ആരോഗ്യം

കൊച്ചിയില്‍ കൊതുക് പെരുകും, കാത്തിരിക്കുന്നത് പകര്‍ച്ചവ്യാധികള്‍: പഠനറിപ്പോര്‍ട്ട് പുറത്ത്

സമകാലിക മലയാളം ഡെസ്ക്

കാലാവസ്ഥാ വ്യതിയാനം കാരണം എറണാകുളം ജില്ലയില്‍ കൊച്ചി കോര്‍പ്പറേഷന്‍ പരിധിയില്‍ കൊതുകു ശല്യം രൂക്ഷമാകുമെന്ന പഠന റിപ്പോര്‍ട്ട് പുറത്ത്. ഡിസംബര്‍, ജനുവരി, ഫെബ്രുവരി മാസങ്ങളിലെ അന്തരീക്ഷ ഊഷ്മാവിലുണ്ടായിട്ടുള്ള വ്യതിയാനവും നിലവിലുള്ള കൊതുകു സാന്ദ്രതയും പഠിച്ച ശേഷമാണ് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഇതു സംബന്ധിച്ച പഠന റിപ്പോര്‍ട്ട് പുറത്തു വിട്ടത്. 

ഇതേ തുടര്‍ന്ന് കോര്‍പറേഷന്‍ പ്രദേശത്ത് ജില്ലാ വെക്റ്റര്‍ കണ്‍ട്രോള്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ ഊര്‍ജിത കൊതുക് നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ക്ക് പദ്ധതിയിട്ടിട്ടുണ്ട്. കോര്‍പറേഷന്‍ പരിധിയിലെ 60 സ്ഥലങ്ങളില്‍ നടത്തിയ ഈഡിസ് കൊതുകുകളുടെയും ലാര്‍വയുടെയും സാന്ദ്രതാ പഠനത്തിലാണ് ജില്ലയില്‍ വീണ്ടുമൊരു ഡെങ്കിപ്പനി പകര്‍ച്ചയ്ക്കുള്ള സാധ്യത തിരിച്ചറിഞ്ഞിട്ടുള്ളത്. 

ചില സ്ഥലങ്ങളില്‍ 10ഉം ചിലയിടങ്ങളില്‍ 15ഉം ആണ് ലാര്‍വയുടെ സാന്നിധ്യം കണ്ടെത്തിയത്. ഈഡിസ് കൊതുക് ലാര്‍വാ സാന്നിധ്യം 60ന് മുകളിലാണെങ്കില്‍ അവിടെ ഡെങ്കിപ്പനി പടരുന്നതിന് സാധ്യതയുണ്ടെന്നാണ് കണക്കാക്കുന്നത്. ഈ സാഹചര്യത്തില്‍ പ്രദേശങ്ങളില്‍ കൊതുക് ലാര്‍വകളെ നശിപ്പിക്കുന്നതിനുള്ള ലാര്‍വിസൈഡല്‍ സ്‌പ്രേ നടത്തുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. 

മന്തുരോഗം പരത്തുന്ന ക്യൂലക്ക്‌സ് ഇനത്തില്‍ പെട്ട കൊതുകുകളുടെ സാന്ദ്രത കോര്‍പറേഷന്‍ പ്രദേശത്ത് 115 ആണെന്ന് കണ്ടെത്തി. 50ന് മുകളില്‍ ക്യൂലക്‌സ് കൊതുകിന്റെ സാന്ദ്രത വരുന്നത് രോഗം പരത്തുവാനുള്ള സാധ്യത വര്‍ധിപ്പിക്കുമെന്നാണ് പഠനം. 

നഗരത്തില്‍ പലയിടത്തും പകര്‍ച്ചപ്പനി പരത്തുന്ന കൊതുകുകളുടെ ലാര്‍വ കണ്ടെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഡെങ്കി പരത്തുന്ന ഈഡിസ് കൊതുകുകളുടെ സാന്നിധ്യം ഏറിയും കുറഞ്ഞും ദൃശ്യമായിട്ടുള്ളതിനാല്‍ വീടുകളുടെയും കടകളുടെയും  പരിസരങ്ങളില്‍ കൊതുക് മുട്ടയിട്ടു പെരുകുവാന്‍ സാദ്ധ്യതയുള്ള വെള്ളക്കെട്ടുകള്‍ പൂര്‍ണമായും ഇല്ലാതാക്കാന്‍ നടപടികള്‍ സ്വീകരിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്