ചലച്ചിത്രം

സിനിമകളില്‍ ഇപ്പോള്‍ പ്രണയത്തിന് പകരം കാമമാണ് നിറയുന്നത്: കരണ്‍ ജോഹര്‍

സമകാലിക മലയാളം ഡെസ്ക്

ബോളിവുഡിന് നിരവധി പ്രണയചിത്രങ്ങള്‍ സമ്മാനിച്ച സംവിധായകനാണ് കരണ്‍ ജോഹര്‍. അദ്ദേഹത്തിന്റെ 'കുച്ച് കുച്ച് ഹോത്താ ഹേയും കഭി ഖുശി കഭി ഹം എന്നിവയെല്ലാം ആരാധകര്‍ ഇപ്പോഴും ഇഷ്ടത്തോടെ കാണുന്ന ചിത്രങ്ങളാണ്. എന്നാല്‍ ഇപ്പോഴത്തെ ചിത്രങ്ങളില്‍ പ്രായോഗികത നിറയുന്നുവെന്നും സ്‌നേഹത്തിനേക്കാള്‍ കൂടുതല്‍ പ്രാധാന്യം കാമത്തിനാണെന്നും കരണ്‍ ജോഹര്‍ പറയുന്നു.

'പെര്‍ഫെക്റ്റ് സ്‌ട്രോക്ക്‌സ്' എന്ന വെബ് സീരീസില്‍ സംസാരിക്കുന്നതിനിടെയായിരുന്നു ബോളിവുഡ് സംവിധായകനും നിര്‍മ്മാതാവുമായ കരണിന്റെ ഈ അഭിപ്രായപ്രകടനം. 'സിനിമയിലെ ഓണ്‍സ്‌ക്രീന്‍ പ്രണയത്തിന്റെ സ്വഭാവം മാറിയിരിക്കുന്നു. ഫാസ്റ്റ് ഫുഡിനെ പോലെ എല്ലാം മാറിയിരിക്കുന്ന ഈ കാലത്ത് എങ്ങനെയാണ് ഒരാള്‍ പ്രണയ കഥകള്‍ സൃഷ്ടിക്കുക ഇന്നത്തെ ബന്ധങ്ങളില്‍ ആശയവിനിമയത്തിന് ഏറെ പ്രാധാന്യമുണ്ട്. 

കണ്ണില്‍ നോക്കിയിരുന്നും മൗനമായിരുന്നൊന്നും ഇക്കാലത്ത് പ്രണയിക്കല്‍ എളുപ്പമല്ല. 'ചൗദ്‌വിന്‍ കാ ചാന്ദ്', 'കാഗസ് കെ ഫൂല്‍' പോലുള്ള ചിത്രങ്ങളിലെല്ലാം അനശ്വരമായ പ്രണയമുണ്ട്, വാക്കുകളില്‍ ഒതുങ്ങി നില്‍ക്കാനാവാത്ത സൗന്ദര്യമുണ്ട് ആ പ്രണയങ്ങള്‍ക്ക്. ഇന്ന് അതെല്ലാം നഷ്ടമായിരിക്കുന്നു. ഇപ്പോള്‍ പ്രണയങ്ങളില്‍ പ്രായോഗികത ആണ് നിറയുന്നത്',- കരണ്‍ ജോഹര്‍ പറഞ്ഞു.

'പഴയ കാലത്തെ പ്രണയം ഇന്നത്തെ തലമുറയ്ക്ക് മനസിലായെന്നു വരില്ല. അവര്‍ക്ക് താദാത്മ്യം പ്രാപിക്കാനാവാത്തൊരു കാലമായി അത് അനുഭവപ്പെട്ടേക്കാം. നാലക്ഷരമുള്ള 'ലൗ' എന്ന വാക്കിനെ ഇന്ന് നാലക്ഷരമുള്ള 'ലസ്റ്റ്' എന്ന വാക്ക് കീഴ്‌പ്പെടുത്തിയിരിക്കുന്നു. പ്രണയത്തിലേക്ക് നയിക്കുന്ന കാമം എന്ന രീതിയില്‍ ചിത്രീകരിക്കപ്പെടുമ്പോള്‍ അത് വളരെ എളുപ്പം മനസ്സിലാകും', -സംവിധായകന്‍ കൂടിയായ കരണ്‍ ജോഹര്‍ കൂട്ടിച്ചേര്‍ത്തു.

പൂവണിയാത്ത പ്രണയത്തെ കുറിച്ച് പറഞ്ഞ 'ഏ ദില്‍ ഹെ മുഷ്‌കില്‍' ആണ് എക്കാലത്തും തനിക്കേറെ പ്രിയപ്പെട്ട ചിത്രമെന്നും കരണ്‍ പറയുന്നു. 'തിരിച്ചു കിട്ടാതെ പോയ പ്രണയം എനിക്കുമുണ്ടായിട്ടുണ്ട്. എന്റെ സ്വകാര്യതയില്‍ ഉണ്ടായ സംഭാഷണങ്ങള്‍ ആ സിനിമയ്ക്കു വേണ്ടി പുനരാവിഷ്‌കരിച്ചിട്ടുണ്ട്' കരണ്‍ വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്