വാക്‌സിനേഷൻ കുറഞ്ഞു; ഭീതി പടർത്തി അഞ്ചാംപനി; മരണനിരക്ക് 40 ശതമാനം വർധിച്ചു

അഞ്ചാംപനി ബാധിച്ചു മരിക്കുന്നവരുടെ എണ്ണം 40 ശതമാനത്തിലധികം വർധിച്ചു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ലണ്ടൻ: ആ​ഗോളതലത്തിൽ ഭീതി പടർത്തി അഞ്ചാംപനി വ്യാപനം. കോവിഡിന് ശേഷം അഞ്ചാംപനി ബാധിച്ചു മരിക്കുന്നവരുടെ എണ്ണം  40 ശതമാനത്തിലധികം വർധിച്ചതായി റിപ്പോർട്ട്. രോ​ഗബാധിതരുടെ എണ്ണം ഏകദേശം 20 ശതമാനം ഉയർന്നു. കോവിഡിനെ തുടർന്ന് അഞ്ചാംപനിക്കെതിരെയുള്ള വാക്‌സിനേഷൻ നിരക്ക് കുറഞ്ഞതാണ് വീണ്ടും പകർച്ചവ്യാധി പിടിമുറുക്കാൻ കാരണം. മഹാമാരിക്കാലത്താണ് 15 വർഷത്തിനിടെ നടന്ന ഏറ്റവും താഴ്‌ന്ന പ്രതിരോധ കുത്തിവെപ്പുകളുടെ എണ്ണം.

കഴിഞ്ഞ വർഷത്തെ കണക്ക് പരിശോധിച്ചാൽ 37 രാജ്യങ്ങളിൽ പകച്ചവ്യാധി വ്യാപിച്ചതായി റിപ്പോർട്ട് ചെയ്‌തു. ആ​ഗോളതലത്തിൽ ഒൻപതു ദശലക്ഷത്തോളം കുട്ടികൾ രോ​ഗബാധിതരായി. ഇതിൽ 136,00 പേർ മരിച്ചു. ദരിദ്ര രാഷ്ട്രങ്ങളിലാണ് കൂടുതൽ മരണങ്ങളും റിപ്പോർട്ട് ചെയ്‌തതെന്ന് ലോകാരോ​ഗ്യ സംഘടനയും അമേരിക്കയിലെ രോ​ഗനിയന്ത്രണ പ്രതിരോധ കേന്ദ്രവും വ്യക്തമാക്കി. 

വികസ്വര രാജ്യങ്ങളായ ആഫ്രിക്ക, തെക്കുകിഴക്കൻ ഏഷ്യ, ലാറ്റിനമേരിക്ക, ഇന്ത്യ എന്നിവിടങ്ങളിലാണ് പകർച്ചവ്യാധി ഏറ്റവുമധികം ബാധിക്കാൻ സാധ്യത. 66 ശതമാനമാണ് ദരിദ്ര രാജ്യങ്ങളിലെ പ്രതിരോധ കുത്തിവെപ്പ് നിരക്ക്. വികസിത രാജ്യങ്ങളിലും അഞ്ചാംപനി റിപ്പോർട്ട് ചെയ്‍‌തിട്ടുണ്ട്. അഞ്ചാംപനി ലണ്ടനിൽ വ്യാപിക്കാനുള്ള സാധ്യത കൂടുതലാണെന്ന് ബ്രിട്ടീഷ് ആരോ​ഗ്യ അധികൃതർ ജൂലൈയിൽ മുന്നറിയിപ്പ് നൽകിയിരുന്നു. ഇവിടെ 40 ശതമാനം കുട്ടികളിൽ മാത്രമാണ് വാക്‌സിനേഷൻ ചെയ്‌തിട്ടുള്ളു.

എന്താണ് അഞ്ചാംപനി

മീസിൽസ് വൈറസ് മൂലമുണ്ടാകുന്ന സാംക്രമിക രോഗമാണ് അഞ്ചാംപനി. വായുവിലൂടെയാണ് വൈറസ് പകരുക. രോ​ഗി ചുമയ്‌ക്കുമ്പോഴോ തുമ്മുമ്പോഴോ ആണ് രോ​ഗാണു വായുവിൽ വ്യാപിക്കുന്നത്.  പനി, ചുമ, മൂക്കൊലിപ്പ്, ചുണങ്ങു എന്നിവയാണ് രോ​ഗ ലക്ഷണങ്ങൾ. 10-12 ദിവസങ്ങൾക്കുള്ളിൽ സാധാരണയായി ലക്ഷണങ്ങൾ വികസിക്കുകയും 7-10 ദിവസം നീണ്ടുനിൽക്കുകയും ചെയ്യും. മസ്‌തിഷ്‌കവീക്കം, ശ്വാസ തടസം, നിർജലീകരണം, ന്യുമോണിയ തുടങ്ങിയ കാരണങ്ങളാണ് മരണത്തിലേക്ക് നയിക്കുന്നത്. കുട്ടികളിലും 30 വയസിന് മുകളിലുള്ളവർക്കും സങ്കീർണതകൾ ഉണ്ടാവാൻ സാധ്യത കൂടുതലാണ്.  

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

  • വ്യക്തി ശുചിത്വവും പരിസര ശുചിത്വവും പാലിക്കണം
  • രോഗിയുമായുള്ള സമ്പർക്കം ഒഴിവാക്കുക
  • തുമ്മുമ്പോഴും, ചുമയ്ക്കുമ്പോഴും തൂവാലയോ മറ്റ് ഉപാധികളോ ഉപയോഗിച്ച് മൂക്കും വായും മറച്ചു പിടിക്കുക
  • രോഗലക്ഷണങ്ങൾ കണ്ടാലുടൻ ചികിത്സ തേടുക

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com