ചലച്ചിത്രം

കായംകുളം കൊച്ചുണ്ണിയെ കടത്തിവെട്ടുമോ മമ്മൂട്ടിയും ഫഹദും? ഓണചിത്ര വിശേഷങ്ങള്‍ ഇങ്ങനെ 

സമകാലിക മലയാളം ഡെസ്ക്

ഓണത്തിന് ഒരുമാസം മാത്രം ശേഷിക്കെ ഓണക്കാല റിലീസിനൊരുങ്ങുന്ന ചിത്രങ്ങളുടെ വിവരങ്ങള്‍ ഏറെകുറെ പുറത്തുവന്നു. ബിഗ്ബഡ്ജറ്റ് ചിത്രമായി ഓണം റിലീസിനെത്തുന്നത് നിവിന്‍ പോളി നായകനാകുന്ന കായംകുളം കൊച്ചുണ്ണി മാത്രമാണ്. ബ്ലോഗെഴുത്തുകാരനായി മമ്മൂട്ടിയും വരത്തനിലൂടെ ഫഹദും പ്രേക്ഷകര്‍ക്ക് മുന്നിലെത്തും. ടൊവിനോയും ബിജുമേനോനുമാണ് ഓണചിത്രങ്ങളിലെ മറ്റു സാന്നിധ്യങ്ങള്‍.

മുന്‍വര്‍ഷങ്ങളിലെ ഓണറിലീസുകളെ അപേക്ഷിച്ച് ഇക്കുറി റിലീസിനെത്തുന്ന ചിത്രങ്ങള്‍ താരതമ്യേന കുറവാണ്. അഞ്ച് ചിത്രങ്ങള്‍ മാത്രമാണ് ഇത്തവണ തീയറ്ററുകളിലെത്തുക. 

ഓഗസ്റ്റ് 17ന് തീയറ്ററുകളിലെത്തുന്ന ബിജുമേനോന്‍ ചിത്രം പടയോട്ടമാണ് ഓണം റിലീസില്‍ ആദ്യം തീയറ്ററിലെത്തുക. നവാഗത സംവിധായകന്‍ റഫീക്ക് ഇബ്രാഹിം ഒരുക്കുന്ന ചിത്രം സോഫിയ പോള്‍ ആണ് നിര്‍മിക്കുന്നത്. ദിലീഷ് പോത്തന്‍ ശ്രദ്ധേയ വേഷത്തിലെത്തുന്ന ചിത്രത്തില്‍ അനുശ്രിയാണ് നായിക. 

മമ്മൂട്ടി-മോന്‍ലാല്‍ ചിത്രങ്ങള്‍ ഏറ്റുമുട്ടുന്ന കാഴ്ച ഇക്കുറി ഉണ്ടാകില്ല. കായംകുളം കൊച്ചുണ്ണിയിലെ അതിഥി വേഷത്തില്‍ മാത്രമാണ് ഓണത്തിന് മോഹന്‍ലാല്‍ തീയറ്ററുകളില്‍ സാന്നിദ്ധ്യമറിയിക്കുക. ബോബി സജ്ഞയ് തിരകഥ ഒരുക്കിയിരിക്കുന്ന ചിത്രം ഓഗസ്റ്റ് 18ഓടെ തീയറ്ററുകളിലെത്തും. പ്രിയ ആനന്ദ് ആണ് ചിത്രത്തില്‍ നായികയായി എത്തുന്നത്.

ബ്ലോഗെഴുത്തുകാരനായി മമ്മൂട്ടി എത്തുന്ന ചിത്രമാണ് ഒരു കുട്ടനാടന്‍ ബ്ലോഗ്. തിരകഥാകൃത്ത് സേതു ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം ഓഗസ്റ്റ് 23ന് തീയറ്ററുകളിലെത്തും. യുവനടന്‍ ഉണ്ണിമുകുന്ദന്‍ സഹസംവിധായകനായ ചിത്രം കൂടിയാണ് കുട്ടനാടന്‍ ബ്ലോഗ്. അനു സിത്താര, മിയ എന്നിവരാണ് ചിത്രത്തില്‍ നായികമാരായെത്തുന്നത്.

ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഫഹദ് ചിത്രം വരത്തന്‍ ഓഗസ്റ്റ് 22ന് റിലീസിനെത്തും. ഇയ്യോബിന്റെ പുസ്തകത്തിന് ശേഷം ഫഹദും അമല്‍ നീരദും ഒരുമിക്കുന്ന ചിത്രം എന്ന പ്രത്യേകതയും വരത്തനുണ്ട്. മായാനദിയിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായ യുവനടി ഐശ്വര്യ ലക്ഷ്മിയാണ് ചിത്രത്തിലെ നായിക. നസ്‌റിയ നിര്‍മാണ പങ്കാളിയാകുന്ന ചിത്രം കൂടിയാണ് വരത്തന്‍. 

ഓണം റിലീസിലെ മറ്റൊരു ചിത്രം ടൊവിനോ നായകനാകുന്ന തീവണ്ടിയാണ്. ഗാനങ്ങള്‍ പുറത്തുവന്നപ്പോള്‍ തന്നെ അനുകൂല തരംഗം നേടിയെടുക്കാനായ ചിത്രം കഴിഞ്ഞ മാസം തീയറ്ററിലെത്തുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും റിലീസ് മാറ്റിവയ്ക്കുകയായിരുന്നു. സംയുക്ത മേനോന്‍ നായികയായെത്തുന്ന ചിത്രത്തില്‍ സുരാജും ശ്രദ്ധേയവേഷത്തിലെത്തുന്നു. പുകവലി പ്രമേയമാക്കി ഫെലിനി ടിപി സംവിധാനം ചെയ്യുന്ന ചിത്രം ആഗസ്റ്റ് സിനിമാസിന്റെ ബാനറിലാണ് നിര്‍മിച്ചിരിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

പാലക്കാട് ട്രെയിന്‍ ഇടിച്ച് കാട്ടാന ചെരിഞ്ഞു; ലോക്കോ പൈലറ്റിനെതിരെ കേസെടുക്കും

'ശിക്ഷിക്കാനുള്ള തെളിവുണ്ട്', പി ജയരാജന്‍ വധശ്രമക്കേസിലെ ഏഴ് പ്രതികളെ വെറുതെ വിട്ടതിനെതിരെയുള്ള ഹര്‍ജി ഇന്ന് സുപ്രീംകോടതിയില്‍

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്