ചലച്ചിത്രം

'ഇവനെപ്പോലുള്ളവരാണ് സിനിമയുടെ ശവംതീനികള്‍'; ചിത്രത്തെ പരിഹസിച്ചവന് കണക്കിന് കൊടുത്ത് സംവിധായകന്‍

സമകാലിക മലയാളം ഡെസ്ക്

തന്റെ ചിത്രത്തെ പരിഹസിച്ച വിമര്‍ശകന് ചുട്ട മറുപടി നല്‍കി സംവിധായകന്‍ ഗഫൂര്‍ ഏലിയാസ്. ഷാജോണിനെ കേന്ദ്ര കഥാപാത്രമാക്കി ഒരുക്കിയ പരീത് പണ്ടാരി എന്ന ചിത്രത്തെ കളിയാക്കിയ ആള്‍ക്കാണ് സംവിധായകന്‍ നല്ല മറുപടി കൊടുത്തത്. ചിത്രം വേണ്ടത്ര പ്രേക്ഷക ശ്രദ്ധ നേടിയിരുന്നില്ലെങ്കിലും അടുത്തിടെ ചിത്രത്തെ പ്രശംസിച്ച് മുജീബ് റഹ്മാന്‍ എന്നയാള്‍ ഫേയ്‌സ്ബുക്കില്‍ പോസ്റ്റ് ഇട്ടിരുന്നു. ഈ കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ വലിയ ശ്രദ്ധ നേടിയിരുന്നു. ഇതിന് അടിയില്‍ വന്നാണ് വിമര്‍ശകന്‍ ചിത്രത്തെ പരിഹസിച്ചത്.

2018 ലെ ആദ്യ കോമഡി എന്നാണ് അയാള്‍ കമന്റ് ചെയ്തത്. ഇതിന് മറുപടിയുമായി ഗഫൂര്‍ ഏലിയാസ് തന്നെ എത്തിയതോടെ രംഗം കൊഴുത്തു. താന്‍ അതിന്റെ സംവിധായകനാണെന്നും സിനിമ കണ്ടിട്ട് വിമര്‍ശിക്കണമെന്ന് ഗഫൂര്‍ പറഞ്ഞു. സിനിമ ഫീല്‍ ചെയ്തില്ലെങ്കില്‍ താങ്കളോട് ഞാന്‍ നീതികേട് കാട്ടിയെന്നും അതിനാല്‍ 101 കലാമൂല്യമുള്ള സിനിമകള്‍ കുടുംബസമേതം കാണാനുള്ള ടിക്കറ്റ് നല്‍കാമെന്നും മറുപടിയായി സംവിധായകന്‍ പറയുന്നുണ്ട്. 

എന്നാല്‍ താന്‍ സിനിമ കാണാന്‍ പോയി പകുതിയില്‍ ഇറങ്ങിപ്പോന്നതാണെന്നും വേണമെങ്കില്‍ സിനിമയുടെ കഥ പറഞ്ഞു തരാമെന്നുമായി ഇയാള്‍. ഇത് അംഗീകരിച്ച ഗഫൂറിന് ഇയാള്‍ കഥ പറഞ്ഞു കൊടുക്കുന്നുണ്ട്. എന്നാല്‍ കഥ പറയാന്‍ സിനിമ ഓടിച്ചിട്ട് കാണരുതെന്നും പണ്ടാരിയുടെ രണ്ടാം ഭാഗത്തിനുള്ള ത്രെഡ് ലഭിച്ചെന്നും അയാളുടെ കഥ കേട്ട് ഗഫൂര്‍ പറഞ്ഞു. 

വിമര്‍ശകന്റെ പരിഹാസത്തേക്കുറിച്ച് സംവിധായകന്‍ ഫേയ്‌സ്ബുക്കില്‍ പോസ്റ്റ് ഇട്ടു. കമന്റുകളുടെ സ്‌ക്രീന്‍ ഷോട്ട് സഹിതമാണ് പോസ്റ്റിട്ടത്. ഇത്തരക്കാരാണ് സിനിമയുടെ ശവം തീനികളെന്നും അദ്ദേഹം പോസ്റ്റില്‍ പറഞ്ഞു.
 

ഗഫൂര്‍ വൈ ഇല്ല്യാസിന്റെ ഫേയ്‌സ്ബുക് പോസ്റ്റിന്റെ പൂര്‍ണ രൂപം

പ്രിയരേ ....ഇവനപോലുള്ളവരാണ് മലയാള സിനിമയുടെ ശവംതീനികള്‍..പടം ഇറങ്ങി ഒരുവര്‍ഷം തികയാറായ് തിയ്യറ്ററില്‍ ഓളങ്ങള്‍ സ്യഷ്ടിക്കാതെപോയ എന്റെ സിനിമ പോലും കാണാതെ ഡിഗ്രേഡ് ചെയ്യുന്നെങ്കില്‍ ...ഇന്നിറങ്ങുന്ന ഭൂരിഭാഗം സിനിമകളുടെ അവസ്ഥയും ഇതുതന്നയോ ഇതിലും ഭയാനകമോ ആയിരിക്കണമല്ലോ ??? ....മനോരമ ഓണ്‍ലൈന്റെ ഷാജോണ്‍ ചേട്ടന്റെ വാര്‍ത്തക്ക് താഴെ വന്ന് ചുമ്മചൊറിഞ്ഞവനാണ് ഇവന്‍....ചൊറിച്ചില്‍ അനാവശ്യമാണെന്ന് സംശയം തോന്നിയപ്പോള്‍ ഞാനവനെ പിന്‍തുടര്‍ന്നു പൂട്ടി !!! ഞാന്‍ ആ സുഹ്യത്തിനോട് പടം കണ്ടിട്ടാണോ പറയുന്നത് എന്ന് ചോദിച്ചു......പടം കണ്ടതാണെന്നും പകുതിക്ക് ഇറങ്ങിപോയതാണന്നും അവന്‍ പറഞ്ഞു ....സംശയമുണ്ടെങ്കില്‍ കഥ പറഞ്ഞ് തരണോ എന്ന് ആ സുഹ്യത്ത് ചോദിച്ചു... കഥ പറഞ്ഞ് തരണമെന്ന് ഞാന്‍ പറഞ്ഞു....അവന്‍ കഥ പറഞ്ഞു.... പകുതിക്ക് എഴുന്നേറ്റ് പോയിട്ടും ക്‌ളൈമാക്‌സ് അടക്കം സീന്‍ പറഞ്ഞ ആ ദിവ്യ പുരുഷനെ ഞാന്‍ വണങ്ങുന്നു....മാത്രമല്ല പണ്ടാരിയില്‍ ടിനീ ടോമിനെ കൊണ്ട് പണ്ടാരിയെ മൂത്തമകളെ കെട്ടിച്ചത് റൈറ്ററും ഡയറക്ടറുമായ ഞാന്‍ പോലും അറിയണത് ആ സുഹ്യത്ത് പറയുംബോള്‍ ആണ്....ആയതിനാല്‍ ആ മഹാപ്രതിഭയെ പണ്ടാരി 2 എഴുതാന്‍ ഞാന്‍ ക്ഷണിക്കുന്നു !!! 
കഥ പറയാന്‍ പറഞ്ഞപ്പോള്‍ പണ്ടാരി നെറ്റില്‍ ഓടിച്ചിട്ട് കണ്ട താങ്കളെ ഞാന്‍ പുത്തരി''കണ്ടം'' മൈതാനത്തേക്ക് ക്ഷണിക്കുന്നു...അതാവുബോള്‍ കണ്ടം വഴി ഓടാന്‍ ഷോര്‍ട്ട്കട്ടുണ്ട് !!! ഇവനപോലുള്ളവന്‍മാരാണ് മലയാള സിനിമയുടെ ശവംതീനികള്‍ !! ഗഫൂര്‍ വൈ ഇല്ല്യാസ്
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്