച്ച വ്യാധി പൊട്ടിപ്പുറപ്പെട്ടപ്പോൾത്തന്നെ സാർസ് കോവ്–2 വൈറസിന്റെ പതിനായിരക്കണക്കിന് ജീനോം സീക്വൻസുകളിലെ മാറ്റം ഗവേഷകർ വിലയിരുത്തുന്നുണ്ടായിരുന്നു. ഡി614ജി എന്ന വ്യതിയാനമാണ് മറ്റു വൈറസ് ശ്രേണികളേക്കാൾ മുന്നിൽ വന്നതെന്നു കണ്ടെത്തിയതും അങ്ങനെയാണ്. ഫെബ്രുവരിയിൽ യൂറോപ്പിലാണ് പരിണമിച്ച ഈ വൈറസിനെ ആദ്യം കണ്ടെത്തിയത്. എന്നാൽ ഈ വ്യതിയാനമാണോ വൈറസ് ഇത്ര പെട്ടെന്നു വ്യാപിക്കാൻ കാരണമായതെന്നു വ്യക്തമായിട്ടില്ല.

വൈറസിന്റെ പുറംചട്ടയിലുള്ള സ്പൈക് പ്രോട്ടീനുമേലാണ് പരിണാമം സംഭവിച്ചത്. മനുഷ്യരിലെ കോശങ്ങളിൽ പറ്റിപ്പിടിച്ചിരിക്കാൻ വൈറസിനെ സഹായിക്കുന്നത് ഈ സ്പൈക് പ്രോട്ടീനുകളാണ്. ഈ വ്യതിയാനം മൂലം അണുബാധയുണ്ടാകുന്ന ഭാഗങ്ങളിൽ വളരെ ശക്തമായി പറ്റിപ്പിടിച്ചിരിക്കാനും രോ​ഗ ബാധ വ്യാപിപ്പിക്കാനും വൈറസിനു സാധിക്കും.

ഓരോ ജനിതക വ്യതിയാനവും 10 മടങ്ങ് അധികം അപകടകാരിയാണെന്നും ഈ വൈറസാണ് യൂറോപ്പിലും യുഎസിലും ലാറ്റിനമേരിക്കയിലും രോഗം പടർന്നു പിടിക്കാൻ കാരണമായതെന്നും ഗവേഷകർ പറയുന്നു. എന്നാൽ കൂടുതൽ വ്യാപിക്കുന്നുവെന്നതു കൊണ്ട് ഇതു കൂടുതൽ മരണ കാരണമാകുന്നുവെന്ന് ഇപ്പോൾ പറയാൻ കഴിയില്ലെന്നും ​ഗവേഷകർ പറയുന്നു.

അതിനിടെ സാർസ് കോവ്–2 പ്രോട്ടീനുകളിലെ ഒആർഎഫ്3ബി ജീനുകളിലും വ്യത്യാസം കാണുന്നതായി കഴിഞ്ഞ മാസം പുറത്തു വന്ന ഒരു റിപ്പോർട്ടിൽ പറയുന്നു. ഈ ജീനാണ് മനുഷ്യ ശരീരത്തിലെ പ്രതിരോധ ശേഷിയെ അടിച്ചമർത്തുന്നത്. ഈ ജീനുമായി വൈറസ് ശരീരത്തിൽ കയറുമ്പോൾ നമ്മുടെ പ്രതിരോധ ശേഷിയെ മറച്ചു നിർത്തി ശരീരത്തിൽ കൂടുതൽ പ്രവർത്തിക്കാൻ അവസരമുണ്ടാക്കും. കൂടുതൽ ഗുരുതര സാഹചര്യത്തിലുള്ള രോഗികളുണ്ടാകാനുള്ള സാധ്യതയാണ് ഇതിലൂടെ കാണുന്നതെന്നും റിപ്പോർട്ടിലുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com