ചലച്ചിത്രം

'മാസശമ്പളക്കാരല്ല, ദിവസക്കൂലിക്കാരാണ്! പാട്ടും കൂത്തും നടത്തും...'; വിമർശകർക്ക് സിതാരയുടെ മറുപടി‌ 

സമകാലിക മലയാളം ഡെസ്ക്

രാജ്യം മുഴുവൻ ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ വീടുകളിൽ തളയ്ക്കപ്പെട്ട അവസ്ഥയാണ് പലർക്കും. പതിവായ് ചെയ്തുകൊണ്ടിരുന്നതിനെല്ലാം ഫുൾ സ്റ്റോപ്പിട്ടു എന്നുമാത്രമല്ല സമയമെങ്ങനെ തള്ളിനീക്കും എന്നറിയാതെയാണ് വീടുകൾക്കുള്ളിലെ ചടഞ്ഞിരുപ്പ്. സോഷ്യൽ മീഡിയ, ടിവി, നെറ്റ്ഫ്ലിക്സ് ... ഇങ്ങനെ നീങ്ങും പലരുടെയും പരീക്ഷണങ്ങൾ. സോഷ്യൽ ലോകത്തെ നെ​ഗറ്റീവ് വാർത്തകൾ കണ്ട് നിരാശരായിരിക്കുന്നവർക്ക് അൽപം ആശ്വാസം പകരാൻ ശ്രമിക്കുന്നവരും കുറവല്ല. കുട്ടിക്കാല ഓർമ്മകളും സം​ഗീതവും ഒക്കെ നിറച്ച് പോസിറ്റിവിറ്റി പകരാനാണ് ഈ ശ്രമങ്ങളേറെയും. എന്നാൽ ഇതിനും വിമർശനം കുറവല്ല. 

"ഈ സമയത്താണോ നിങ്ങടെ പാട്ടും കൂത്തും ", "പാട്ടുപാടാതെ പോയിരുന്നു പ്രാർത്ഥിക്കൂ ", "ലോകം മുഴുവൻ പ്രശ്‍നം നടക്കുമ്പോളാണ് അവന്റെ ഒരു പാട്ട്", എന്നിങ്ങനെ നീളുന്നതാണ് വിമർശനശരങ്ങൾ. ഇത്തരം വിമർശനങ്ങളുമായി എത്തുന്നവർക്ക് മറുപടി കുറിച്ചിരിക്കുകയാണ് ഗായിക സിതാര കൃഷ്ണകുമാർ. "നിങ്ങൾക്ക് ഫേസ്ബുക്കിൽ കയറാമെങ്കിൽ , കമന്റ് ഇടാമെങ്കിൽ , ട്രോളുകൾ കണ്ടു ചിരിക്കാമെങ്കിൽ , സിനിമ കാണാമെങ്കിൽ ,പുസ്തകം വായിക്കാമെങ്കിൽ ഞങ്ങൾ പാടുക തന്നെ ചെയ്യും !!!!", എന്നാണ് സിതാരയുടെ വാക്കുകൾ. ഇതോടൊപ്പം താൻ അടങ്ങുന്ന കലാലോകം ഒരു തിരിച്ചു കയറ്റത്തിന് എത്രത്തോളം കാത്തിരിക്കണം എന്ന വ്യക്തമാക്കുന്നതും കൂടെയാണ് സിതാരയുടെ കുറിപ്പ്.‌‌

സിതാര ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിന്റെ പൂർണ്ണരൂപം...

ഒന്നു രണ്ടു ദിവസങ്ങളായി പാട്ടു പാടി പോസ്റ്റ് ചെയ്യുന്ന സുഹൃത്തുക്കൾക്ക് പലർക്കും ലഭിച്ച കമന്റുകളിൽ ചിലത് ഇങ്ങനെയാണ് , "ഈ സമയത്താണോ നിങ്ങടെ പാട്ടും കൂത്തും ", "പാട്ടുപാടാതെ പോയിരുന്നു പ്രാർത്ഥിക്കൂ ", "ലോകം മുഴുവൻ പ്രശ്‍നം നടക്കുമ്പോളാണ് അവന്റെ ഒരു പാട്ട് " !!!
ഒന്നു പറയട്ടെ സുഹൃത്തേ , നിങ്ങൾക്ക് ഫേസ്ബുക്കിൽ കയറാമെങ്കിൽ , കമന്റ് ഇടാമെങ്കിൽ , ട്രോളുകൾ കണ്ടു ചിരിക്കാമെങ്കിൽ , സിനിമ കാണാമെങ്കിൽ ,പുസ്തകം വായിക്കാമെങ്കിൽ ഞങ്ങൾ പാടുക തന്നെ ചെയ്യും !!!! ഈ പറയുന്ന വിഷയം എത്രകണ്ട് മനസ്സിലാകും എന്നറിയില്ല ,കലാകാരന്മാർ മിക്കവരും മാസശമ്പളക്കാരല്ല ,ദിവസക്കൂലിക്കാരാണ് !!! പലരുടെയും വരുമാനവും നീക്കിയിരിപ്പും ഏറിക്കുറഞ്ഞിരിക്കും എന്നത് വാസ്തവം തന്നെ , പക്ഷെ സ്വരുക്കൂട്ടിയ ഇത്തിരിയും കഴിഞ്ഞാൽ പിന്നെ ഒരു തരി വെളിച്ചം ഇല്ല ,ഒരു തിരിച്ചു കയറ്റത്തിന് ഏറ്റവും കൂടുതൽ കാത്തിരിക്കേണ്ട കൂട്ടർ കലാകാരന്മാർ തന്നെയാവും !!! എല്ലാവരും സൗഖ്യമായി , എല്ലാവരും ജോലികൾ തുടങ്ങി എന്നുറപ്പായ ,ഉറപ്പാക്കിയ ശേഷമേ കലാകാരന് തന്റെ കഴിവ് തൊഴിലാക്കാനുള്ള സാഹചര്യം ഇനിയുള്ളൂ !!!ഈ സത്യവും ,ഈ അനിശ്ചിതാവസ്ഥയും എല്ലാം തിരിച്ചറിയുമ്പോളും, പണത്തേക്കാൾ , വരുമാനത്തേക്കാൾ പ്രധാനപ്പെട്ടതായി കലാകാരന്മാർ കരുതുന്ന ചിലതുണ്ട് -- നില്ക്കാൻ ഒരു വേദി , മുന്നിൽ ഇരിക്കുന്ന ആസ്വാദകർ , ഒരു നല്ല വാക്ക് , ഒരു കയ്യടി , നന്നായി -ഇനിയും നന്നാക്കാം എന്ന വേദിക്കു പുറകുവശത്തെ പ്രോത്സാഹനം !!! ഈ ദുരിത സമയത്ത് ലോകാരോഗ്യസംഘടനയും , ഡോക്ടർമാരും , ഇതാ ഇന്ന് സർക്കാരുകളും എല്ലാം ഓർമിപ്പിക്കുന്നു വരാനിരിക്കുന്ന മാനസീക പിരിമുറുക്കങ്ങളെ കുറിച്ച് , അവ അതിജീവിക്കേണ്ട മാർഗങ്ങളിൽ പ്രധാനം നിങ്ങളീ പറയുന്ന പാട്ടും കൂത്തും തന്നെയാണ് !!! അതിനാൽ ഞങ്ങൾ പാട്ടും കൂത്തും നടത്തും , ഞങ്ങളുടെയും നിങ്ങളുടെയും മനസ്സുകൾക്ക് വേണ്ടി , പാട്ടും കൂത്തുമല്ലാതെ മറ്റൊന്നും വശമില്ലതാനും !!
പ്രാർത്ഥിക്കാൻ പറയുന്നവരോട് , ഇതുതന്നെയാണ് ഞങ്ങളുടെ പ്രാണനും പ്രാർത്ഥനയും !! അതിനാൽ ഉടലിൽ ഉയിരുള്ളത്രയും നാൾ പാടും ,ആടും ,പറയും !!!!

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആശ്വാസം; കൊടും ചൂട് കുറയുന്നു; ഉഷ്ണ തരംഗ മുന്നറിയിപ്പ് പിന്‍വലിച്ചു

ഡാ.. ദര്‍ശാ ഇറങ്ങിവാടാ പട്ടി..!; സിംഹത്തെ വെല്ലുവിളിച്ച് ചാക്കോച്ചൻ, ചിരിപ്പിച്ച് '​ഗർർർ' ടീസർ

വേനലവധിക്ക് ശേഷം സ്‌കൂളുകള്‍ ജൂണ്‍ മൂന്നിന് തുറക്കും

'വോട്ട് എല്ലാ വര്‍ഷവും ചെയ്യാറുണ്ട്, ഇപ്പോള്‍ ഓണ്‍ലൈനായിട്ടൊക്കെ ചെയ്യാമല്ലോ'; ജ്യോതികയ്ക്ക് ട്രോള്‍

'സഖാവെ ഇരുന്നോളൂ, എംഎല്‍എയ്ക്ക് മുന്‍ സീറ്റ് ഒഴിഞ്ഞു കൊടുത്തു; മെമ്മറി കാര്‍ഡ് കാണാതായതില്‍ കണ്ടക്ടറെ സംശയം; അവന്‍ ഡിവൈഎഫ്‌ഐക്കാരന്‍'