കോവിഡ് ഭേദമായവർക്ക് ഒരു ഡോസ് വാക്സിൻ മതി; ഇന്ത്യൻ രോഗികളിൽ നടത്തിയ പഠനം പറയുന്നതിങ്ങനെ 

കോവിഡ് വന്നുപോയവരുടെ ശരീരത്തിലെ രോഗ പ്രതിരോധ വ്യൂഹത്തിൽ വൈറസിനെക്കുറിച്ചുള്ള ഓർമ്മ കുറച്ചു വർഷങ്ങൾ നിലനിൽക്കുന്നതിനാലാണ് ഇത് 
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

കോവിഡ് മുക്തി നേടിയ ആളുകൾക്ക് ഒരു ഡോസ് വാക്‌സിൻ സ്വീകരിച്ചാൽ പ്രതിരോധശേഷി ലഭിക്കുമെന്ന് പഠനം. കോവിഡ് നേരിയതോതിൽ വന്നുപോയവരുടെ ശരീരത്തിലെ രോഗ പ്രതിരോധ വ്യൂഹത്തിൽ വൈറസിനെക്കുറിച്ചുള്ള ഓർമ്മ കുറച്ചു വർഷങ്ങൾ നിലനിൽക്കുന്നതിനാലാണ് ഇതെന്ന് പഠനത്തിൽ പറയുന്നു. ഇന്ത്യയിലെ കോവിഡ് രോഗികളിൽ നടത്തിയ പഠനമാണ് ഈ കണ്ടെത്തലിലേക്കെത്തിയത്. 

18 വയസ്സിന് മുകളിൽ പ്രായമുള്ള എല്ലാ ആളുകൾക്കും വാക്‌സിൻ നൽകാൻ രാജ്യം ശ്രമിക്കുന്നതിനിടെയാണ് ഈ കണ്ടെത്തൽ പുറത്തുവരുന്നത്. മഹാമാരിയെ വരുതിയിലാക്കാനുള്ള ഏറ്റവും ഫലപ്രദമായി കണക്കാക്കപ്പെടുന്ന മാർഗ്ഗവും വാക്‌സിൻ ആണ്. അതേസമയം വാക്‌സിൻ ഡോസേജ് അടക്കമുള്ള കാര്യങ്ങളിൽ ഇപ്പോഴും സംശയങ്ങൾ നിലനിൽക്കുന്നുണ്ട്. 

കോവിഡ് 19ന്റെ നേരിയ അണുബാധ ഉണ്ടായ ഇന്ത്യയിലെ രോഗികളുടെ രോഗ പ്രതിരോധ വ്യൂഹത്തിൽ വൈറസിനെക്കുറിച്ചുള്ള ഓർമ്മ ഉണ്ടെന്ന് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇമ്മ്യൂണോളജിയിലെ (എൻഐഐ) ഡോ. നിമേഷ് ഗുപ്തയും സംഘവും നടത്തിയ പഠനത്തിൽ പറയുന്നു. കുറച്ച് വർഷങ്ങൾ ഈ ഓർമ്മ രോഗിയുടെ ശരീരത്തിൽ നിലനിൽക്കുമെന്നും ഇവ വൈറസിലെ സ്‌പൈക്ക് പ്രോട്ടീനുമായി ബന്ധപ്പെട്ടുള്ളതാണെന്നും ഗവേഷകർ കരുതുന്നു.

പഠനം നടത്തിയ ഇന്ത്യക്കാരില്‍ 70ശതമാനം പേരിലും രോഗ പ്രതിരോധ വ്യൂഹത്തില്‍ SARS-CoV-2വിനെതിരെ പ്രതികരിക്കുന്ന വൈറ്റ് ബ്ലഡ് സെല്ലുകള്‍ ഉയര്‍ന്ന തോതില്‍ കണ്ടെത്തിയെന്നും പഠനം ചൂണ്ടിക്കാട്ടുന്നു. ഇത് കോവിഡ് മഹാമാരിക്ക് മുമ്പും ഉണ്ടായിരുന്നെന്നാണ് കണ്ടെത്തല്‍. ഈ CD4+ T സെല്ലുകള്‍ വൈറസ് ബാധിക്കുന്നതിനെ പൂര്‍ണ്ണമായി തടയുന്നില്ല പക്ഷെ ഇവ വൈറസ് ഭാരം കുറച്ച് രോഗത്തിന്റെ കാഠിന്യം നിയന്ത്രിക്കുമെന്നാണ് ഗവേഷകര്‍ പറയുന്നത്. ഈ കണ്ടെത്തല്‍ ഇന്ത്യക്കാര്‍ കോവിഡിനോട് പ്രതികരിക്കുന്നത് എങ്ങനെയെന്ന് മനസ്സിലാക്കാന്‍ സഹായിക്കുകയും രാജ്യത്തെ വാക്‌സിന്‍ വിതരണത്തില്‍ ഗുണകരമാകുകയും ചെയ്യും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com