ആരോഗ്യം

മുട്ടയും ചിക്കനുമൊക്കെ കഴിക്കാമോ? പക്ഷിപ്പനി പേടിക്കണ്ടെന്ന് വിദ​ഗ്ധർ, മുൻകരുതൽ ഇങ്ങനെ

സമകാലിക മലയാളം ഡെസ്ക്

രാജ്യത്ത് കേരളമടക്കം നിരവധി സംസ്ഥാനങ്ങളിൽ നിലവിൽ പക്ഷിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. നൂറ് കണക്കിന് പക്ഷികളാണ് രാജസ്ഥാൻ, മധ്യപ്രദേശ്, ഹിമാചൽപ്രദേശ്, ഗുജറാത്ത്, കേരളം തുടങ്ങിയ സംസ്ഥാനങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ പക്ഷിപ്പനി അഥവാ ഏവിയൻ ഇൻഫ്ലുവൻസ വ്യാപനവുമായി ബന്ധപ്പെട്ട് ചത്തത്. പക്ഷിപ്പനി റിപ്പോർട്ട് ചെയ്തതോടെ മുട്ടയും ചിക്കനുമൊക്കെ കഴിക്കാമോ എന്ന് സംശയിക്കുന്നവർ ഏറെയാണ്. പക്ഷിപ്പനി കാരണം ചില പ്രദേശങ്ങളിൽ കോഴി വിലയിൽ വലിയ ഇടിവും റിപ്പോർട്ട് ചെയ്യുന്നുണ്ട്. എന്നാൽ നന്നായി വേവിച്ച് കഴിച്ചാൽ ഇവ മനുഷ്യരിലേക്ക് വൈറസ് പകരാൻ കാരണമാകില്ലെന്നാണ് വിദ​ഗ്ധർ പറയുന്നത്.  

ചൂടേറ്റാൽ വൈറസ് നശിക്കുന്നതായതിനാൽ പാചകത്തിന് ഉപയോഗിക്കുന്ന സാധാരണ താപനില (ഭക്ഷണത്തിന്റെ എല്ലാ ഭാഗത്തും 70 ഡിഗ്രി സെൽഷ്യസ് വരെ ചൂടാകുന്ന അളവ്) വരെ ഇറച്ചിയും മുട്ടയും ചൂടാക്കിയാൽ ആ വൈറസ് നശിക്കും എന്നാണ് ലോകാരോഗ്യ സംഘടനയുടെ പ്രസ്താവനയിൽ പറയുന്നത്. മുൻകരുതൽ എന്ന നിലയിൽ പച്ചമാംസം കൈകാര്യം ചെയ്യുന്നതിന് മുൻപും ശേഷം കൈകൾ 20 സെക്കന്റ് ഇളം ചൂടുള്ള വെള്ളത്തിൽ  സോപ്പുപയോഗിച്ച് കഴുകി വൃത്തിയാക്കാനാണ് നിർദേശം. മുട്ട പുഴുങ്ങിയോ പൊരിച്ചോ മാത്രം ഉപയോഗിക്കണമെന്നും പകുതി വേവിച്ചതും ബുൾസ് ഐ ആക്കിയതുമൊക്കെ ഒഴിവാക്കണ‌മെന്നും വിദ​ഗ്ധർ ഉപദേശിക്കുന്നു. 

എല്ലാ ഏവിയൻ ഇൻഫ്ലുവൻസ വൈറസുകളും മനുഷ്യരിൽ രോഗത്തിന് കാരണമാകില്ല. പക്ഷെ, ചിലത് കഠിനമായ രോഗബാധയ്ക്ക് കാരണമാകാറുമുണ്ട്. കോഴിയിറച്ചിയിൽ കാണുന്ന ഏവിയൻ ഇൻഫ്ലുവൻസ എച്ച് 5 എൻ 1 വൈറസാണ് ഇവയിൽ ഏറ്റവും പ്രധാനം. കയ്യുറകളും മറ്റ് സുരക്ഷാ നടപടികളും പാലിച്ചില്ലെങ്കിൽ കോഴിയെയും അവയുടെ മുട്ടയുമൊക്കെ കൈകാര്യം ചെയ്യുന്നവർക്ക് ഏവിയൻ ഇൻഫ്ലുവൻസ പകരാനുള്ള സാധ്യതയുണ്ടെന്നാണ് ആരോഗ്യ വിദഗ്ധർ നൽകുന്ന മുന്നറിയിപ്പ്. 

കശാപ്പ് ചെയ്യുമ്പോഴോ, രോഗബാധയുള്ളതോ ചത്തതോ ആയ പക്ഷികളോ കൈകാര്യം ചെയ്യുമ്പോഴോ ആണ് മനുഷ്യരിലേക്ക് അണുബാധ വ്യാപിക്കുന്നതെന്നും  ലോകാരോഗ്യ സംഘടന പറയുന്നു. ഇത്തരം സാഹചര്യങ്ങൾ ഒഴിവാക്കുന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യമെന്നും വിദ​ഗ്ധർ അഭിപ്രായപ്പെടുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഡ്രൈവിങ് ടെസ്റ്റ്: സര്‍ക്കുലറിന് സ്‌റ്റേ ഇല്ല; പരിഷ്‌കരണവുമായി മുന്നോട്ടു പോകാമെന്ന് ഹൈക്കോടതി

ഗോദ്‌റെജ് രണ്ടാകുന്നു, എന്തുകൊണ്ട് 127 വര്‍ഷം പാരമ്പര്യമുള്ള ഗ്രൂപ്പ് വിഭജിക്കുന്നു?; ആര്‍ക്ക് എന്തുകിട്ടും?

15 വിക്കറ്റുകള്‍, വിക്കറ്റ് വേട്ടയില്‍ നടരാജന്‍ മുന്നില്‍

ആരാധകര്‍ക്കായി... മറഡോണയുടെ മൃതദേഹം സെമിത്തേരിയില്‍ നിന്നു മാറ്റണം; ആവശ്യവുമായി മക്കള്‍

രജനീകാന്തിന്റെ ജീവിതം സിനിമയാവുന്നു; ബയോപിക്കിന്റെ അവകാശം സ്വന്തമാക്കി സാജിദ് നദിയാവാല