തമിഴ് സൂപ്പര്‍ ഹിറ്റ് ചിത്രം 'മാരി'യുടെ രണ്ടാം ഭാഗം 'മാരി 2'വിന്റെ ചിത്രീകരണത്തിനിടെ നടന് ധനുഷിന് പരിക്ക്. വില്ലനായ ടോവിനോയുമായുള്ള സംഘട്ടന രംഗം ഷൂട്ട് ചെയ്യുന്നതിനിടെ അപ്രതീക്ഷിതമായി പെട്ടെന്ന് തിരിയുന്നതിനിടയിലാണ് പരുക്ക് സംഭിച്ചത്. സംഭവത്തെ തുടര്‍ന്ന് ഷൂട്ടിംഗ് നിര്‍ത്തി വെക്കാന്‍ തീരുമാനിച്ചെങ്കിലും പരിക്ക് കണക്കിലെടുക്കാതെ ധനുഷ് ക്ലൈമാക്സ് രംഗം പൂര്‍ത്തിയാക്കുകയായിരുന്നു.
ധനുഷിന്റെ ഇടതു കൈയ്ക്കും വലതു കാലിനുമാണ് പരിക്കേറ്റത്. തന്റേത് ഗുരുതര പരിക്കല്ലെന്നും സുഖമായിരിക്കുന്നുവെന്നും ധനുഷ് ട്വീറ്റിലൂടെ ആരാധകരെ അറിയിച്ചു. തനിക്ക് വേണ്ടി പ്രാര്‍ഥിക്കുകയും വളരെ അധികം സ്നേഹം കാണിക്കുകയും ചെയ്ത ആരാധകര്‍ക്ക് താരം നന്ദിയും പറഞ്ഞു. നിങ്ങളാണ് എന്റെ ശക്തിയെന്നും ധനുഷ് കൂട്ടിച്ചേര്‍ത്തു.
ധനുഷും സംവിധായകന് ബാലാജി മോഹനും ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രമായ മാരി 2ല്‍ സായി പല്ലവിയാണ് നായിക. വരലക്ഷ്മി ശരത് കുമാര്‍, കൃഷ്ണ കുലശേഖരന്, റോബോ ശങ്കര്‍, വിദ്യാ പ്രദീപ് എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്. നീണ്ട പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷം യുവാന്‍ ശങ്കര്‍ രാജ ധനുഷിന് വേണ്ടി സംഗീതം ഒരുക്കുന്ന ചിത്രം കൂടിയാണ് 'മാരി 2'
സ്റ്റൈല്‍ എന്ന ഉണ്ണി മുകുന്ദന്റെ ചിത്രത്തിന് ശേഷം ടോവിനോ വില്ലന്‍ വേഷം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് 'മാരി 2'. 2016 ല്‍ പുറത്തിറങ്ങിയ മാരിയില്‍ ഗായകന് വിജയ് യേശുദാസായിരുന്നു വില്ലന്‍.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ