ആരോഗ്യം

വീട്ടില്‍ ഉണ്ടാക്കിയ തുണി മാസ്‌ക് മതി, പക്ഷേ....; മുഖാവരണം ധരിക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

സമകാലിക മലയാളം ഡെസ്ക്

കോവിഡ് വ്യാപനം തടയുന്നതിനുള്ള നടപടികളുടെ ഭാഗമായി പൊതു സ്ഥലങ്ങളില്‍ മുഖാവരണം നിര്‍ബന്ധമാക്കിയിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. ഇതിന് ആശുപത്രികളില്‍ ഉപയോഗിക്കുന്ന തരം മാസ്‌ക് വേണ്ടെന്ന് ഇതിനകം തന്നെ വ്യക്തമാക്കിയിട്ടുണ്ട്, സര്‍ക്കാരും ആരോഗ്യ പ്രവര്‍ത്തകരും. വീട്ടില്‍ ഉണ്ടാക്കിയ മാസ്‌ക് ധരിച്ചെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ ഇക്കാര്യത്തില്‍ മാതൃക കാണിക്കുകയും ചെയ്തു.

വൈറസ് ബാധ ഏല്‍ക്കുന്നതു തടയാന്‍ വീട്ടിലുണ്ടാക്കിയ മാസ്‌ക് മതിയെങ്കിലും അതില്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്നു ചൂണ്ടിക്കാട്ടുന്നുണ്ട്, ആരോഗ്യ പ്രവര്‍ത്തകര്‍. ഏതു തുണി ഉപയോഗിച്ചാണ് മാസ്‌ക് ഉണ്ടാക്കുന്നത് എന്നതു പ്രധാനമാണെന്ന് അവര്‍ പറയുന്നു. പരുത്തി തുണി മാസ്‌ക് നിര്‍മാണത്തിന് അഭികാമ്യമല്ലെന്നാണ് ആരോഗ്യപ്രവര്‍ത്തകരുടെ പക്ഷം. പരുത്തി തുണിയില്‍ മറ്റു തുണിത്തരങ്ങളെ അപേക്ഷിച്ച് വലിയ വിടവുകളാണ് ഉള്ളത്. ഇത് വൈറസ് വ്യാപനത്തിനു വഴിവയ്ക്കുമെന്ന് അവര്‍ പറയുന്നു.

അറുപതു മുതല്‍ 140 വരെ നാനോമീറ്റര്‍ വ്യാസമാണ് കൊറോണ വൈറസിന് ഉള്ളത്. ഏതു തുണിത്തരത്തിലെയും വിടവുകള്‍ സാധാരണ ഗതിയില്‍ ഇതിനേക്കാള്‍ വലുതായിരിക്കും. പിന്നെ എന്തുകൊണ്ടാണ് പരുത്തി തുണി മാത്രം പറ്റില്ലെന്നു പറയുന്നത്? കൊറോണ വൈറസ് വായുവിലൂടെ പകരില്ലെന്നാണ് ഇതുവരെയുള്ള നിഗമനം. വൈറസ് ബാധയുള്ളയാള്‍ ചുമയ്ക്കുമ്പോഴോ തുമ്മുമ്പോഴോ പുറത്തേക്കു തെറിക്കുന്ന സ്രവ ശകലങ്ങളിലൂടെയാണ് വൈറസ് പുറത്തേക്കു വ്യാപിക്കുന്നത്. ഈ സ്രവ ശകലങ്ങള്‍ കടന്നുപോവാത്ത തരം തുണിത്തരങ്ങള്‍ ഉപയോഗിക്കണം എന്നു പറയുന്നത് അതുകൊണ്ടാണ്.

തുണി മാസ്‌ക് ഉപയോഗിക്കുന്നതിനെ എതിര്‍ക്കുന്നില്ലെങ്കിലും പരുത്തി, വല പോലുള്ള തുണികള്‍ എന്നിവ ഉപയോഗിച്ച് നിര്‍മിക്കുന്ന മുഖാവരണം കാര്യമായ പ്രയോജനം ചെയ്യില്ലെന്ന് ലോകാരോഗ്യ സംഘടനയും ചൂണ്ടിക്കാട്ടുന്നുണ്ട്. തുണി മാസ്‌ക് നിര്‍മിക്കുമ്പോള്‍ പല അടരുകളായി (ലെയര്‍) നിര്‍മിക്കുന്നത് കൂടുതല്‍ ഗുണം ചെയ്യുമെന്നും ആരോഗ്യ പ്രവര്‍ത്തകര്‍ പറയുന്നുണ്ട്്.

വൃത്തിയായി ഉപയോഗിക്കുക എന്നതാണ് തുണി മാസ്‌ക് ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ഒരു കാര്യം. ഇല്ലെങ്കില്‍ ഗുണത്തേക്കാളേറെ ദോഷം ചെയ്യും. സാധാരണ സര്‍ജിക്കല്‍ മാസ്‌ക് ആറു മണിക്കൂര്‍ നേരമാണ് ഉപയോഗിക്കുന്നത്. അതിനു ശേഷം അത് കളയുകയാണ് ചെയ്യുന്നത്. തുണി മാസ്‌ക് ഇത്ര ഉപയോഗിച്ചതിനു ശേഷം കഴുകി വീണ്ടും ഉപയോഗിക്കാം. ഓരോ തവണ ഉപയോഗിച്ചതിനു ശേഷവും ചൂടുവെള്ളത്തില്‍ കഴുകണം. നല്ല വെയിലത്ത് ഉണക്കുകയും വേണം.

മാസ്‌ക് ധരിക്കുമ്പോള്‍ സംഭവിക്കുന്ന മറ്റൊരു അപകടമാണ്, ഇടയ്ക്കിടെ അതു കൈകൊണ്ട് നേരെയാക്കുന്നത്. മാസ്‌കില്‍, പ്രത്യേകിച്ചും മുന്‍ഭാഗത്ത് കൈകൊണ്ടു തൊടാനേ പാടില്ല. ഇടയ്ക്കിടെ മാസ്‌ക് ശരിയാക്കാന്‍ കൈകൊണ്ട് തൊടുന്നത് മാസ്‌ക് ധരിക്കുന്നത് കൂടുതല്‍ അപകടകരമാക്കുകയാണ് ചെയ്യുന്നത്. മാസ്‌ക് ധരിച്ചിട്ടുണ്ട് എന്നത് തെറ്റായ ഒരു സുരക്ഷിത ബോധം ഉണ്ടാക്കും എന്നതും ആരോഗ്യ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്ന കാര്യമാണ്. സാമൂഹിക അകലം, കൈകള്‍ വൃത്തിയാക്കല്‍ തുടങ്ങിയ അതിപ്രധാനമായ കാര്യങ്ങളില്‍ അയവു വരാന്‍ ഈ മിഥ്യാ സുരക്ഷിത ബോധം ഇടയാക്കും. മാസ്‌ക് ധരിക്കുമ്പോള്‍ അക്കാര്യവും ഓര്‍മയില്‍ വേണം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

ഹയര്‍ സെക്കന്‍ഡറി പരീക്ഷാ ഫലം നാളെ

ഡെങ്കിപ്പനി വ്യാപന സാധ്യത, വരുന്ന ഞായറാഴ്ച വീടുകളില്‍ ഡ്രൈ ഡേ ആചരിക്കണം: വീണാ ജോര്‍ജ്

തൃക്കാരിയൂര്‍ ശിവനാരായണന്‍ ചെരിഞ്ഞു

ആരാണ് ഇടവേള ആഗ്രഹിക്കാത്തത്?; മുഖ്യമന്ത്രി പോയത് സ്വന്തം ചെലവിലെന്ന് എംവി ഗോവിന്ദന്‍