ചലച്ചിത്രം

ഞെക്കിക്കൊന്നോളു പക്ഷേ ശ്വാസം മുട്ടിച്ച് കൊല്ലരുത്; സിനിമ വിടാനുള്ള കാരണം വ്യക്തമാക്കി സുരേഷ് ഗോപി

സമകാലിക മലയാളം ഡെസ്ക്

സിനിമ വിടാനുള്ള കാരണം വ്യക്തമാക്കി സുരേഷ് ഗോപി. 2015ല്‍ പുറത്തിറങ്ങിയ മൈ ഗോഡ് എന്ന ചിത്രത്തിലാണ് സുരേഷ് ഗോപി അവസാനമായി അഭിനയിച്ചത്. പിന്നീട് ടെലിവിഷന്‍ പരിപാടിയിലേക്ക് കാല് മാറിയ സുരേഷ് അധികം വൈകാതെ രാഷ്ട്രീയത്തില്‍ പ്രവേശിച്ചു. ഞെക്കിക്കൊന്നോളും പക്ഷേ ശ്വാസം മുട്ടിച്ച് കൊല്ലരുത് എന്നാണ് സിനിമ രംഗത്ത് തനിക്കുണ്ടായ ദുരനുഭവങ്ങള്‍ പങ്കുവെച്ച് സുരേഷ് ഗോപി ഒരു പൊതുപരിപാടിയില്‍ പറഞ്ഞത്. തിരുവനന്തപുരം എസ്.എ.ടി. ആശുപത്രിയില്‍ ബയോകെമിസ്ട്രി അനലൈസറിന്റെ സമര്‍പവും ഉദ്ഘാടനവും നിര്‍വഹിച്ച് സംസാരിക്കവേയാണ് അദ്ദേഹം വികാരാധീനനായത്. 

സിനിമയില്‍ നല്ല വേഷങ്ങള്‍ ചെയ്തു കൊണ്ടിരുന്ന സമയത്താണ് ചാനല്‍ റിയാലിറ്റി ഷോയില്‍ അവതാരകനായത്. അത് ഹിറ്റായത്‌ ചില സിനിമാ പ്രവര്‍ത്തകര്‍ക്ക് ഇഷ്ടപ്പെട്ടില്ല. ഫിലിം ചേംബറും നിര്‍മാതാക്കളുടെ സംഘടനയും ആ പരിപാടി അവതരിപ്പിക്കുന്നത് നിര്‍ത്തണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ ജനങ്ങളുമായി നന്നായി സംവദിക്കാന്‍ കഴിയുന്ന പരിപാടി ഒഴിവാക്കാന്‍ തയ്യാറായില്ല. അതോടെ സിനിമ ചെയ്യാന്‍ നിയന്ത്രണമേര്‍പ്പെടുത്തി. അങ്ങനെ സിനിമ വേണ്ടെന്ന് വച്ച് ആ പരിപാടിയില്‍ ഞാന്‍ സജീവമാകുകയായിരുന്നു. സുരേഷ് പറയുന്നു. 

മനുഷ്യരുമായി വളരെയേറെ സംവദിക്കാന്‍ ഇതിലൂടെ കഴിഞ്ഞു. സാധാരണക്കാരുടെ വേദനയും പ്രതീക്ഷകളും സ്വപ്നങ്ങളുമെല്ലാമറിഞ്ഞു. ആ പ്ലാറ്റ് ഫോമിലിരുന്നപ്പോള്‍ വല്ലാത്തൊരു അനുഭവമായിരുന്നു. അതുകൊണ്ട് തന്നെ സിനിമകള്‍ നഷ്ടപ്പെട്ടതില്‍ വേദനയില്ല. സുരേഷ് ഗോപി വ്യക്തമാക്കി.

സാധാരണക്കാരുടെ ആശുപത്രിയായ എസ്.എ.ടി. ആശുപത്രിയുമായി തനിക്ക് വളരെ അടുത്ത ആത്മബന്ധമാണുള്ളതെന്ന് സുരേഷ് ഗോപി പറഞ്ഞു. തന്റെ ആദ്യത്തെ പെണ്‍കുഞ്ഞിനെ സമ്മാനിച്ചത് എസ്.എ.ടി. ആശുപത്രിയാണെന്നും ആ കുഞ്ഞ് അപകടത്തില്‍ പെട്ട് അവസാനം മരണമടഞ്ഞതും തൊട്ടടുത്തുള്ള മെഡിക്കല്‍ കോളേജിലെ തീവ്ര പരിചരണ വിഭാഗത്തില്‍ വച്ചാണെന്നും വേദനയോടെ സുരേഷ് ഗോപി പറഞ്ഞു.

എംപി ഫണ്ടില്‍ നിന്നും വാങ്ങിച്ച രക്ത പരിശോധന മെഷീന്‍ തന്റെ കൈയ്യില്‍ നിന്നും പണമെടുത്തല്ല വാങ്ങിയതെന്നും സുരേഷ് ഗോപി പറഞ്ഞു. ജനങ്ങളുടെ നികുതിപ്പണമുപയോഗിച്ച് വാങ്ങിയ ഈ രക്തപരിശോധന ഉപകരണം ലക്ഷക്കണക്കിന് പാവപ്പെട്ട രോഗികള്‍ക്ക് സഹായകരമാകുന്നതില്‍ സന്തോഷമുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോക്‌സഭാ തെരഞ്ഞെടുപ്പ്: 8,889 കോടിയുടെ പണവും സാധനങ്ങളും പിടിച്ചെടുത്തു, 3,958 കോടിയുടെ മയക്കുമരുന്നും ഉള്‍പ്പെടും

സാമൂഹ്യമാധ്യമം വഴി പരിചയം, 17കാരിയെ വിവാഹവാ​ഗ്ദാനം നൽകി പീഡിപ്പിച്ചു; യുവാവ് അറസ്റ്റിൽ

രണ്ടാഴ്ച നിര്‍ണായകം, മഞ്ഞപ്പിത്തം മുതിര്‍ന്നവരില്‍ ഗുരുതരമാകാന്‍ സാധ്യതയേറെ: മന്ത്രി വീണാ ജോര്‍ജ്

സുധി അന്നയുടെ 'പൊയ്യാമൊഴി' കാനിൽ: പ്രദർശനം നാളെ

'ഒളിവിലിരുന്ന് സ്വയരക്ഷയ്ക്കു വേണ്ടി പ്രതി പറയുന്ന കാര്യങ്ങള്‍ അപമാനം'; അതിജീവിതയെ അപമാനിക്കുന്ന വിധം വാര്‍ത്തകള്‍ നല്‍കരുത്: വനിതാ കമ്മിഷന്‍