ചലച്ചിത്രം

'സിനിമയിലെ ഹീറോ യഥാർത്ഥ ജീവിതത്തിൽ വില്ലന്മാരെ കണ്ടിട്ടുണ്ടാകില്ല' ; ഭൂമി തട്ടിപ്പുകേസിൽ പ്രഭാസിനോട് കോടതി

സമകാലിക മലയാളം ഡെസ്ക്

ഹൈദരാബാദ്: ഭൂമി തട്ടിപ്പുകേസിൽ തെലുങ്കു നടന്‍ പ്രഭാസിന് തെലങ്കാന ഹൈക്കോടതിയുടെ വിമർശനം. സിനിമയില്‍ വില്ലനെതിരെ പോരാടിയ ബാഹുബലി ജീവിതത്തില്‍ വില്ലന്‍മാരെ കണ്ടിട്ടുണ്ടാകില്ലെന്ന് കോടതി പറഞ്ഞു. പ്രഭാസിന്റെ  ഗസ്റ്റ് ഹൗസ്, റവന്യു വകുപ്പ് പിടിച്ചെടുത്തതുമായി ബന്ധപ്പെട്ട കേസിലാണ് കോടതി ഇങ്ങനെ അഭിപ്രായപ്പെട്ടത്. 

നോട്ടീസ് നല്‍കാതെയാണ്, വസ്തു വകകള്‍ പിടിച്ചെടുക്കുന്നത് സംബന്ധിച്ച് റവന്യു വകുപ്പ് നടപടി സ്വീകരിച്ചതെന്ന് പ്രഭാസിന്റെ പിതാവ് ഡി.വി.വി സത്യനാരായണ രാജു കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ വ്യക്തമാക്കിയിരുന്നു. പ്രഭാസ് ഭൂമി തട്ടിപ്പുകാരനാണെന്ന് കേസിൽ സര്‍ക്കാറിന് വേണ്ടി ഹാജരായ വക്കീല്‍ വാദിച്ചു. പ്രഭാസിന്റെ വീട് നിര്‍മ്മിച്ചിരിക്കുന്നത് സര്‍ക്കാര്‍ ഭൂമിയിലാണെന്നും  ഏക്കര്‍ കണക്കിന് വരുന്ന വസ്തുവില്‍ അനധികൃത നിര്‍മ്മാണങ്ങള്‍ നടക്കുന്നുവെന്നും സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ വ്യക്തമാക്കി. അപ്പോഴായിരുന്നു കോടതിയുടെ അഭിപ്രായപ്രകടനം.

ജസ്റ്റിസുമാരായ വി രാമസുബ്രഹ്മണ്യൻ, പി കേശവറാവു എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് ഹർജി പരി​ഗണിച്ചത്. പ്രഭാസ് നിയമപരമായി ഭൂമി വാങ്ങിയതാണെന്നും, നിർമ്മാണപ്രവർത്തനങ്ങൾ നടത്തിയത് നിയമപരമായിട്ടാണെന്നും നടന്റെ അഭിഭാഷകൻ കോടതിയിൽ വാദിച്ചു. എന്നാൽ കേസിൽ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുന്നില്ലെന്ന് കോടതി വ്യക്തമാക്കി. ദരിദ്രനായ വ്യക്തിയാണ് പരാതിക്കാരനെങ്കിൽ ഇടക്കാല ഉത്തരവ് പരി​ഗണിക്കുമായിരുന്നു. എന്നാൽ പരാതിക്കാരന് നിയമപോരാട്ടം നടത്താനുള്ള സാമ്പത്തിക സ്ഥിതിയുണ്ടെന്നും കോടതി അഭിപ്രായപ്പെട്ടു. ഇരുകക്ഷികളുടെയും വാദം കേട്ടതിന് ശേഷം പ്രഭാസിന്റെ ഹര്‍ജി മറ്റൊരു ദിവസം പരിഗണിക്കുമെന്ന് ഡിവിഷൻ ബെഞ്ച്  വ്യക്തമാക്കി. 

അനന്ത്പൂര്‍ ജില്ലയിലെ റായ്ദര്‍ഗം എന്ന പ്രദേശത്താണ് പ്രഭാസിന്റെ ഗസ്റ്റ് ഹൗസ് സ്ഥിതിചെയ്യുന്നത്. സര്‍ക്കാറിന്റെ ഉടമസ്ഥതിയിലുള്ള ഏതാനും ഭൂമികള്‍ ഇവിടെ  സ്വകാര്യ വ്യക്തികള്‍ കൈയ്യേറിയിട്ടുണ്ട്. ഈ പ്രദേശത്തുള്ളവര്‍ കോടതിയെ സമീപിച്ചിരുന്നവെങ്കിലും  ഈ ഭൂമി സര്‍ക്കാരിന്റെ അധീനതയില്‍ ഉള്ളതാണെന്ന് സുപ്രിംകോടതി മൂന്ന് മാസം മുമ്പ് വിധിക്കുകയായിരുന്നു. 

ഇതോടെ തുടര്‍നടപടികളുമായി റവന്യു വകുപ്പ് മുന്നോട്ട് പോയി. ഭൂമി ഒഴിപ്പിക്കാനായി പ്രഭാസിന്റെ വീട്ടിലെത്തിയ റവന്യൂ സംഘം വീട് പൂട്ടിയിട്ടിരിക്കുന്നതായി കണ്ടു. അകത്തേക്ക് കടക്കാന്‍ ശ്രമിച്ചില്ലെങ്കിലും ആള്‍ക്കാരെ കാണാത്തതിനാല്‍ നോട്ടിസ് പതിപ്പിച്ച് സംഘം മടങ്ങി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലാവലിന്‍ കേസ് ഇന്ന് വീണ്ടും സുപ്രീംകോടതിയില്‍

ആലുവയില്‍ ഗുണ്ടാ ആക്രമണം; കോണ്‍ഗ്രസ് പ്രവര്‍ത്തകനായ മുന്‍ പഞ്ചായത്ത് അംഗത്തിന് വെട്ടേറ്റു; നാലുപേര്‍ക്ക് പരിക്ക്

വീണ്ടും രക്ഷകനായി സ്‌റ്റോയിനിസ്, 45 പന്തില്‍ 62 റണ്‍സ്; മുംബൈയെ തോല്‍പ്പിച്ച് ലഖ്‌നൗ

ഇന്നുമുതൽ സാമ്പത്തികരം​ഗത്ത് നിരവധി മാറ്റങ്ങൾ; അറിയേണ്ട നാലുകാര്യങ്ങൾ

സേലത്ത് വിനോദയാത്രാ സംഘത്തിന്റെ ബസ് മറിഞ്ഞു; നാലു മരണം; 45 പേര്‍ക്ക് പരിക്ക്