ചലച്ചിത്രം

'സിനിമ പാട്ടിനെയും യേശുദാസിനെയും പുച്ഛിക്കുന്നത് ബുദ്ധിജീവി ലക്ഷണമായിരുന്നു'

സമകാലിക മലയാളം ഡെസ്ക്

കവിയും അഭിനേതാവുമായ ബാലചന്ദ്രൻ ചുള്ളിക്കാട് മലയാളികളുടെ ബുദ്ധിജീവി നാട്യത്തെ പരിഹസിച്ചു കൊണ്ട് എഴുതിയ കുറിപ്പ് പങ്കുവച്ച് റഫീഖ് അഹമ്മദ്. സിനിമ പാട്ടിനെയും യേശുദാസിനെയും പുച്ഛിക്കുന്നത് ബുദ്ധിജീവി ലക്ഷണമായിരുന്നുവെന്നും ശ്രുതിയും താളവും തെറ്റിയാൽ അതു മനസിലാക്കാൻ കഴിവില്ലാത്ത ബുദ്ധിജീവികൾ വലിയ സംഗീതജ്ഞരുടെയും രാഗങ്ങളുടെയുമൊക്കെ പേരുകൾ പറഞ്ഞ് അറിവില്ലാത്തവരെ വിരട്ടി സംഗീതാസ്വാദകരായി ഭാവിക്കും എന്നും ബാലചന്ദ്രൻ ചുള്ളിക്കാട് കുറിച്ചു.

റഫീഖ് അഹമ്മദിന്റെ കവിതകൾ എനിക്ക് എന്നും ഇഷ്ടമായിരുന്നുവെന്നും എന്നാൽ റഫീഖ് സിനിമാപ്പാട്ട് എഴുതിയതോടെയാണ് താൻ അദ്ദേഹത്തിന്റെ ആരാധകനായി മാറിയതെന്നും ചുള്ളിക്കാട് പറയുന്നു. സിനിമാപ്പാട്ട് എഴുതാൻ പല വട്ടം ശ്രമിച്ച് ദയനീയമായി പരാജയപ്പെട്ട തനിക്ക് റഫീഖ് അഹമ്മദിനോട് ആരാധന തോന്നിയതിൽ അത്ഭുതമില്ലെന്നും അ​ദ്ദേഹം പറഞ്ഞു. ചുള്ളിക്കാടിന്റെ കുറിപ്പ് പോസ്റ്റ് ചെയ്യാതിരിക്കാൻ തോന്നുന്നില്ല എന്നു പറഞ്ഞാണ് റഫീഖ് അഹമ്മദ് പങ്കിട്ടിരിക്കുന്നത്.

കുറിപ്പിന്റെ പൂർണ രൂപം

പ്രിയ കവി ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ ഒരു കുറിപ്പ്. ഇവിടെ പോസ്റ്റാതിരിക്കാൻ തോന്നുന്നില്ല.

റഫീക്ക് അഹമ്മദിന്റെ ഒരു ആരാധകൻ. ബാലചന്ദ്രൻ ചുള്ളിക്കാട്

ഗന്ധർവസംഗീതത്തിന്റെ നാലാം തലമുറയും സ്വാമിയുടെ ഈണം പാടി; ശ്യാമരാഗത്തെക്കുറിച്ച് റഫീഖ് അഹമ്മദ്
ശരാശരി മലയാളി ബുദ്ധിജീവിയാണ്. ഞാൻ ബുദ്ധിജീവിയല്ല. വികാരജീവിയാണ്. വൈകാരികലോകത്തെ സ്പർശിക്കുന്ന കവിതകളാണ് എനിക്കിഷ്ടം. അതിനാൽ റഫീഖ് അഹമ്മദിന്റെ കവിതകൾ എനിക്ക് എന്നും ഇഷ്ടമായിരുന്നു. എന്നാൽ റഫീഖ് സിനിമാപ്പാട്ട് എഴുതിയതോടെയാണ് ഞാൻ അദ്ദേഹത്തിന്റെ ആരാധകനായി മാറിയത്. സിനിമാപ്പാട്ട് എഴുതാൻ പല വട്ടം ശ്രമിച്ച് ദയനീയമായി പരാജയപ്പെട്ട എനിക്ക് റഫീഖ് അഹമ്മദിനോട് ആരാധന തോന്നിയതിൽ അത്ഭുതമില്ല. സിനിമാപ്പാട്ടിനേയും യേശുദാസിനെയും പുച്ഛിക്കുക ബുദ്ധിജീവി ലക്ഷണമായിരുന്നു. ശ്രുതിയും താളവും തെറ്റിയാൽ അതു മനസ്സിലാക്കാൻ കഴിവില്ലാത്ത, ഒരു സ്വരമോ താളമോ തിരിച്ചറിയാൻ പോലും കഴിവില്ലാത്ത ബുദ്ധിജീവികൾ വലിയ സംഗീതജ്ഞരുടെയും രാഗങ്ങളുടെയും ഒക്കെ പേരുകൾ പറഞ്ഞ് അറിവില്ലാത്തവരെ വിരട്ടി വലിയ സംഗീതാസ്വാദകരായി ഭാവിക്കും.

(പാശ്ചാത്യ സർവ്വകലാശാലകളിൽ ജനപ്രിയകല പഠനവിഷയമായതോടെ നമ്മുടെ ബുദ്ധിജീവികളും വാനരത്വേന ആവഴിക്ക് നീങ്ങാൻ തുടങ്ങി.) എന്തായാലും കുട്ടിക്കാലം മുതൽ സിനിമാപ്പാട്ടുകളെയും യേശുദാസിനെയും നിർഭയം നിർലജ്ജം ഞാൻ ആരാധിച്ചുപോരുന്നു. വയലാറിന്റെയും പി.ഭാസ്കരന്റെയും ഒ.എൻ.വിയുടെയും കവിതകളെക്കുറിച്ച് എനിക്ക് എന്ത് അഭിപ്രായവ്യത്യാസമുണ്ടെങ്കിലും ഞാൻ അവരുടെ ഗാനപ്രപഞ്ചത്തെ ആരാധിക്കുന്നു. സ്വാഭാവികമായും ഞാൻ റഫീഖ് അഹമ്മദിനെയും ആരാധിക്കുന്നു. പ്രിയസുഹൃത്തേ, ഇനിയുമിനിയും എന്റെ നരകങ്ങളെ ഗാനസാന്ദ്രമാക്കുക.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ