ചലച്ചിത്രം

ഈ സുന്ദരികൾ പാർവതിയോട് പറയുന്നു; 'കറുത്ത പെണ്ണുടലുകൾ ഇനിയും നിങ്ങളെ അഡ്രസ് ചെയ്യും'

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: കരിങ്കൽ പ്രതിമ പോലെ ശരീരമെന്നും കറുത്തു നീണ്ട വിരൽത്തുമ്പുകളിൽ അമ്പിളിത്തുണ്ടുകൾ പോലെ നഖങ്ങളെന്നും ഉറൂബ് എഴുതിവച്ച രാച്ചിയമ്മ. കരിങ്കൽമല‍ പെറ്റെറിഞ്ഞവളെപ്പോലെ കറുത്ത രാച്ചിയമ്മയെ സ്ക്രീനിൽ അവതരിപ്പിക്കാൻ എന്തിനാണ് വെളുത്ത നടിയായ പാർവതി?

വെളുപ്പിൽ കറുപ്പുപൂശി രാച്ചിയമ്മയെ സൃഷ്ടിക്കാതെ, ആ കഥാപാത്രം എണ്ണക്കറുപ്പുള്ള ഏതെങ്കിലും സുന്ദരിക്ക് വിട്ടുനൽകണമെന്ന ആവശ്യവുമായി സമൂഹ മാധ്യമ പ്രചാരണത്തിലാണ് ഒരുകൂട്ടം സ്ത്രീകൾ. സ്വന്തം നോ എഡിറ്റ്, നോ ഫിൽട്ടർ പടങ്ങൾ പങ്കുവച്ചുകൊണ്ടാണ് പോസ്റ്റുകളേറെയും.

നാല് സംവിധായകർ ചേർന്നൊരുക്കുന്ന ആന്തോളജി സിനിമാ സമാഹാരത്തിലെ ലഘു ചിത്രമായാണ് ഉറൂബിന്റെ പ്രശസ്ത നോവൽ ‘രാച്ചിയമ്മ’ ബി​ഗ് സ്ക്രീനിലെത്തുന്നത്. ഛായാഗ്രാഹകനും സംവിധായകനുമായ വേണു ചിത്രമൊരുക്കുന്നു. പാർവതി തിരുവോത്ത് ആണ് നായികയായി എത്തുന്നതെന്ന വാർത്തയ്ക്കു പിന്നാലെ കറുത്തമ്മയെ വെളുത്തമ്മയാക്കുന്ന മലയാള സിനിമയെന്ന വിമർശനങ്ങൾ പരക്കെ ഉയർന്നിരുന്നു.

കഷ്ടപ്പെട്ട് ഉണ്ടാക്കിയെടുക്കുന്ന കറുപ്പിന്റെ രാഷ്ട്രീയവും അവസരങ്ങളും പാർവതിയെപ്പോലെ പ്രഫഷനൽ ആയ നടി മനസ്സിലാക്കുമെന്ന പ്രതീക്ഷയിലാണ് രംഗത്തിറങ്ങിയതെന്ന് ‘ഡോണ്ട് സ്റ്റീൽ അവർ ഫേസസ്’ എന്ന ഹാഷ്ടാഗുമായി ക്യാംപെയ്നിന് തുടക്കമിട്ട ദലിത് ആക്ടിവിസ്റ്റ് ഡോ. ധന്യ മാധവ് പറയുന്നു. ചിത്രത്തിന്റെ ഷൂട്ട് ഉൾപ്പെടെ കഴിഞ്ഞെങ്കിലും ആ കാസ്റ്റിങ്ങിലെ രാഷ്ട്രീയ ശരികേട് ചർച്ച ചെയ്യുന്നത് വളരെ പ്രധാനമാണെന്നും വ്യക്തമാക്കുന്നു.

ഇത്, ഞങ്ങളെ നോക്കൂ, ഞങ്ങളെ നോക്കൂ എന്ന നിലവിളിയാണെന്നു കരുതരുതെന്നും കറുപ്പിനെ ഏതെല്ലാം അടരുകളോട് ചേർത്തുവച്ചാണ് സമൂഹം വായിക്കുന്നതെന്നു വ്യക്തമാക്കാനാണ് ശ്രമിക്കുന്നതെന്നും ക്യാംപെയ്നിൽ പങ്കാളിയായ ധന്യ എം.ഡി.പിങ്കി. സ്മിത സുമതി കുമാർ, അലീന ആകാശമിഠായി, അഡ്വ. കുക്കു ദേവകി, ഉമ സിതാര, അനു ഇന്ദ്രൻ, ചിഞ്ചു സോർബ റോസ, എസ് കവിത, രജനി പാലംപറമ്പിൽ, തനു തമ്പി, ‍‍ഡിംപിൾ റോസ് തുടങ്ങിയവരും ശക്തമായ നിലപാടറിയിച്ച് ക്യാമ്പയ്നിലുണ്ട്.

ദളിതനല്ലാത്ത മമ്മൂട്ടി അംബേദ്കറായി എത്തിയപ്പോൾ എവിടെയായിരുന്നു.. തുടങ്ങിയ മറുചോദ്യങ്ങൾ ക്യാമ്പയ്നിനെതിരെ ഉയരുന്നുണ്ട്. വെറുതെ ഫോട്ടോ മാത്രമാക്കാതെ 30 സെക്കൻഡ് ടിക് ടോക് വീഡിയോ എങ്കിലും പോസ്റ്റ് ചെയ്യൂ എന്നു പരിഹസിക്കുന്നവരുമുണ്ട്. എന്നാൽ ഇത് തങ്ങൾക്ക് അവസരം പ്രതീക്ഷിച്ചുള്ള ശ്രമമെന്നും ദലിത് കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ ദലിതരേ പാടുള്ളൂ എന്ന അവകാശവാദമെന്നും തെറ്റിദ്ധരിക്കുന്നവരോട് ഒന്നും പറയാനില്ലെന്ന് അവർ വ്യക്തമാക്കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്