ചലച്ചിത്രം

'വനിത കൂട്ടായ്മയുണ്ടാക്കിയത് അപ്പോഴത്തെ ഇളക്കത്തിന്; ദിലീപേട്ടനല്ല അത് ചെയ്തത് എന്ന് തെളിഞ്ഞാല്‍ പറഞ്ഞത്‌  തിരിച്ചെടുക്കുമോ'; രൂക്ഷ വിമര്‍ശനവുമായി അനുശ്രീ

സമകാലിക മലയാളം ഡെസ്ക്

മലയാള സിനിമയിലെ വനിത സംഘടനയെ വിമര്‍ശിച്ച് നടി അനുശ്രീ. പ്രമുഖ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ വനിത സംഘടന ദിലീപിനെ രൂക്ഷമായി വിമര്‍ശിച്ചെന്നും എന്നാല്‍ ദിലീപേട്ടനല്ല അത് ചെയ്തതെന്ന് തെളിഞ്ഞാല്‍ പറഞ്ഞത് തിരിച്ചെടുക്കാന്‍ കഴിയുമോ എന്നും താരം ചോദിച്ചു. സിനിമയില്‍ വനിത സംഘടനയുടെ ആവശ്യമില്ലെന്നും അപ്പോഴത്തെ ഒരു ഇളക്കത്തിനാണ് സംഘടന തുടങ്ങിയതെന്നാണ് അനുശ്രീ പറയുന്നത്. ടിവി ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു വനിത സംഘടനയോടുള്ള നിലപാട് താരം വ്യക്തമാക്കിയത്.

'ആ സംഘടനയെക്കുറിച്ച് മോശം പറയുന്നതോ അവരുടെ കൂട്ടായ്മയെ കുറ്റം പറയുകയോ അല്ല. പക്ഷേ എനിക്ക് അതില്‍ അംഗമാകണമെന്നോ, ഒരുകാര്യം അവിടെ പോയി പറഞ്ഞ് അത് ഈ രീതിയില്‍ മാറ്റണമെന്നോ അല്ലെങ്കില്‍ അവര്‍ ഇവരെ താഴ്ത്തുന്നു ഇവര്‍ പൊക്കുന്നു എന്നൊക്കെ പറയേണ്ട കാര്യമില്ലെന്ന് തോന്നുന്നു.'

'എല്ലാവരും ദിലീപേട്ടനെതിരെയാണ് പറഞ്ഞത്. എന്നാല്‍ ഇപ്പോഴും അറിയില്ല, അത് ദിലീപേട്ടനാണോ ചെയ്തതെന്ന്. പക്ഷേ അവര്‍ ചെയ്തതോ? അത് ദിലീപേട്ടനാണെന്ന് പറഞ്ഞ് മൈക്കിലൂടെ പൊതുവായി പ്രസംഗിച്ചു. അതൊക്കെ ഇപ്പോഴും ഇവിടെ ഉണ്ട്. ഇനി ദിലീപേട്ടനല്ല ഇത് ചെയ്തതെന്ന് തെളിഞ്ഞാല്‍ ഇതൊക്കെ ഇവര്‍ക്ക് തിരിച്ചെടുക്കാന്‍ പറ്റുമോ?' എന്നാണ് അനുശ്രീ ചോദിക്കുന്നത്.

ഉറപ്പുള്ളതും ഒരിക്കലും മാറ്റിപ്പറയില്ലെന്ന് വിശ്വസിക്കുന്ന കാര്യങ്ങള്‍ മാത്രമേ പൊതുസമൂഹത്തിന് മുന്നില്‍ പറയാന്‍ പൊടൊള്ളൂവെന്നും എന്ത് കൂട്ടായ്മയായാലും അതില്‍ പറയുന്ന കാര്യങ്ങള്‍ പുറത്തു പറയരുതെന്നുമാണ് നടിയുടെ അഭിപ്രായം. കൂട്ടായ്മകളും സ്ത്രീകള്‍ക്ക് ഉയര്‍ച്ചയും ഉണ്ടാകണം. എന്നാല്‍ സിനിമയിലെ പ്രശ്‌നങ്ങള്‍ അതിന് അകത്ത് തന്നെ നില്‍ക്കണമെന്നും അല്ലാതെ പുറത്തേക്ക് കൊണ്ടുപോകരുതെന്നുമാണ് അനുശ്രീ പറയുന്നത്. അതേപോലെ ഒരു പ്രശ്‌നമുണ്ടെങ്കില്‍, അത് അയാള്‍ ആണെന്ന് ഉറപ്പാണെങ്കില്‍ മാത്രം കാര്യങ്ങള്‍ സംസാരിക്കണമെന്നും താരം കൂട്ടിച്ചേര്‍ത്തു.

'ദിലീപേട്ടന്റെ പേരെടുത്ത് പറഞ്ഞിട്ടില്ലെങ്കിലും, അവരുടെ പ്രസ്താവനകള്‍ കേട്ടുകഴിഞ്ഞാല്‍ അറിയാമല്ലോ ആരെക്കുറിച്ചാണ് പറയുന്നതെന്ന്. അമ്മ സംഘടന തന്നെ ദിലീപേട്ടനെ പുറത്താക്കിയിരുന്നല്ലോ? ഇവര്‍ അതിനിടയ്ക്ക് സംഘടനയുമായി മുന്നോട്ട് വന്നു. കുറെ കുറ്റം പറഞ്ഞു. എന്നിട്ട് എവിടെ? ഇപ്പോള്‍ അതേ കൂട്ടായ്മയോട് കൂടി ഇത് പിന്താങ്ങുന്നുണ്ടോ ഇവര്‍. ഇല്ല. വേറൊരു സംഭവം വരുമ്പോള്‍ അതിന് പുറകെ വരും. ഒരു കൂട്ടായ്മ അത്ര ശക്തിയുള്ളതാണെങ്കില്‍ അതില്‍ ഉറച്ച് നിന്ന് സത്യം കണ്ടുപിടിക്കട്ടെ. അതില്ല. ഇവര്‍ വന്നു  കൂട്ടായ്മ ഉണ്ടാക്കി, അത് അപ്പോഴത്തെ ഒരു ഇളക്കം. അത് പരാജയമാണെന്ന് ഞാന്‍ പറയുന്നില്ല.' അനുശ്രീ കൂട്ടിച്ചേര്‍ത്തു. താരസംഘടയില്‍ താന്‍ അംഗമല്ലെന്നും കഴിഞ്ഞ ദിവസമാണ് അംഗത്വമെടുക്കുന്നതിനായി ഇടവേള ബാബു ചേട്ടനുമായി ബന്ധപ്പെട്ടതെന്നും അനുശ്രീ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ