ചലച്ചിത്രം

'കിടിലം ഇഷ്ടമായി, പക്ഷേ മറുപടി പറയുന്ന ശബ്ദത്തിന്റെ ഉടമ ഞാനല്ല'; വൈറലായ ഓഡിയോയ്ക്ക് പിന്നിലെ സത്യം വെളിപ്പെടുത്തി അനൂപ് മേനോന്‍

സമകാലിക മലയാളം ഡെസ്ക്

ബരിമല വിഷയത്തില്‍ തന്റെ പേരില്‍ പ്രചരിക്കുന്ന ഓഡിയോ ക്ലിപ്പ് തന്റേതല്ലെന്ന് വ്യക്തമാക്കി നടന്‍ അനൂപ് മേനോന്‍. 'അനൂപ് മേനോന്റെ കിടിലം മറുപടി' എന്ന പേരില്‍ ഓഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നതിനിടെയാണ് സത്യം വെളിപ്പെടുത്തിക്കൊണ്ട് താരം തന്നെ രംഗത്തെത്തിയത്. തന്റെ ഫേയ്‌സ്ബുക് പോസ്റ്റിലൂടെയാണ് അനൂപ് മേനോന്‍ പ്രതികരിച്ചത്. 

തലക്കെട്ടിലെ കിടിലം എന്ന വാക്ക് ഇഷ്ടമായെങ്കിലും ആ ശബ്ദത്തിന്റെ ഉടമ താന്‍ അല്ലെന്നും താരം വ്യക്തമാക്കി. മതത്തിലും രാഷ്ട്രീയത്തിലും ഒട്ടും താല്‍പ്പര്യമില്ലാത്ത ഒരാളാണ് താനെന്നും അതിനാല്‍ ആ പ്രാസംഗികന്‍ വെളിച്ചത്തുവന്ന് സ്വന്തം ശബ്ദം ഏറ്റെടുക്കണമെന്നും അനൂപ് അഭ്യര്‍ത്ഥിക്കുന്നുണ്ട്.

ശബരിമല സോഷ്യല്‍ മീഡിയയില്‍ വൈറലായതിന് പിന്നാലെയാണ് അനൂപ് മേനോന്റെ പേരില്‍ വീഡിയോ പ്രചരിക്കാന്‍ തുടങ്ങിയത്. 13 മിനിറ്റില്‍ അധികമുള്ള വീഡിയോയില്‍ സംവാദ ചടങ്ങില്‍ സംസാരിക്കുന്ന രീതിയിലുള്ളതാണ്. ആചാരങ്ങള്‍ നമുക്ക് ആചരിക്കാനുള്ളതാണെന്നും അത് ലംഘിക്കുന്നത് വ്യക്തികളെ സംബന്ധിച്ചിരിക്കുമെന്നുമാണ് ഓഡിയോയില്‍ പറയുന്നത്. നിരവധി പേരാണ് ഓഡിയോ ഷെയര്‍ ചെയ്തത്. 

അനൂപ് മേനോന്റെ ഫേയ്‌സ്ബുക് പോസ്റ്റ്

പ്രിയപ്പെട്ടവരേ, 'അനൂപ് മേനോന്റെ കിടിലം മറുപടി' എന്ന പേരിലൊരു ഓഡിയോ ക്ലിപ്പ് കറങ്ങി നടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത് കൊണ്ടാണ് ഇങ്ങനെയൊരു കുറിപ്പ്. ജാതിമതസംബന്ധിയായും, വിശിഷ്യാ ശബരിമല വിവാദത്തെ അടിസ്ഥാനപ്പെടുത്തിയുമാണ് പ്രസ്തുത വോയ്‌സ്‌നോട്ടിന്റെ ഉള്ളടക്കം. ആ തലക്കെട്ടിലെ കിടിലം എന്ന വാക്ക് എനിക്കിഷ്ടമായെങ്കിലും, ആ ശബ്ദത്തിന്റെ ഉടമ ഞാനല്ല എന്ന് വ്യക്തമാക്കട്ടെ. ആ ശബ്ദത്തിന്റെ ഭാഷാരീതിയനുസരിച്ച് അത് കണ്ണൂര്‍/കോഴിക്കോട് ഭാഗത്ത് നിന്നുള്ള ആരോ ആവാനാണ് സാദ്ധ്യത. നല്ല ഭാഷാപ്രാവീണ്യവും, ആധികാരികതയുമുള്ള ആരോ ഒരാള്‍. ഇവിടെ ഈ സൈബറിടത്തിലും, പുറത്തും പലര്‍ക്കുമറിയാവുന്നത് പോലെ മതത്തിലോ, രാഷ്ട്രീയത്തിലോ ഒട്ടും താല്‍പര്യമില്ലാത്ത ഒരാളാണ് ഞാനെന്ന് ഒന്ന് കൂടി ഓര്‍മ്മിപ്പിക്കട്ടെ.അതു കൊണ്ട് തന്നെ ആ പ്രാസംഗികന്‍ വെളിച്ചത്ത് വന്ന് സ്വന്തം ശബ്ദം ഏറ്റെടുക്കണം എന്ന് വിനയപൂര്‍വ്വം ഞാനപേക്ഷിക്കുന്നു.

ഇനി പറയാനുള്ളത് മെസേജ് ഫോര്‍വേഡ് ചെയ്യുന്നവരോടാണ്: നിങ്ങള്‍ വിശ്വസിക്കുന്നഒരു ആശയം പ്രചരിപ്പിക്കാന്‍ എന്റെ പേരുപയോഗിക്കുന്നതില്‍ എന്ത് മാത്രം ധാര്‍മ്മികതയുണ്ടെന്ന് ഒന്നാലോചിക്കുക. ഇത്രയും ഭംഗിയായി സംസാരിക്കുന്ന ഒരാളെ 'അത് അനൂപ് മേനോനാണെന്ന്' പറഞ്ഞും, പ്രചരിപ്പിച്ചും അയാളുടെ വ്യക്തിത്വം ഇല്ലാതാക്കാതെ, അയാളുടെ ശബ്ദം അയാള്‍ക്ക് തിരിച്ചുകൊടുക്കുക. സ്‌നേഹപൂര്‍വ്വം,അനൂപ് മേനോന്‍...

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്