ചെന്നൈ: നടന് വിജയ്യുടെ പേരില്‍ പിതാവ് ചന്ദ്രശേഖര്‍ രൂപീകരിച്ച രാഷ്ട്രീയ പാര്‍ട്ടിയില്‍ ചേരില്ലെന്ന് ആരാധകരുടെ പ്രതിജ്ഞ. വിജയ് ഫാന്‍സ് അസോസിയേഷനായ 'ദ വിജയ് മക്കള്‍ ഇയക്കം' മധുരയില്‍ വിളിച്ചു ചേര്‍ത്ത സമ്മേളനത്തിലാണ് പ്രതിജ്ഞയെടുത്തത്.
രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കാന്‍ വിജയ്യുടെ പിതാവ് എസ് എ ചന്ദ്രശേഖര്‍ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ അപേക്ഷ സമര്‍പ്പിച്ചിരുന്നു. അമ്മ ശോഭ ചന്ദ്രശേഖറിന്റെ പേരും ഉള്‍പ്പെടുത്തിയാണ് പാര്‍ട്ടി രൂപീകരിക്കാനുള്ള ശ്രമങ്ങള്‍ക്ക് അദ്ദേഹം മുന്നിട്ടറങ്ങിയത്. എന്നാല്‍ പിതാവിന്റെ പാര്‍ട്ടിയുമായി തനിക്ക് ബന്ധമില്ലെന്നും ആരും ചേരതുത് എന്നും വിജയ് പറഞ്ഞിരുന്നു.
തന്നെ തെറ്റിദ്ധരിപ്പിച്ചാണ് ഭര്‍ത്താവ് ഈ നീക്കം നടത്തിയതെന്ന് ശോഭ ചന്ദ്രശേഖറും വ്യക്തമാക്കി. വിജയ് നാളുകളായി അച്ഛനോട് സംസാരിക്കാറില്ലെന്നും അവര്‍ പറഞ്ഞു. ഈ പശ്ചാത്തലത്തിലാണ് മധുരയില്‍ വിജയ് ആരാധകരുടെ സമ്മേളനം സംഘടിപ്പിച്ചത്.
വിജയിന് കളങ്കം വരുന്ന പ്രവൃത്തികള്‍ ചെയ്യില്ലെന്നും ഒരു രാഷ്ട്രീയ പാര്‍ട്ടിയിലും അംഗത്വമെടുക്കില്ലെന്നും അവര്‍ പ്രതിജ്ഞ ചെയ്തു. വിജയ്യുടെ പിതാവ് തങ്ങള്‍ക്ക് പിതാവിനെപ്പോലെയാണ്. എന്നാല്‍ വിജയ്യുടെ നേതൃത്വത്തില്‍ അല്ലാത്ത ഒരു പാര്‍ട്ടിയിലും ഭാഗമാകില്ലെന്നും അവര്‍ വ്യക്തമാക്കി.
വിജയ് ഒരു ഇരുമ്പു കൂട്ടിലാണെന്നും അദ്ദേഹത്തിന് ചുറ്റും നിറയെ ക്രിമിനലുകളാണെന്നുമാണ് ചന്ദ്രശേഖറിന്റെ ആരോപണം. എല്ലാ സത്യവും മനസ്സിലാക്കി മകന് ഒരിക്കല്‍ തിരിച്ചുവരുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ