ചലച്ചിത്രം

വിവാദങ്ങള്‍ക്ക് ഒടുവില്‍ എസ് ദുര്‍ഗയ്ക്ക് പ്രദര്‍ശനാനുമതി 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി : സനല്‍കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്ത വിവാദ ചിത്രം എസ് ദുര്‍ഗയ്ക്ക് പ്രദര്‍ശനാനുമതി. എസ് എന്ന അക്ഷരത്തിന് ശേഷം ചിഹ്നം പാടില്ലെന്ന ഉപാധിയോടെയാണ് സെന്‍സര്‍ബോര്‍ഡ് ചിത്രത്തിന് പ്രദര്‍ശനാനുമതി നല്‍കിയത്. 

ദിവസങ്ങള്‍ക്ക് മുന്‍പ് ചിത്രത്തിന്റെ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് പുനഃപരിശോധിക്കണമെന്ന് ഗോവ രാജ്യാന്തര ചലച്ചിത്ര മേളയ്ക്കിടെ സെന്‍സര്‍ ബോര്‍ഡ് ആവശ്യപ്പെട്ടത് ചോദ്യം ചെയ്ത് നിര്‍മ്മാതാക്കള്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി തളളിയിരുന്നു. 

സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്റെ (സിബിഎഫ്‌സി) തിരുവനന്തപുരത്തെ റീജണല്‍ ഓഫീസ് നല്‍കിയ സര്‍ട്ടിഫിക്കറ്റാണ് പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടത്. സിബിഎഫ്‌സിയ്ക്ക് ഇതിനുള്ള അധികാരമുണ്ട് എന്നാണ് കോടതി പറഞ്ഞത്.

ഇപ്പോള്‍ നിലവിലുള്ള സര്‍ട്ടിഫിക്കേഷന്റെ അടിസ്ഥാനത്തില്‍ ചിത്രം പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കണം എന്നാണു സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരന്‍ തന്റെ പരാതിയില്‍ ആവശ്യപ്പെട്ടത്. മൂന്ന് ആഴ്ചകള്‍ക്കുള്ളില്‍ ചിത്രം പുനഃപരിശോധിച്ച് പുതിയ സര്‍ട്ടിഫിക്കറ്റ് നല്‍കണം എന്നും കോടതി സിബിഎഫ്‌സിയോട് നിര്‍ദ്ദേശിച്ചിരുന്നു. 

ഗോവയില്‍ നടന്ന രാജ്യാന്തര ചലചിത്രമേളയ്ക്കിടെയാണ് സനല്‍ കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്ത മലയാള ചിത്രം എസ് ദുര്‍ഗയുടെ സെന്‍സര്‍ഷിപ്പ് കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കിയത്. ചിത്രം ഗോവ രാജ്യാന്തര ചലച്ചിത്ര മേളയില്‍ പ്രദര്‍ശിപ്പിക്കണമെന്ന ഹൈക്കോടതി ഉത്തരവ് നിലനില്‍ക്കെയാണ് കേന്ദ്ര നടപടി. ചിത്രത്തിന്റെ പേരിനെതിരെ വീണ്ടും പരാതി ലഭിച്ചതിനാലാണ് സെന്‍സര്‍ഷിപ്പ് റദ്ദാക്കുന്നതെന്നാണ് കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ വിശദീകരണം. സെന്‍സര്‍ഷിപ്പ് റദ്ദാക്കിക്കൊണ്ടുള്ള ഉത്തരവ് സംവിധായകനു കൈമാറുകയും ചെയ്തു

ഗോവ രാജ്യാന്തര ചലച്ചിത്ര മേളയില്‍ ഇന്ത്യന്‍ പനോരമയിലേക്കു ജൂറി തെരഞ്ഞടുത്ത എസ് ദുര്‍ഗ പ്രദര്‍ശിപ്പിക്കുന്നത് കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയം ഒഴിവാക്കിയിരുന്നു. ജൂറി നല്‍കിയ പട്ടികയില്‍നിന്ന് എസ് ദുര്‍ഗ ഒഴിവാക്കിയയാണ് കേന്ദ്രസര്‍ക്കാര്‍ പ്രസിദ്ധീകരിച്ചത്. ഇതിനെതിരെ സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍ നല്‍കിയ ഹര്‍ജിയിലാണ് ചിത്രം പ്രദര്‍ശിപ്പിക്കാന്‍ കേരള ഹൈക്കോടതി ഉത്തരവിട്ടത്. സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നേടിയ ചിത്രം പ്രദര്‍ശിപ്പിക്കണമെന്നായിരുന്നു ഹൈക്കോടതി ഉത്തരവ്.

സിംഗിള്‍ ബെഞ്ച് ഉത്തവിനെതിരെ കേന്ദ്ര സര്‍ക്കാര്‍ ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ നല്‍കിയെങ്കിലും ഉത്തരവ് സ്‌റ്റേ ചെയ്തിരുന്നില്ല. ഇതിനെത്തുടര്‍ന്ന് പുതുതായി രൂപീകരിച്ച ജൂറി മുമ്പാകെ ചിത്രം പ്രദര്‍ശിപ്പിച്ചു. എന്നാല്‍ പനോരമയില്‍ ചിത്രം പ്രദര്‍ശിപ്പിക്കുന്നതു സംബന്ധിച്ച് ജൂറി തീരുമാനമെടുത്തില്ല. ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനമെടുക്കും എന്ന വിചിത്ര നിലപാടിലായിരുന്നു ജൂറി. ഇതിനു പിന്നാലെയാണ് സെന്‍സര്‍ഷിപ്പ് റദ്ദാക്കിക്കൊണ്ടുള്ള ഉത്തരവ് കേന്ദ്ര സര്‍ക്കാര്‍ സംവിധായകനു കൈമാറിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്