ചലച്ചിത്രം

'നീതിയെക്കുറിച്ച് പറയാനുള്ള അവകാശം നഷ്ടമാക്കി', സ്ത്രീകളോടുള്ള മോശം പെരുമാറ്റത്തിന് മാപ്പു പറഞ്ഞ് വേടൻ

സമകാലിക മലയാളം ഡെസ്ക്

ലൈം​ഗിക ആരോപണങ്ങളുമായി സ്ത്രീകൾ രം​ഗത്തെത്തിയതിനു പിന്നാലെ മാപ്പ് അപേക്ഷിച്ച് റാപ്പർ വേടൻ. സൗഹാർദത്തോടെയും കണ്ടിരുന്ന സ്ത്രീകളോടുള്ള  എന്റെ പെരുമാറ്റത്തിൽ സംഭവിച്ച പിഴവുകൾ ഇന്ന് തിരിഞ്ഞു നോക്കുമ്പോൾ കടുത്ത ഖേദവും ആത്മനിന്ദയും പശ്ചാത്താപവും തോന്നുന്നുണ്ടെന്നാണ് വേടൻ കുറിച്ചത്. തന്റെ നേർക്കുള്ള എല്ലാം വിമർശനങ്ങളും താഴ്മയോടെ ഉൾക്കൊള്ളുകയും നിലവിൽ ഉന്നയിക്കപ്പെട്ട എല്ലാ വിഷയങ്ങളിലും നിർവ്യാജമായി മാപ്പ് പറയുകയും ചെയ്യുന്നു. വരും കാലങ്ങളിൽ ഇത്തരത്തിലുള്ള വിഷമതകൾ അറിഞ്ഞോ അറിയാതെയോ തന്നിൽ നിന്ന് മറ്റൊരാൾക്കു നേരെയും ഉണ്ടാകാതിരിക്കാൻ പൂർണ്ണമായും ബാധ്യസ്ഥനാണെന്നും വേടൻ പറഞ്ഞു. അനീതി നേരിടുന്ന എല്ലാവരോടും ഒപ്പം നിലയുറപ്പിക്കേണ്ട എന്നിൽ, സ്ത്രീവിരുദ്ധമായ പെരുമാറ്റം ഉണ്ടാകരുതായിരുന്നു. അതോടെ നീതിയെ കുറിച്ചു പറയാനുള്ള അവകാശമാണ് ഞാൻ നഷ്ടമാക്കിയതെന്നും കൂട്ടിച്ചേർത്തു. സ്വയം തിരുത്തി കലയുമായി മുന്നോട്ടുപോകണമെന്നാണ് ആ​ഗ്രഹിക്കുന്നതെന്നും വേടൻ കുറിച്ചു.

വേടന്റെ കുറിപ്പ് വായിക്കാം

പ്രിയമുള്ളവരേ,
തെറ്റ് തിരുത്താനുള്ള ആത്മാർത്ഥമായ ആഗ്രഹത്തോടെയാണ്  ഈ പോസ്റ്റ് ഇടുന്നത്. എന്നെ സ്നേഹത്തോടെയും സൗഹാർദത്തോടെയും കണ്ടിരുന്ന സ്ത്രീകളോടുള്ള  എന്റെ പെരുമാറ്റത്തിൽ സംഭവിച്ച പിഴവുകൾ ഇന്ന് തിരിഞ്ഞു നോക്കുമ്പോൾ കടുത്ത ഖേദവും ആത്മനിന്ദയും പശ്ചാത്താപവും തോന്നുന്നുണ്ട്. ആഴത്തിൽ കാര്യങ്ങൾ മനസ്സിലാക്കാതെ പ്രതികരണപോസ്റ്റുകൾ പ്രസിദ്ധീകരിച്ചപ്പോൾ, സ്ത്രീകൾക്കത് മോശം അനുഭവങ്ങളുടെ തുടർച്ചയായതിലും ഇന്ന് ഞാൻ ഒരുപാട് ഖേദിക്കുന്നു... എന്റെ നേർക്കുള്ള നിങ്ങളുടെ എല്ലാം വിമർശനങ്ങളും  ഞാൻ താഴ്മയോടെ ഉൾക്കൊള്ളുകയും നിലവിൽ ഉന്നയിക്കപ്പെട്ട എല്ലാ വിഷയങ്ങളിലും നിർവ്യാജമായി മാപ്പ് പറയുകയും ചെയ്യുന്നു. വരും കാലങ്ങളിൽ ഇത്തരത്തിലുള്ള വിഷമതകൾ അറിഞ്ഞോ അറിയാതെയോ എന്നിൽ നിന്ന് മറ്റൊരാൾക്കു നേരെയും ഉണ്ടാകാതിരിക്കാൻ പൂർണ്ണമായും ഞാൻ ബാദ്ധ്യസ്ഥനാണ്. അത്തരം ഒരു മാറ്റം എന്നിൽ ഉണ്ടാകണം എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു. 

ഇക്കാര്യത്തിൽ എന്റെ പെരുമാറ്റങ്ങളിൽ പ്രകടമായ ചില ന്യൂനതകൾ ശ്രദ്ധിച്ച് താക്കീത് നൽകിയവരെ വേണ്ടവിധം മനസ്സിലാക്കാൻ കഴിയാതെ പോയിട്ടുണ്ട്. എന്നിൽ സ്ത്രീവിരുദ്ധമായ ഒരു ഉള്ളടക്കം വന്നു ചേർന്നിട്ടുണ്ടെന്ന് ഈ ദിവസങ്ങളിൽ എന്നോട് സംസാരിച്ചവർ ചൂണ്ടിക്കാണിച്ചു. എന്നിലെ സ്ത്രീ വിരുദ്ധതയുടെ ആഴവും അതിന്റെ പഴക്കമേറിയ അംശവും കണ്ടെത്തി ഉന്മൂലനം ചെയ്യാൻ തെറാപ്പി അടക്കമുള്ള ആവശ്യ സഹായങ്ങൾ സ്വീകരിക്കാൻ തീരുമാനിച്ചിട്ടുണ്ട്. എന്നെ അല്പംപോലും ന്യായീകരിച്ചിട്ടില്ലാത്ത, സ്ത്രീപക്ഷത്തുനിന്ന് കൊണ്ട്  എന്റെ അഹന്തയും  നീക്കം ചെയ്യാൻ സഹായിക്കുന്നവരാണ്  ഈ സമയത്തെ ശരിയായ സുഹൃത്തുക്കൾ എന്ന് ഞാൻ നന്ദിയോടെ തിരിച്ചറിയുന്നു. അനീതി നേരിടുന്ന എല്ലാവരോടും ഒപ്പം നിലയുറപ്പിക്കേണ്ട എന്നിൽ, സ്ത്രീവിരുദ്ധമായ പെരുമാറ്റം ഉണ്ടാകരുതായിരുന്നു. അതോടെ നീതിയെ കുറിച്ചു പറയാനുള്ള അവകാശമാണ് ഞാൻ നഷ്ടമാക്കിയതെന്ന് അവർ ഓരോരുത്തരും എന്നെ ബോദ്ധ്യപ്പെടുത്തി. മാത്രവുമല്ല, എന്റെ പ്രിയപ്പെട്ടവർകൂടി അനാവശ്യമായി വേദനിക്കുന്നതിനും ഞാൻ ഒരു കാരണമായി.

തിരിഞ്ഞു നോക്കുമ്പോൾ എന്റെ ജീവിതത്തിൽ ഇതിനു മുൻപില്ലാത്ത വിധം ഇക്കഴിഞ്ഞ 11 മാസത്തിനുള്ളിലാണ് വിപുലമായ ഒരു സൗഹൃദവലയം എനിക്കുണ്ടായത്. എന്നാൽ മേൽ സൂചിപ്പിച്ച കാര്യങ്ങളിൽ കാണിക്കേണ്ട ജാഗ്രതയും കരുതലും വീണ്ടുവിചാരവും ഒക്കെ പിടിവിട്ടു പോയിട്ടുണ്ട്...ആത്മവിമർശനത്തിനും കാര്യമായി മുടക്കം സംഭവിച്ചിട്ടുണ്ട്. എന്നിലെ ആണത്തഹുങ്കും പൗരുഷ പ്രകടനങ്ങളും പ്രവർത്തികളും ചൂണ്ടിക്കാണിക്കപ്പെട്ട അതേ സമയങ്ങളിൽ തിരുത്താനുള്ള ശേഷി എനിക്കുണ്ടായില്ല. പുരുഷ മേധാവിത്തപരമായ മനോഭാവങ്ങൾ എത്രമാത്രം അപകടകാരമായ രോഗമാണെന്ന് മനസ്സിലാക്കുന്നു. അതിനെ എന്നിൽ തന്നെ നിരന്തരം ചോദ്യം ചെയ്തും വിമർശനത്തെ  ഉൾക്കൊണ്ടും മാത്രമേ ഇനി ജീവിക്കുകയും പ്രവർത്തിക്കുകയും ചെയ്യുകയുള്ളു. പശ്ചാത്തപിക്കാനും സ്വയം തിരുത്തി ജീവിതം തുടരാനും കലചെയ്യാനും കഴിയണമെന്നും ഈ കടന്നു പോകുന്ന നിമിഷങ്ങളിൽ ഞാൻ ആഗ്രഹിക്കുന്നു.

തുറന്നു പറയുന്ന സ്ത്രീയ്ക്ക്, അതേത്തുടർന്ന് ഉണ്ടാകുന്ന മാനസികവും സാമൂഹികവുമായ ആഘാതങ്ങളെ തിരിച്ചറിയാതെ, ഏതെങ്കിലും വിധത്തിൽ സ്വയം ന്യായീകരിക്കാൻ ശ്രമിച്ചതിനും ഞാൻ ഇവിടെ മാപ്പ് ചോദിക്കുന്നു. എന്നിൽ കടന്നു കൂടിയ പല തെറ്റിദ്ധാരണകളും തിരുത്താനായി മാറിയിരിക്കുന്ന ഈ ദിവസങ്ങൾക്കപ്പുറം പാടാനൊന്നും എനിക്കാവില്ലായിരിക്കാം... വന്നിടത്തേയ്ക്കു തന്നെ മടങ്ങുമായിരിക്കാം... അറിയില്ല സ്ത്രീകളോടും, ഒരാളോടും ഒരു മോശം പെരുമാറ്റവും ഇല്ലാത്ത ഒരാളായി വേണം ഇനിയങ്ങോട്ട്  ജീവിക്കാൻ എന്ന് ഞാൻ ആത്മാർഥമായി ആഗ്രഹിക്കുന്നു. ഇപ്പോൾ പറയുന്ന ഈ വാക്കുകളിലടക്കം ഞാൻ അറിയാത്ത ഏതെങ്കിലും തെറ്റുണ്ടെങ്കിൽ വീണ്ടും തിരുത്താനും സന്നദ്ധനാണ്. മാപ്പ് നൽകണമെന്ന് അഭ്യർത്ഥിക്കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മുന്നറിയിപ്പില്ലാതെ എയര്‍ ഇന്ത്യ സര്‍വീസുകള്‍ റദ്ദാക്കി; വിമാനത്താവളത്തില്‍ കുടുങ്ങി യാത്രക്കാര്‍

'പക്വതയില്ല'; അനന്തരവൻ ആകാശ് ആനന്ദിനെ പാർട്ടി പദവികളിൽ നിന്നും നീക്കി മായാവതി

വെസ്റ്റ് നൈല്‍ ഫിവര്‍: തൃശൂരില്‍ ഒരു മരണം, ജാഗ്രതാ നടപടികളുമായി അധികൃതര്‍

പ്രസിഡന്റ് പദത്തിൽ അഞ്ചാം വട്ടം; പുടിൻ വീണ്ടും അധികാരമേറ്റു

ബിലീവേഴ്‌സ് ചര്‍ച്ച് അധ്യക്ഷന്‍ കെ പി യോഹന്നാന് വാഹനാപകടത്തില്‍ ഗുരുതര പരിക്ക്