എപ്പോഴും ക്ഷീണം, അടിക്കടി അസുഖങ്ങൾ; രോഗപ്രതിരോധശേഷി കുറയുന്നതിന്റെ ലക്ഷണമാണ്, എങ്ങനെ മെച്ചപ്പെടുത്താം? 

ജീവിതശൈലി മാറ്റങ്ങളും പുതിയ ശീലങ്ങളും സ്വാഭാവികമായും പ്രതിരോധ സംവിധാനത്തെ ശക്തവും ആരോഗ്യകരവുമായി നിലനിർത്തും
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

രോഗങ്ങൾക്കെതിരെയും രോഗമുണ്ടാക്കുന്ന വൈറസുകൾക്കെതിരെയും ചെറുത്തുനിൽക്കാൻ വളരെ പ്രധാനപ്പെട്ട ഒന്നാണ് നമ്മുടെ രോഗപ്രതിരോധ ശേഷി. രോഗപ്രതിരോധശേഷി കുറഞ്ഞവരാണ് അടിക്കടി രോഗബാധിതരാകുന്നത്. മറ്റുള്ളവരെ അപേക്ഷിച്ച് ഇവർക്ക് അസുഖങ്ങൾ വരാനുള്ള സാധ്യത വളരെ കൂടുതലായിരിക്കും. അനീമിയ, നിമോണിയ, ബ്രോങ്കൈറ്റിസ്, ചർമ്മരോഗങ്ങൾ, വളർച്ചയുടെയും വികാസത്തിന്റെയും കാലതാമസം എന്നിവ രോഗപ്രതിരോധശേഷി കുറഞ്ഞവരിൽ കാണാം. 

പ്രതിരോധശേഷി ദുർബലമാകുന്നതിന്റെ മുന്നറിയിപ്പ് നിസാരമായി കാണാതെ ശരീരത്തിന്റെ പ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്തുന്നതിന് വേണ്ട കാര്യങ്ങൾ ശ്രദ്ധിക്കണം. സമ്മർദ്ദമാണ് പ്രതിരോധശേഷി കുറയുന്നതിന്റെ ഒരു കാരണം. പുകവലി, മദ്യപാനം, മോശം ഭക്ഷണക്രമം, അണുബാധകൾ, കാൻസർ ചികിത്സകൾ, എച്ച്ഐവി അല്ലെങ്കിൽ എയ്ഡ്സ് എന്നിവയും പ്രതിരോധശേഷി കുറയുന്നതിന് പിന്നിലെ ചില കാരണങ്ങളാണ്. 

തിരക്കേറിയ ദൈനംദിന ജീവിതശൈലി മൂലം പലപ്പോഴും ആരോ​ഗ്യകാര്യങ്ങൾ ശ്രദ്ധിക്കാൻ നമുക്ക് കഴിയാതെവരും. ഇതിന്റെ ഫലമായി ഉയർന്ന സമ്മർദ്ദം നേരിടാം. ജലദോഷം, ശ്വാസകോശ ബുദ്ധിമുട്ടുകൾ തുടങ്ങി പല പ്രശ്നങ്ങളും നേരിടും. എല്ലായ്പ്പോഴും ക്ഷീണം അനുഭവപ്പെടും. മുറിവുകളോ മറ്റോ ഉണ്ടായാൽ സുഖപ്പെടാൻ സമയമെടുക്കും. ഇത്തരം പ്രശ്നങ്ങൾ നേരിടുന്നുണ്ടെങ്കിൽ അതിനർത്ഥം രോഗപ്രതിരോധ സംവിധാനത്തിന് കൂടുതൽ ശ്രദ്ധ നൽകേണ്ടതുണ്ടെന്നാണെന്ന് വിദ​ഗ്ധർ പറയുന്നു. 

മോശം പ്രതിരോധശേഷിയുടെ സൂചനകൾ 

  • എല്ലായ്പ്പോഴും ജലദോഷം: ഇടയ്ക്കിടെ ജലദോഷം പിടിക്കുന്നത് രോഗപ്രതിരോധ ശേഷി കുറയുന്നതിന്റെ ലക്ഷണമാണ്, കാരണം നിങ്ങളുടെ ശരീരത്തിന് സീസണൽ അണുബാധകളെ ചെറുക്കാൻ കഴിയില്ല.
  • അടിക്കടി വയറിളക്കം, ഗ്യാസ് അല്ലെങ്കിൽ മലബന്ധം: ദഹനപ്രശ്നങ്ങൾ സൂചിപ്പിക്കുന്നത് നിങ്ങളുടെ പ്രതിരോധ സംവിധാനം വേണ്ട രീതിയിൽ പ്രവർത്തിക്കുന്നില്ല എന്നാണ്.
  • മുറിവുകൾ ഉണങ്ങാൻ സമയമെടുക്കുന്നു
  • പതിവായി അണുബാധകൾ: ബാക്ടീരിയ, വൈറസ് എന്നിവയ്‌ക്കെതിരെ പോരാടാൻ ശരീരത്തിന്റെ പ്രതിരോധ സംവിധാനത്തിന് കഴിയുന്നില്ലെങ്കിൽ, ഒരാൾക്ക് പതിവായി അണുബാധകൾ ഉണ്ടാകാം.
  • എപ്പോഴും ക്ഷീണം

പ്രതിരോധശേഷി എങ്ങനെ മെച്ചപ്പെടുത്താം

ചില ജീവിതശൈലി മാറ്റങ്ങളും പുതിയ ശീലങ്ങളും സ്വാഭാവികമായും പ്രതിരോധ സംവിധാനത്തെ ശക്തവും ആരോഗ്യകരവുമായി നിലനിർത്തും. 

  • എന്താണ് കഴിക്കുന്നതെന്ന് ശ്രദ്ധിക്കണം. സമീകൃതാഹാരം കഴിക്കാൻ ശ്രമിക്കുക.
  • എട്ട് മണിക്കൂർ നന്നായി ഉറങ്ങുക. ഉറങ്ങുമ്പോൾ ശരീരം ഊർജ്ജം വീണ്ടെടുക്കുകയും കേടായ കോശങ്ങളെ നന്നാക്കുകയും ചെയ്യുന്നുണ്ടെന്ന് മനസ്സിലാക്കണം.
  • പതിവായി വ്യായാമം ചെയ്യുക, കാരണം ഇത് പ്രതിരോധശേഷി ശക്തിപ്പെടുത്തുകയും ആരോഗ്യകരമായ ഭാരം നിലനിർത്താൻ സഹായിക്കുകയും ചെയ്യം. മാത്രമല്ല, നമ്മുടെ ശരീരത്തിൽ സന്തോഷകരമായ ഹോർമോണുകൾ ഉത്പാദിപ്പിക്കുകയും അതുവഴി മെച്ചപ്പെട്ട മാനസികാവസ്ഥ ഉണ്ടാകുകയും ചെയ്യും. 
  • കൃത്യമായ ഇടവേളകളിൽ കൈ കഴുകുക. വൃത്തിയില്ലാത്ത കൈകളിൽ നിന്നാണ് രോഗാണുക്കൾ ശരീരത്തിൽ പ്രവേശിക്കുന്നത്.
  • സമ്മർദ്ദം കുറയ്ക്കാൻ ശ്രദ്ധിക്കണം. പുകവലി പൂർണ്ണമായും ഒഴിവാക്കണം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com