കോവ്ഡ് 19: ജാഗ്രതയില്ലെങ്കിൽ അതിവേഗം പടരും, ഒപി കാഷ്വൽറ്റി സന്ദർശനം വേണ്ട; പാലിക്കേണ്ട നിർദേശങ്ങൾ ഇവ
By സമകാലിക മലയാളം ഡെസ്‌ക് | Published: 09th March 2020 10:56 AM |
Last Updated: 09th March 2020 10:56 AM | A+A A- |

പത്തനംതിട്ടയിൽ അഞ്ച് പേർക്ക് കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ ഇന്ന് രാവിലെ കൊച്ചിയിലും മൂന്ന് വയസ്സുകാരന് കൊറോണ ബാധ റിപ്പോർട്ട് ചെയ്യപ്പെട്ടു. കൊറോണ ജാഗ്രത സംസ്ഥാനത്ത് നിലനിൽക്കുന്ന സാഹചര്യത്തിൽ ലോകാരോഗ്യ സംഘടന അംഗീകരിച്ച ചികിത്സാ മാനദണ്ഡങ്ങൾ കർശനമായി പാലിക്കാൻ ആരോഗ്യമന്ത്രി കെ.കെ. ശൈലജ നിർദേശം നൽകി.
പാലിക്കണം ഈ നിർദേശങ്ങൾ
- വിദേശ രാജ്യങ്ങളിൽ നിന്നെത്തിയവർ ജില്ലാ മെഡിക്കൽ ഓഫിസർമാരുമായോ അടുത്തുള്ള സർക്കാർ ആരോഗ്യ കേന്ദ്രവുമായോ നിർബന്ധമായും ഫോൺ മുഖേന ബന്ധപ്പെടണം.
- വൈറസ് ബാധയുടെ ലക്ഷണങ്ങൾ ഉള്ളവർ ഒപിയിലോ കാഷ്വൽറ്റിയിലോ പോകരുത്. ഇവർ ഈ വിവരം നോഡൽ ഓഫിസറെ അറിയിച്ചശേഷം ഐസലേഷൻ സൗകര്യമുള്ള ആശുപത്രിയിൽ എത്തണം.
- ജാഗ്രത പുലർത്തിയില്ലെങ്കിൽ വൈറസ് അതിവേഗം പടരും.
- പനി, തൊണ്ടവേദന, ചുമ എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. ചിലർക്ക് വയറിളക്കവും ഉണ്ടാകും. വൈറസ് ബാധ തീവ്രമായാൽ മരണം വരെ സംഭവിക്കാൻ സാധ്യതയുണ്ട്. പ്രതിരോധ മരുന്നോ കൃത്യമായ ചികിത്സയോ ഇല്ലാത്തതിനാൽ എന്തെങ്കിലും രോഗമുള്ളവർക്ക് വൈറസ് ബാധിക്കുന്നത് കൂടുതൽ അപകടകരമാണ്.
- എല്ലാ രാജ്യാന്തര യാത്രക്കാർക്കും കണക്‌ഷൻ വിമാനങ്ങളിലെത്തുന്ന ആഭ്യന്തര യാത്രക്കാർക്കും പരിശോധന കർശനമാക്കിയിട്ടുണ്ട്. രോഗസംശയമുള്ളവരെ വീടുകളിൽ 28 ദിവസം നിരീക്ഷിക്കും. ഇവരും വീട്ടിലുള്ളവരും മറ്റുള്ളവരുമായി സമ്പർക്കവും പാടില്ല.വിദ്യാഭ്യാസ സ്ഥാപനങ്ങളിലോ ജോലിക്കോ പോകരുത്.