ചലച്ചിത്രം

രണ്ടര വയസുകാരിയായ മകളെ പിരിഞ്ഞിരിക്കാൻ തുടങ്ങിയിട്ട് 100 ദിവസം; വികാരഭരിതയായി ശിൽപബാല

സമകാലിക മലയാളം ഡെസ്ക്

കൊറോണയെ തുടർന്ന് ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ പ്രിയപ്പെട്ടവരിൽ  നിന്ന് അകന്ന് ജീവിക്കേണ്ടി വന്നവർ നിരവധിയാണ്. ഇപ്പോൾ തന്റെ രണ്ടര വയസുകാരിയായ മകളെ 100 ദിവസമായി വേർപിരിഞ്ഞിരിക്കുന്നതിന്റെ ദുഃഖം പങ്കുവെക്കുകയാണ് നടി ശിൽപ ബാല. മുത്തച്ഛനും മത്തശ്ശിക്കുമൊപ്പം ദുബായിലാണ് മകൾ ഇപ്പോൾ. നീണ്ട വെക്കേഷനായി തയാറായിരിക്കുകയായിരുന്നു കുടുംബം. അച്ഛനും അമ്മയ്ക്കുമൊപ്പം മകളെ ആദ്യം ദുബായ്ക്ക് അയച്ചു. ഷൂട്ടിങ് പൂർത്തിയാക്കി രണ്ടാഴ്ചയ്ക്ക് ശേഷം ദുബായിലേക്ക് തിരിക്കാനുള്ള തീരുമാനത്തിലായിരുന്നു ശിൽപ. എന്നാൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ യാത്ര മുടങ്ങുകയായിരുന്നു. എന്നാൽ ഇപ്പോൾ ഇത് അനു​ഗ്രഹമായി മാറിയെന്നാണ് താരം പറയുന്നത്. ശിൽപയുടെ ഭർത്താവ് ഡോക്ടറാണ്. എല്ലാ ദിവസവും ഭർത്താവ് ആശുപത്രിയിൽ പോകുന്നുണ്ടെന്നും അതിനാൽ മകൾ സുരക്ഷിതമായ കൈകളിലാണെന്നുമാണ് ശിൽപ പറയുന്നത്. ഇൻസ്റ്റ​ഗ്രാമിൽ പോസ്റ്റ് ചെയ്ത കുറിപ്പിലൂടെയാണ് തന്റെ കുടുംബത്തിലും അടുത്ത സുഹൃത്തുക്കളിലും മാത്രം ഒതുങ്ങി നിന്നിരുന്ന സ്വകാര്യ ദുഃഖം താരം പങ്കുവെച്ചത്. 

ശിൽപ ബാലയുടെ കുറിപ്പ് വായിക്കാം

സോഷ്യല്‍ മീഡിയയില്‍ ഇതേക്കുറിച്ച് സംസാരിക്കണോ വേണ്ടയോ എന്നത് എന്നെ അലട്ടിയിരുന്നു. ഇത് എന്റെ വ്യക്തപരമായ ദുഃഖമാണ്. കഴിഞ്ഞ രണ്ട് മാസമായി നിങ്ങളില്‍ നിരവധി പേര്‍ എന്നോട് തുറന്നു സംസാരിച്ചിരുന്നു. പലരും നിങ്ങളുടെ പ്രശ്‌നങ്ങളെക്കുറിച്ച് പറഞ്ഞു. ചിലര്‍ പ്രിയപ്പെട്ടവരുമായി പിരിഞ്ഞിരിക്കുന്നതിലൂടെ അനുഭവിക്കുന്ന മാനസിക ബുദ്ധിമുട്ടുകളെല്ലാം വ്യക്തമാക്കി. ഇതില്‍ പലതും എന്റെ ഉറക്കം കെടുത്തി. ഇതുവരെ എന്റെ കാര്യം നിങ്ങളുമായി പങ്കുവെച്ചിട്ടില്ല. എന്റെ അടുത്ത സുഹൃത്തുക്കള്‍ക്കും കുടുംബത്തിനും ഒഴിച്ച് ബാക്കി ആര്‍ക്കും അറിയില്ല കഴിഞ്ഞ നൂറ് ദിവസമായി കരകാണാതെ തുഴഞ്ഞുകൊണ്ടിരിക്കുന്ന ഒരു കപ്പലിലാണ് ഞാനെന്ന്. നൂറ് ദിവസമായി ഞാനെന്‍റെ കുഞ്ഞ് മകളെ പിരിഞ്ഞിട്ട്. 

വേര്‍പിരിയല്‍ എന്ന് പറയുമ്പോള്‍ അത് നിങ്ങള്‍ ചിന്തിക്കുന്ന പോലൊന്നല്ല. സത്യത്തില്‍ അതൊരു തരത്തില്‍ അനുഗ്രഹമാണെന്നും തോന്നിപ്പോകുന്നു. കോവിഡ് 19 ലോകത്ത് താണ്ഡവമാടുന്നതിന് മുമ്പാണ് മകള്‍ക്കൊപ്പം വെക്കേഷന്‍ പ്ലാന്‍ ചെയ്തത്. അവളെ മുത്തച്ഛനും മുത്തശ്ശിക്കുമൊപ്പം ദുബായിലേക്ക് അയച്ചു. ഒരു ഷോയുടെ ഭാ​ഗമായി കൊച്ചിയില്‍ വച്ച് നടത്തുന്ന ഫോട്ടോഷൂട്ടിന് ശേഷം ഞാനും പോകാമെന്ന്  വിചാരിച്ചു. അതിനിടയ്ക്കാണ് കോവിഡും ലോക്ക്ഡൗണും വന്നത്. എല്ലാം നിശ്ചലമായി. അടുത്തതെന്ത് എന്ന് ഒരു രൂപവും ഇല്ലാത്ത അവസ്ഥ. 

65 ശതമാനത്തിലധികം ജനങ്ങള്‍ ജോലിക്ക് പോകുന്നത് നിര്‍ത്തി, വര്‍ക്ക് ഫ്രം ഹോം എന്ന ഓപ്ഷന്‍ തിരഞ്ഞെടുത്തു. ബാക്കി ശതമാനം ആളുകള്‍ കോവിഡിനെതിരെയുള്ള പോരാട്ടത്തില്‍ മുന്‍നിരയില്‍ നില്‍ക്കുന്നവരാണ്. അതിലൊരാളാണ് എന്റെ ഭര്‍ത്താവും. എല്ലാ ദിവസവും അദ്ദേഹം ആശുപത്രയില്‍ പോവും. വൈറസില്‍ നിന്ന് രക്ഷ നേടാനുള്ള മിനിമം ഉപകരണങ്ങള്‍ വച്ച് ഓപിയിൽ ജോലി ചെയ്യും. പല ആശുപത്രിയിലും ഇതേ അവസ്ഥ തന്നെയാണ്, പലരും അത് തുറന്ന് പറയുന്നില്ല എന്നേയുള്ളൂ. ഈ അവസ്ഥയിൽ ഞങ്ങളുടെ കുഞ്ഞിനെ സുരക്ഷിതമായ കൈകളില്‍, അവളുടെ മുത്തചഛന്‍റെയും മുത്തശ്ശിയുടെയും അടുത്ത് എത്തിക്കുക എന്നതായിരുന്നു ദൈവത്തിന്റെ  പ്ലാന്‍ എന്ന് കരുതുന്നു. 

ഒരു രണ്ടര വയസുകാരിക്ക്, അവളുടെ വളർച്ചയുടെ പ്രായത്തിൽ പുതിയ സ്ഥലവും പുതിയ സാഹചര്യങ്ങളും പരിചയപ്പടാനാവുന്നത് സത്യത്തില്‍ അനുഗ്രഹമാണ്. എന്റെ അച്ഛനും അമ്മയും അവളുടെ അടുത്ത സുഹൃത്തുക്കളാണ്. അവൾ വളരെ സന്തോഷവതിയാണ്. ഞങ്ങളെ സംബന്ധിച്ചിടത്തോളം അവളെ തൊടാനോ കെട്ടിപ്പിടിക്കാനോ ഉമ്മ നല്‍കാനോ സാധിക്കാത്തത് വളരെ ബുദ്ധിമുട്ടേറിയ കാര്യമാണ്. പക്ഷേ 100 ദിവസം, 1000 വിര്‍ച്ച്വല്‍ ഉമ്മകളും കെട്ടിപ്പിടുത്തവും. വീഡിയോ കോള്‍ ചെയ്യുമ്പോള്‌‍‍  ഫോണ്‍ ചേര്‍ത്ത് പിടിച്ച് സ്ക്രീനില്‍ നല്‍കുന്ന ഉമ്മകള്‍. . അതിപ്പോള്‍ സത്യത്തില്‍ എനിക്ക് വല്ലാത്ത സന്തോഷം നല്‍കുന്നു.  

ഓരോ രണ്ട് മണിക്കൂർ കൂടുമ്പോഴും അവളെന്തൊക്കെ പഠിച്ചു, കഴിച്ചു എന്നൊക്കെ വിളിച്ചറിയുന്നത് ഇന്ന്  ദിനചര്യയുടെ ഭാഗമായി. കുട്ടികളെത്ര പെട്ടെന്നാണ് പുതിയ സാഹചര്യങ്ങളുമായി പൊരുത്തപ്പെടുന്നതെന്ന് എന്നെ അത്ഭുതപ്പെടുത്തുന്നു
നമ്മള്‍ മുതിര്‍ന്നവര്‍ അനാവശ്യ കാര്യങ്ങള്‍ ചിന്തിച്ചു കൂട്ടും. മറ്റൊരു ദിവസത്തിലേക്ക് ഉണര്‍ന്നെണീക്കാൻ സാധിക്കുന്നതിൽ  അനുഗ്രഹീതരാണെന്ന് അറിയുമെങ്കിൽ പോലും നമ്മൾ വേണ്ടാത്തതേ ചിന്തിക്കൂ.. കുട്ടികളില്‍ നിന്ന് പഠിക്കൂ എന്ന് പറയുമ്പോൾ അവരെങ്ങനെ സാഹചര്യങ്ങളെ സമീപിക്കുന്നു എന്നതാണ് പഠിക്കേണ്ടത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ