BRIC-RGCB Invites Applications for MSc Biotechnology Programme 2026-28. 
Career

ബയോടെക്നോളജിയിൽ കരിയർ സെറ്റ് ആക്കണോ ? രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിക്കണം, കാരണങ്ങൾ ഇതാ...

ഗവേഷണാധിഷ്ഠിത പഠനത്തിന് പ്രാധാന്യം നൽകുന്ന ഈ കോഴ്സ് ഇന്ത്യയിലെ ബയോടെക്നോളജി വിദ്യാഭ്യാസ രംഗത്ത് വ്യത്യസ്തമായ ഒരു മാതൃകയാണ്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Joice Daniel

ബയോടെക്നോളജി, ജനിതകശാസ്ത്രം, രോഗപഠനം തുടങ്ങിയ അത്യാധുനിക ശാസ്ത്രമേഖലകളിൽ കരിയർ കെട്ടിപ്പടുക്കാൻ അവസരം. തിരുവനന്തപുരം പൂജപ്പുരയിലുള്ള രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജി (BRIC-RGCB)യിൽ എം.എസ്‌സി ബയോടെക്നോളജി കോഴ്സിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ഗവേഷണാധിഷ്ഠിത പഠനത്തിന് പ്രാധാന്യം നൽകുന്ന ഈ കോഴ്സ് ഇന്ത്യയിലെ ബയോടെക്നോളജി വിദ്യാഭ്യാസ രംഗത്ത് വ്യത്യസ്തമായ ഒരു മാതൃകയാണ്.

കേന്ദ്ര സർക്കാരിന്റെ ബയോടെക്നോളജി വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന ആർ.സി.ബി, ഗവേഷണ-വിദ്യാഭ്യാസ രംഗത്തെ പ്രമുഖ സ്ഥാപനങ്ങളിലൊന്നാണ്. ഐക്യരാഷ്ട്രസഭയുടെ വിദ്യാഭ്യാസ, ശാസ്ത്ര, സാംസ്കാരിക സംഘടനയായ യുനസ്‌കോ(UNESCO)യുടെ പിന്തുണയോടെയാണ് ആർ.സി.ബി സ്ഥാപിക്കപ്പെട്ടത്. ഇതിലൂടെ വിദ്യാർഥികൾക്ക് ദേശീയ-അന്തർദേശീയ നിലവാരമുള്ള പഠനവും ഗവേഷണ അന്തരീക്ഷവും ലഭിക്കും.

കോഴ്സിന്റെ പ്രത്യേകത എന്താണ്?

സാധാരണ സർവകലാശാലകളിൽ നടക്കുന്ന ബയോടെക്നോളജി കോഴ്സുകളിൽ നിന്ന് ഈ പ്രോഗ്രാം ഏറെ വ്യത്യസ്തമാണ്. ഇവിടെ പഠനം ഒരു സജീവ ഗവേഷണ സ്ഥാപനത്തിനകത്താണ് നടക്കുന്നത്. അതിനാൽ വിദ്യാർഥികൾക്ക് ക്ലാസ് മുറിയിലെ പഠനത്തിനൊപ്പം യഥാർത്ഥ ഗവേഷണ പദ്ധതികളുമായി പരിചയപ്പെടാനും അവസരം ലഭിക്കുന്നു.

ബയോടെക്നോളജിയുടെ അടിസ്ഥാന ഭാഗങ്ങൾ, ആധുനിക ലബോറട്ടറി സാങ്കേതിക വിദ്യകൾ, ജൈവ സാങ്കേതികവിദ്യയുടെ വ്യവസായ പ്രയോഗങ്ങൾ, ഗവേഷണ രീതിശാസ്ത്രം എന്നിവയാണ് പഠനത്തിന്റെ പ്രധാന മേഖലകൾ. വിദ്യാർഥികൾക്ക് ലബോറട്ടറികളിൽ നേരിട്ടുള്ള പരിശീലനം ലഭിക്കുന്നതിനാൽ ഗവേഷണ രംഗത്തേക്കോ വ്യവസായ മേഖലയിലേക്കോ പ്രവേശിക്കാൻ ആവശ്യമായ പ്രായോഗിക കഴിവുകൾ വികസിപ്പിക്കാൻ കഴിയും.

ഈ കോഴ്സ് പ്രധാനമായും ഗവേഷണ മേഖലയിലേക്ക് വിദ്യാർഥികളെ പ്രാപ്തരാക്കുന്നതിനാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. BRIC-RGCBയിലെയും ഇന്ത്യയിലെയും വിദേശ രാജ്യങ്ങളിലെയും പ്രമുഖ ഗവേഷണ സ്ഥാപനങ്ങളിലെ പി.എച്ച്.ഡി പ്രോഗ്രാമുകളിലേക്ക് പ്രവേശിക്കാൻ ഈ കോഴ്സ് മികച്ച അടിത്തറ ഒരുക്കുന്നു.

അതുകൊണ്ട് തന്നെ ശാസ്ത്രീയ ഗവേഷണം, വികസനം, നവീകരണം, അധ്യാപനം തുടങ്ങിയ മേഖലകളിൽ കരിയർ ലക്ഷ്യമിടുന്ന വിദ്യാർഥികൾക്ക് ഈ പ്രോഗ്രാം ഏറെ പ്രയോജനകരമാണ്.

യോഗ്യത

  • പ്രവേശനത്തിന് അപേക്ഷിക്കുന്ന എല്ലാ വിദ്യാർഥികൾക്കും സാധുവായ ഗേറ്റ് -ബി (GAT-B) സ്കോർ ഉണ്ടായിരിക്കണം.

  • ലൈഫ് സയൻസ് അല്ലെങ്കിൽ മെഡിസിൻ വിഭാഗങ്ങളിലെ ഏതെങ്കിലും ബിരുദ കോഴ്സിൽ കുറഞ്ഞത് 60 ശതമാനം മാർക്ക്.

  • തത്തുല്യ ഗ്രേഡും അംഗീകരിക്കും.

  • എസ്.സി, എസ്.ടി, ഒ.ബി.സി (നോൺ-ക്രീമിലെയർ), ഭിന്നശേഷി വിഭാഗക്കാർക്ക് അഞ്ച് ശതമാനം മാർക്ക് ഇളവ് ലഭിക്കും.

  • ബിരുദ പഠനത്തിന്റെ അവസാന വർഷം പഠിക്കുന്ന വിദ്യാർഥികൾക്കും അപേക്ഷിക്കാം.

  • പ്രവേശന സമയത്ത് ആവശ്യമായ മാർക്ക് നേടിയതിന്റെ രേഖ ഹാജരാക്കണം.

സീറ്റുകളുടെ എണ്ണം

ഓരോ അധ്യയന വർഷത്തിലും ആകെ 20 സീറ്റുകളാണുള്ളത്. ആദ്യ വർഷത്തിൽ എല്ലാ വിദ്യാർഥികൾക്കും അടിസ്ഥാന ബയോടെക്നോളജി വിഷയങ്ങളിൽ പരിശീലനം നൽകും. രണ്ടാം വർഷത്തിൽ വിദ്യാർഥികൾക്ക് താഴെപ്പറയുന്ന രണ്ട് സ്പെഷ്യലൈസേഷനുകളിൽ ഏതെങ്കിലും ഒന്ന് തെരഞ്ഞെടുക്കാം.

1. ഡിസീസ് ബയോളജി (Disease Biology)

മനുഷ്യരിലും മറ്റ് ജീവികളിലും രോഗങ്ങൾ എങ്ങനെ ഉണ്ടാകുന്നു, അവയുടെ ജൈവശാസ്ത്രപരമായ അടിസ്ഥാനങ്ങൾ എന്തൊക്കെയാണ്, രോഗനിർണയത്തിനും ചികിത്സയ്ക്കുമായി ഉപയോഗിക്കുന്ന ആധുനിക സാങ്കേതിക വിദ്യകൾ എന്തൊക്കെയാണ് തുടങ്ങിയ വിഷയങ്ങളാണ് ഈ വിഭാഗത്തിൽ പഠിക്കുന്നത്.

2. ജനറ്റിക് എൻജിനീയറിങ് (Genetic Engineering)

ജീനുകളുടെ ഘടന, പ്രവർത്തനം, ജനിതക മാറ്റങ്ങൾ, ഡി.എൻ.എ സാങ്കേതിക വിദ്യകൾ, ജീൻ എഡിറ്റിങ്, ജൈവ എൻജിനീയറിങ് പ്രയോഗങ്ങൾ എന്നിവയാണ് ഈ സ്പെഷ്യലൈസേഷന്റെ പ്രധാന പഠന മേഖലകൾ.

GAT-B ഫലം പ്രസിദ്ധീകരിച്ചതിന് ശേഷമാണ് ഓൺലൈൻ അപേക്ഷാ നടപടികൾ ആരംഭിക്കുക. അഡ്മിഷൻ, കൗൺസിലിംഗ് തീയതികൾ BRIC-RGCBയുടെ ഔദ്യോഗിക വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. 2026-2028 ബാച്ചിന്റെ ക്ലാസുകൾ 2026 ഓഗസ്റ്റ് 1 മുതൽ ആരംഭിക്കും.

BRIC-RGCB Invites Applications for MSc Biotechnology Programme 2026-28.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വീര്യം കുറഞ്ഞ മദ്യം വിൽക്കണോ എന്ന് യുഡിഎഫ് തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി; പ്രതിഷേധങ്ങൾക്കൊടുവിൽ യു-ടേണ്‍

വനിതകൾക്ക് തൊഴിൽ അവസരം; മഹിളാ സമഖ്യ സൊസൈറ്റിയിൽ നിയമനം

തടി കുറയ്ക്കാൻ തുളസിച്ചായ, ശീലമാക്കിയാൽ ഫലം ഉറപ്പ്

കൈക്കൂലി കേസില്‍ ശിക്ഷിക്കപ്പെട്ട വില്ലേജ് ഓഫീസര്‍ ഒളിവില്‍ പോയി; 16 വര്‍ഷത്തിന് ശേഷം പിടികൂടി ജയില്‍ അടച്ച് വിജിലന്‍സ്

'പവൻ സാർ വിളിച്ചാൽ രണ്ടാമതൊന്ന് ആലോചിക്കില്ല, ഞാൻ അവിടെ ഉണ്ടാകും'; 'ഒജി 2'വിനെക്കുറിച്ച് അർജുൻ ദാസ്