ആരോഗ്യം

ഹാന്റ വൈറസ് അപകടകാരിയോ?; രോ​ഗലക്ഷണങ്ങളും, മരണ സാധ്യതയും ; അറിയേണ്ടതെല്ലാം

സമകാലിക മലയാളം ഡെസ്ക്

ബീജിങ് : കൊറോണ വൈറസ് ബാധയുടെ ആഘാതത്തിൽ ലോകരാജ്യങ്ങൾ പകച്ചുനിൽക്കെയാണ് ചൈനയിൽ പുതിയ വൈറസ് ബാധ റിപ്പോർട്ട് ചെയ്ത വിവരം പുറത്തെത്തുന്നത്.  ഹാന്റ വൈറസ് ബാധയേറ്റ് ചൈനയിൽ ഒരാൾ മരിച്ചുവെന്നാണ്  ​ഗ്ലോബൽ ടൈംസ് റിപ്പോർട്ട് ചെയ്തത്. ചൈനയിലെ യുനാൻ പ്രവിശ്യയിൽ നിന്നുള്ളയാളാണ് ഹാന്റവൈറസ് ബാധ മൂലം മരിച്ചത്.

എലികളിലൂടെയാണ് ഹാന്റവൈറസ് പകരുന്നതെന്ന് സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ വ്യക്തമാക്കുന്നു. എലികളിൽ നിന്നും മനുഷ്യരിലേക്കു പകരുന്നതാണ് ഈ വൈറസ്. മനുഷ്യരിൽനിന്നു മനുഷ്യരിലേക്ക് പടരില്ല. ദക്ഷിണ കൊറിയയിലെ ഹാന്റന്‍ നദീതീരത്താണ് ഈ വൈറസ് ആദ്യം റിപ്പോർട്ട് ചെയ്തത്. അങ്ങനെയാണ് ഈ പേരു ലഭിക്കുന്നത്.  

എലികളുടെ മൂത്രം, കാഷ്ഠം, ഉമിനീർ എന്നിവ വഴിയാണു രോഗം മനുഷ്യനിലേക്കു പകരുന്നത്. മനുഷ്യശരീരത്തിലേക്ക് എത്തുന്നത് പ്രധാനമായും അന്തരീക്ഷത്തിലൂടെയാണ്. എലികളുടെ വിസർജ്യവും അവ കരണ്ടുതിന്നുന്ന വസ്തുക്കളും അന്തരീക്ഷത്തിലെ പൊടിയോടൊപ്പം കലരുകയും അത് മനുഷ്യൻ ശ്വസിക്കുകയും ചെയ്യുമ്പോഴാണു വൈറസ് ബാധിക്കുക. ശ്വാസകോശത്തെയും വൃക്കകളെയുമാണു രോഗം പ്രധാനമായും ബാധിക്കുക. നേരത്തേ ഒട്ടേറെ രാജ്യങ്ങളിൽ ഹാന്റവൈറസ് പരത്തുന്ന ഹാന്റവൈറസ് പൾമനറി സിൻഡ്രം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

മനുഷ്യർക്ക് രോഗം പകരുന്നത് എലികളിൽനിന്നു മാത്രമാണ്. മനുഷ്യനിൽ നിന്നു മനുഷ്യനിലേക്ക് വൈറസ് പകരില്ലെന്ന് ആരോ​ഗ്യവിദ​ഗ്ധർ പറയുന്നു. വൈറസ് ബാധിച്ച് 1–8 ദിവസങ്ങൾക്കകം ലക്ഷണങ്ങൾ പ്രകടമാകും. ക്ഷീണം, പനി, പേശിവേദന, വയറുവേദന, ഛർദി, വയറിളക്കം, വിറയൽ, തലകറക്കം തുടങ്ങിയവയാണ് ആദ്യ ലക്ഷണങ്ങൾ. 

രണ്ടാംഘട്ട ലക്ഷണം (രോഗം ബാധിച്ച് 4–10 ദിവസത്തിനു ശേഷം): നെഞ്ചിൽ കഫം നിറയൽ, ചുമ, ശ്വാസതടസ്സം. മുഖത്ത് തലയിണ അമർത്തിപ്പിടിച്ചതു പോലെയും നെഞ്ചിൽ വരിഞ്ഞുമുറുക്കിയതു പോലെയുമുള്ള അവസ്ഥയെന്നാണ് രോഗം ഭേദമായവര്‍ ശ്വാസതടസ്സത്തെ വിശദീകരിച്ചത്.രോഗം ബാധിച്ചാൽ മരണത്തിനുള്ള സാധ്യത 38 ശതമാനം മാത്രമാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കണ്ണൂരിൽ കാറും ലോറിയും കൂട്ടിയിടിച്ച് 5 പേർ മരിച്ചു

പന്നു വധ ശ്രമം; ​ഗൂഢാലോചനയ്ക്ക് പിന്നിൽ 'റോ'യുടെ വിക്രം യാദവ്; വെളിപ്പെടുത്തൽ

അമേഠിയിലേക്കില്ല; രാഹുല്‍ ഗാന്ധി റായ്ബറേലിയില്‍ മത്സരിച്ചേക്കും, റിപ്പോര്‍ട്ട്

പലിശ വായ്പാ തുക കൈയില്‍ കിട്ടിയ ശേഷം മാത്രം; ധനകാര്യസ്ഥാപനങ്ങള്‍ തെറ്റായ പ്രവണതകള്‍ അവസാനിപ്പിക്കണമെന്ന് ആര്‍ബിഐ

വടകരയില്‍ 78.41, പത്തനംതിട്ടയില്‍ 63.37; സംസ്ഥാനത്ത് 71.27 ശതമാനം പോളിങ്