ചലച്ചിത്രം

'അതിലൊരു കൈ നിങ്ങളുടെയാണ് നൗഷാദിക്ക';മനസു നിറഞ്ഞ് സിദ്ദിഖ്

സമകാലിക മലയാളം ഡെസ്ക്

കേരളത്തില്‍ നന്മയുടെ പ്രതീകമാവുകയാണ് നൗഷാദിക്ക. കഴിഞ്ഞ ദിവസമാണ് തന്റെ കടയില്‍ വില്‍ക്കാന്‍ വെച്ചിരുന്ന തുണിത്തരങ്ങള്‍ ചാക്കുകളില്‍ നിറച്ച് ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് നല്‍കുന്ന നൗഷാദിന്റെ വിഡിയോ മലയാളികള്‍ നെഞ്ചിലേറ്റിയത്. സോഷ്യല്‍ മീഡിയ നിറയുകയാണ് നൗഷാദിക്ക. ഇതിനോടകം നിരവധി പേരാണ് അദ്ദേഹത്തെ പുകഴ്ത്തിക്കൊണ്ട് രംഗത്തെത്തിയത്. ഇപ്പോള്‍ നടന്‍ സിദ്ദിഖാണ് നൗഷാദിക്കയെ പ്രകീര്‍ത്തിക്കുന്നത്. 'ആകാശം ഭൂമിയിലേക്കു വീഴാതെ താങ്ങി നിര്‍ത്തുന്നത്, വലിയ മനുഷ്യരുടെ കാണാന്‍ കഴിയാത്ത കൈയുകളാണെന്നു പറഞ്ഞു കേട്ടിട്ടുണ്ട്. നൗഷാദിക്കാ, തീര്‍ച്ചയായും, അതിലൊരു കൈ നിങ്ങളുടെയാണെന്നു ഞാന്‍ വിശ്വസിക്കുന്നു' സിദ്ദിഖ് കുറിച്ചു. നുണപ്രചരണങ്ങള്‍ക്കിപ്പുറവും നിസ്വാര്‍ത്ഥരായ മനുഷ്യരെ കണ്ട് മനസ്സു നിറയുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

സിദ്ദിഖിന്റെ കുറിപ്പ് വായിക്കാം;

ഈ മനുഷ്യന്‍..... നൗഷാദ്.....

ദുരിതാശ്വാസത്തിനായി തുണിത്തരങ്ങളും ചെരുപ്പുകളും തെണ്ടി ബ്രോഡ്വേയിലെ കടകള്‍ തോറും കയറിയിറങ്ങി നടക്കുമ്പോള്‍ 'നിങ്ങള്‍ക്ക് കുഞ്ഞുടുപ്പുകള്‍ വേണോ' എന്നു ചോദിച്ച് കൂട്ടിക്കൊണ്ടു പോയി, അഞ്ച് ചാക്കു നിറയെ തുണിത്തരങ്ങള്‍ എടുത്തു തന്നൊരു മട്ടാഞ്ചേരിക്കാരന്‍. നിങ്ങള്‍ക്കിത് വലിയ നഷ്ടം വരുത്തില്ലേത്? എന്നു ചോദിച്ചപ്പോള്‍, 'നമ്മള്‍ പോകുമ്പോള്‍ ഇതൊന്നും ഇവിടുന്ന് കൊണ്ടുപോവാന്‍ പറ്റൂല്ലല്ലോ? എനിക്ക് നാട്ടുകാരെ സഹായിക്കുന്നതാണ് എന്റെ ലാഭം. നാളെ പെരുന്നാളല്ലേ.. എന്റെ പെരുന്നാളിങ്ങനെയാ.' എന്നുപറഞ്ഞ് ചിരിച്ചൊരു മനുഷ്യന്‍.

ആകാശം ഭൂമിയിലേക്കു വീഴാതെ താങ്ങി നിര്‍ത്തുന്നത്, വലിയ മനുഷ്യരുടെ കാണാന്‍ കഴിയാത്ത കൈയുകളാണെന്നു പറഞ്ഞു കേട്ടിട്ടുണ്ട്. നൗഷാദിക്കാ, തീര്‍ച്ചയായും, അതിലൊരു കൈ നിങ്ങളുടെയാണെന്നു ഞാന്‍ വിശ്വസിക്കുന്നു.

ചില നുണ പ്രചരണങ്ങള്‍ക്കിപ്പുറവും, കരുതല്‍ പങ്കുവയ്ക്കുന്ന, ചേര്‍ത്തു പിടിക്കുന്ന, നിസ്വാര്‍ത്ഥരായ മനുഷ്യരെ കണ്ട് മനസ്സു നിറയുന്നു.

സ്‌നേഹം. നമ്മള്‍ അതിജീവിക്കുക തന്നെ ചെയ്യും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലപോലെ നോട്ടുകൂമ്പാരം! ; ഝാര്‍ഖണ്ഡ് മന്ത്രിയുടെ സഹായിയുടെ വീട്ടില്‍ നിന്നും ഇഡി 25 കോടി പിടിച്ചെടുത്തു ( വീഡിയോ)

ആദ്യം നല്‍കുന്ന തുക ഇരട്ടിയാക്കി നല്‍കും, പണം ഇരട്ടിപ്പ് തട്ടിപ്പില്‍ വീഴല്ലേ...!; മുന്നറിയിപ്പുമായി കേരള പൊലീസ്

അമേഠിയില്‍ കോണ്‍ഗ്രസ് ഓഫീസിനുനേരെ ആക്രമണം; വാഹനങ്ങള്‍ തകര്‍ത്തു

സ്വര്‍ണവില വീണ്ടും കൂടി; 53,000ലേക്ക്

പാലക്കാട് യുവതിക്ക് നേരെ ആസിഡ് ആക്രമണം; മുന്‍ ഭര്‍ത്താവ് കസ്റ്റഡിയില്‍