നടി ജ്യോതി കൃഷ്ണയ്ക്കെതിരെ വീണ്ടും സൈബര്‍ ആക്രമണം. ഫേസ്ബുക്കില്‍ വ്യാജ അക്കൗണ്ട് ഉണ്ടാക്കി ആരോ കുടുംബം തകര്‍ക്കാനുള്ള ശ്രമം നടത്തുകയാണെന്ന് നടിതന്നെ തന്റെ ഫെയ്സ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ ആരോപിച്ചു. ശ്രീഭദ്ര എന്ന വ്യാജ പ്രൊഫൈലില്‍ നിന്ന് തന്റെ ഭര്‍ത്താവിന്റെ കുടുംബാംഗങ്ങളെ തിരഞ്ഞുപിടിച്ച് തന്നെയും കുടുംബത്തേയും അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ മെസേജുകള്‍ അയയ്ക്കുകയാണെന്ന് ജോതികൃഷ്ണ വീഡിയോയില്‍ പറയുന്നു.
കഴിഞ്ഞയാഴ്ച്ച വിവാഹം കഴിഞ്ഞ ജ്യോതി ഇപ്പോള്‍ ഭര്‍ത്താവിനൊപ്പം ദുബായിലാണുള്ളത്. മുമ്പും ജ്യോതിക്കെതിരെ സമൂഹമാധ്യമം ഉപയോഗപ്പെടുത്തി ആക്രമണം ഉണ്ടായപ്പോള്‍ ഫേസ്ബുക്കിലൂടെയാണ് നടി മറുപടി കൊടുത്തത്. ഒന്നരവര്‍ഷം മുമ്പ് തന്റെ മോര്‍ഫ് ചെയ്ത ഫോട്ടോ വാട്സാപ്പിലൂടെയും മറ്റും പ്രചരിച്ചപ്പോള്‍ ഫേസ്ബുക്കിലൂടെയാണ് സംസാരിച്ചിരുന്നതെന്നും അന്ന് ലഭിച്ച വലിയ പിന്തുണയാണ് ഇത്തരത്തിലൊരു സംഭവം വീണ്ടും നേരിടേണ്ടിവന്നപ്പോള്‍ ഇങ്ങനൊരു പോസ്റ്റിടാന്‍ കാരണമെന്നും പറഞ്ഞാണ് ജോതി തനിക്കുണ്ടായ ആക്രമണത്തെകുറിച്ച് വിവരിച്ചത്.
'എന്റെയും എന്റെ ഭര്‍ത്താവിന്റെയും ഫേസ്ബുക്ക് അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്തുവച്ചിട്ട് ശ്രീഭദ്ര എന്നു പേരിലുള്ള വ്യാജ ഐഡി ഉണ്ടാക്കി എന്റെ ഭര്‍ത്താവിന്റെ കുടുംബത്തിലെ ഓരോരുത്തരെയും അന്വേഷിച്ച് കണ്ടുപിടിച്ച് എന്നെ കുറിച്ചും എന്റെ കുടുംബത്തെക്കുറിച്ചും വളരെ മോശമായ രീതിയില്‍ മെസേജുകള്‍ അയച്ചുകൊണ്ടിരിക്കുകയാണ്. നിങ്ങളല്ലാതെ ഈ കല്ല്യാണം നടത്തുമോ തുടങ്ങിയ മോശപ്പെട്ട കാര്യങ്ങളാണ് മെസേജുകളില്‍ പറയുന്നത്', ജ്യോതി സംഭവത്തെകുറിച്ച് വീഡിയോയില്‍ പറഞ്ഞു.
എന്തായാലും കല്ല്യാണം കഴിഞ്ഞു. കല്ല്യാണം കഴിയുന്നതിന് മുന്പായിരുന്നെങ്കില് എന്തെങ്കിലും കാര്യമുണ്ടാകുമായിരുന്നു. ഇത്രയൊക്കെയായിട്ടും അത് അയച്ചുകൊടുക്കുക എന്നു പറഞ്ഞാല്‍ അസുഖം വേറെയാണ്. പ്രതികരിക്കാന്‍ ഏറ്റവും നല്ല മാധ്യമം ഫേസ്ബുക്ക് ആണല്ലോ. അതുകൊണ്ടാണ് ഇപ്പോള്‍ ഇതില്‍ വന്നത്. എന്റെയും ഭര്‍ത്താവിന്റെയും അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്തതു കൊണ്ട് ഈ അക്കൗണ്ടിലേക്ക് എനിക്ക് മെസേജ് അയക്കാന്‍ പറ്റില്ല. ഇത് ചെയ്യുന്ന ചേട്ടന്റെയോ ചേച്ചിയുടെയോ ഉദ്ദേശം എനിക്ക് അറിയില്ല. നിങ്ങളുടെ ഉദ്ദേശം എന്താണെങ്കിലും അത് വെറുതെയായിപ്പോയി. കാരണം എന്റെ ഭര്‍ത്താവാണെങ്കിലും ഭര്‍ത്താവിന്റെ വീട്ടുകാരാണെങ്കിലും നിങ്ങള്‍ മെസേജ് അയച്ച ആരാണെങ്കിലും എനിക്ക് നല്ല പിന്തുണയാണ് നല്‍കിയത്. പോവാന്‍ പറ എന്നാണ് പറഞ്ഞിട്ടുള്ളത്. നല്ല തെറിയാണ് പറഞ്ഞിട്ടുള്ളത്. പോയി ചാവാന്‍ പറ എന്നാണ് പറഞ്ഞിട്ടുള്ളത് - ജ്യോതി പറയുന്നു.
ഒരു പെണ്‍കുട്ടിയെ സംഭന്ധിച്ചടുത്തോളം ഏറ്റവും വലിയ ശക്തി അവളുടെ ഭര്‍ത്താവ് കൂടെ നില്ക്കുക എന്നതാണെന്നും തനിക്കതുണ്ടെന്നും ജ്യോതി പറഞ്ഞു. ഇത്തരത്തിലൊരു സംഭവം ഉണ്ടായപ്പോള്‍ അത് സുഹൃത്തുക്കളുമായി പങ്കുവയ്ക്കണമെന്ന് തോന്നിയതുകൊണ്ടാണ് ഇക്കാര്യങ്ങള്‍ പറഞ്ഞതെന്നും ജ്യോതി പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ