ചലച്ചിത്രം

ആ തെറിവിളി ജനങ്ങളുടെ പ്രതികരണം; ഡബ്ല്യുസിസിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി 'അമ്മ'

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: താരസംഘടനയായ അമ്മയ്ക്കും മോഹന്‍ലാല്‍ ഉള്‍പ്പെടെയുള്ള ഭാരവാഹികള്‍ക്കുമെതിരെ ആരോപണങ്ങള്‍ ഉന്നയിച്ച വനിതാ കൂട്ടായ്മ അംഗങ്ങള്‍ നേരിടുന്ന വിമര്‍ശനം ജനങ്ങളുടെ വികാരമെന്ന് അമ്മ സെക്രട്ടറി സിദ്ദിഖ്. ആ തെറിവിളി ജനങ്ങളുടെ പ്രതികരണമാണ്. ആരോപണങ്ങള്‍ ഉന്നയിക്കുന്നവര്‍ അതു തിരിച്ചറിയണമെന്ന് കെപിഎസി ലളിതയ്‌ക്കൊപ്പം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സിദ്ദിഖ് പറഞ്ഞു. 

സംഘടനയ്‌ക്കെതിരെ അനാവശ്യ ആരോപണങ്ങള്‍ ഉന്നയിക്കുകയാണ്, കഴിഞ്ഞ ദിവസം വാര്‍ത്താ സമ്മേളനം നടത്തിയ വനിതാ അംഗങ്ങള്‍ ചെയ്തത്. ബാലിശമായ ആക്ഷേപങ്ങളാണ് അവര്‍ ഉന്നയിച്ചത്. അമ്മ പ്രസിഡന്റ് മോഹന്‍ലാല്‍ ഉള്‍പ്പെടെയുള്ളവരെ തേജോവധം ചെയ്യാനാണ് ശ്രമം. ആരെങ്കിലും നടത്തുന്ന ജല്‍പ്പനങ്ങള്‍ക്കു മറുപടി പറയാന്‍ അമ്മ അംഗങ്ങള്‍ വരില്ല. ഇപ്പോള്‍ വലിയ ചര്‍ച്ചയായതുകൊണ്ടാണ് മറുപടി പറയുന്നതെന്ന് സിദ്ദിഖ് പറഞ്ഞു.

ദിലീപിനെ പുറത്താക്കാന്‍ അമ്മ തീരുമാനമെടുത്തതാണ്. എന്നാല്‍ ജനറല്‍ ബോഡി അതു മരവിപ്പിച്ചു. കോടതി തീരുമാനം വന്ന ശേഷമേ പുറത്താക്കാവൂ എന്നു ജനറല്‍ ബോഡി തീരുമാനിച്ചു. അതു മറികടക്കാന്‍ എക്‌സിക്യുട്ടിവ് കമ്മിറ്റിക്കു കഴിയില്ല. 

ദിലീപിനെ സസ്‌പെന്‍ഡ് ചെയ്യണമെന്നാണ് വനിതാ അംഗങ്ങളുടെ ആവശ്യം. ഇതുയര്‍ന്നുവന്നപ്പോള്‍ ദിലീപ് രാജിക്കത്ത് നല്‍കിയതാണ്. ഞാന്‍ തുടരുന്നതാണ് പ്രശ്‌നമെങ്കില്‍ രാജിവയ്ക്കുന്നുവെന്ന് ദിലീപ് അറിയിച്ചു. പത്താംതീയതിയാണ് രാജിവച്ചത്. രാജിവച്ചത് ദിലീപിന്റെ നല്ല മനസാണ് കാണിക്കുന്നതെന്ന് സിദ്ദിഖും ലളിതയും പറഞ്ഞു. 

ദിലീപ് ജോലി ചെയ്യാന്‍ പാടില്ലെന്നാണ് ഇവര്‍ പറയുന്നത്. ആരോപണം വന്നതിന്റെ പേരില്‍ തൊഴില്‍ നിഷേധിക്കാനാവുമോ? ഹിന്ദിയില്‍ മീടു ക്യാംപയ്‌ന്റെ ഭാഗമായി പ്രൊജക്ട് ഉപേക്ഷിച്ചെന്നാണ് അവര്‍ പറയുന്നത്. അക്ഷയ് കുമാറിന്റെയോ അമീര്‍ ഖാന്റെയോ പേരില്‍ ആരോപണം വന്നാല്‍ പ്രൊജക്ട് ഉപേക്ഷിക്കുമോയെന്ന് സിദ്ദിഖ് ചോദിച്ചു. 

നാലു പേരല്ല, അമ്മ. ഇവരെപ്പോലെ ഉയര്‍ന്ന സാമ്പത്തിക സ്ഥിതിയിലുള്ളവരല്ല പലരും. അമ്മ നല്‍കുന്ന കൈനീട്ടം കൊണ്ടു ജീവിക്കുന്ന പലരുമുണ്ട്. ഒട്ടേറെ പേര്‍ക്ക് അമ്മ സഹായങ്ങള്‍ ചെയ്തുകൊടുക്കുന്നുണ്ട്. 

മീടു ക്യാംപയ്ന്‍ നല്ലതാണ്. എന്നാല്‍ ദുരുപയോഗം ചെയ്യരുത്. പറയുന്ന കാര്യങ്ങള്‍ വ്യക്തമായി പറയണം. 26 കൊല്ലം മുമ്പ് പതിനേഴുകാരി അഭയം തേടി മുറിയില്‍ വന്നെന്നു പറഞ്ഞു. ഏതു സെറ്റില്‍ സംഭവിച്ചു എന്നെങ്കിലും പറയേണ്ട. പറഞ്ഞാല്‍ അന്വേഷിക്കാന്‍ തയാറാണ്. തുടക്കകാലത്ത് ദുരനുഭവങ്ങള്‍ ഉണ്ടായെന്നു പറഞ്ഞു. ഇപ്പോള്‍ അതു വെളിപ്പെടുത്തട്ടെ, നടപടിയെടുക്കാന്‍  തയാറാണ്. ഇത് ആളുകളെ തേജോവധം ചെയ്യുകയാണ്. 

മോഹന്‍ലാലിനു നേരെ എന്തിനാണ് തിരിയുന്നത്? ചലച്ചിത്ര പുരസ്‌കാര ദാന ചടങ്ങില്‍ പോയപ്പോള്‍ വിവാദമുണ്ടാക്കി. വ്യാജ ഒപ്പിട്ടുവരെ നിവേദനം നല്‍കി. മമ്മുട്ടിക്കെതിരെ ആക്ഷേപമുന്നയിച്ചു. അതിനെതിരെ സാമൂഹ്യ മാധ്യമങ്ങളിലും മറ്റും വിമര്‍ശനവും തെറിവിൡയുമുണ്ടായി. തെറിവിളിക്കുന്നവരെ തടയണം എന്നാണ് പറയുന്നത്. മമ്മുട്ടിയാണോ അവരെ തടയേണ്ടത്? ആ തെറിവിളി ജനങ്ങളുടെ പ്രതികരണമാണ്. അതു തിരിച്ചറിയണം. 

ജനങ്ങള്‍ നമ്മളെ ഇഷ്ടപ്പെടേണ്ടതുണ്ട്. ജനങ്ങളെ നമ്മള്‍ അകറ്റുമ്പോഴാണ് തെറിവിളികളുണ്ടാവുന്നത്. മമ്മുട്ടിയെയും മോഹന്‍ലാലിനെയുമൊന്നും മൂന്നോ നാലോ പേര്‍ വിചാരിച്ചാല്‍ ജനമനസില്‍നിന്നു പറിച്ചെറിയാനാവില്ല. 

സംഘടനയില്‍നിന്നു കൊണ്ട് പ്രസിഡന്റിനെതിരെ സംസാരിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കും. രാജിവച്ചുപോയവര്‍ രാജിവച്ചുപോയവര്‍ തന്നെയാണ്. തിരിച്ചുവരണമെങ്കില്‍ അവര്‍ തന്നെ അപേക്ഷിക്കണം. 24 വര്‍ഷമായി ഒരു യോഗത്തിലും പങ്കെടുത്തിട്ടില്ലാത്ത നടിയാണ് മോഹന്‍ലാലിനെതിരെ ആക്ഷേപം ഉന്നയിച്ചതെന്ന് സിദ്ദിഖ് പറഞ്ഞു.

സിനിമാ രംഗത്തുള്ളത് ഉള്ളി തൊലിച്ചതുപോലുള്ള പ്രശ്‌നങ്ങളെന്ന് കെപിഎസി ലളിത പറഞ്ഞു. അവിടെ നടക്കുന്ന കാര്യങ്ങള്‍ പുറത്തു വിളിച്ചുപറയരുത്. വെറുതെ ഭൂകമ്പമുണ്ടാക്കിയിട്ട് എന്തുകാര്യം?  സ്ത്രീപീഡനം എല്ലാ മേഖലയിലുമുണ്ടെന്ന് ലളിത പറഞ്ഞു. 

പുറത്താക്കിയവരെ തിരിച്ചെടുക്കണമെങ്കില്‍ ചില മാന്യതയുണ്ട്. അവര്‍ വന്നു ക്ഷമ പറയട്ടെ. ചെയ്ത തെറ്റുകള്‍ക്കു ക്ഷമ പറഞ്ഞാല്‍ തിരിച്ചെടുക്കാം- ലളിത പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്