ചലച്ചിത്രം

'വിതുമ്പി വിതുമ്പിക്കരയുന്ന മമ്മൂക്കയെയാണ് ഞാന്‍ കണ്ടത്'; ഉറ്റസുഹൃത്തിന്റെ വേർപാടിൽ നീറി മമ്മൂട്ടി

സമകാലിക മലയാളം ഡെസ്ക്

ഷധി ചെയർമാനും മുൻ ഐപിഎസ് ഉദ്യോ​ഗസ്ഥനുമായിരുന്ന കെആർ വിശ്വംഭരൻ കഴിഞ്ഞ ദിവസമാണ് വിടപറഞ്ഞത്. നടൻ മമ്മൂട്ടിയുടെ ആത്മസുഹൃത്തായിരുന്നു അദ്ദേഹം. തന്റെ പ്രിയസുഹൃത്തിനെ അവസാനമായി കാണാൻ താരം കുടുംബസമേതം എത്തിയിരുന്നു. വിശ്വംഭരന്റെ അപ്രതീക്ഷിത വിയോ​ഗം മമ്മൂട്ടിയെ ഏറെ വേദനിപ്പിച്ചുവെന്നാണ് നിർമാതാവ് ആന്റോ ജോസഫ് പറയുന്നത്. സുഹൃത്തിനെ അവസാനമായി കണ്ട് വീട്ടിൽ തിരിച്ചെത്തിയ മമ്മൂക്ക ഏറെ നേരെ നേരം ഒറ്റയ്ക്കുമാറി നിശബ്ദനായി ഇരുന്നു എന്നാണ് ഫേയ്സ്ബുക്ക് കുറിപ്പിലൂടെ ആന്റോ ജോസഫ് പറഞ്ഞത്. 48 വർഷം നീണ്ടു നിന്ന സൗഹൃദത്തെക്കുറിച്ച് മമ്മൂട്ടി വാചാലനായി. എന്റെ ഉയര്‍ച്ചകളിലും താഴ്ചകളിലും വിശ്വംഭരന്‍ ഉണ്ടായിരുന്നു. എന്റെ വിജയങ്ങളും പരാജയങ്ങളും പ്രിയ ചങ്ങാതി അവന്റേതായി കണ്ടു. പലപ്പോഴും ഞാന്‍ വീണുപോയിട്ടുണ്ട്. അപ്പോള്‍ ഒരു കൈത്താങ്ങുമായി വിശ്വംഭരന്‍ കൂടെയുണ്ടായിരുന്നു.- എന്നാണ് മമ്മൂട്ടി പറഞ്ഞത്. 

ആന്റോ ജോസഫിന്റെ കുറിപ്പ് വായിക്കാം

സൗഹൃദം എന്ന വാക്കിന്റെ ആഴവും പരപ്പും കഴിഞ്ഞ ദിവസം വൈകിട്ട് നേരിട്ടറിഞ്ഞു. കെ.ആര്‍.വിശ്വംഭരന്‍ സാറിനെ അവസാനമായി കണ്ടശേഷം വീട്ടിലെത്തിയ മമ്മൂക്ക കുറേനേരം ഒറ്റയ്ക്ക് മാറി നിശബ്ദനായിരുന്നു. ആ കണ്ണുകള്‍ പതുക്കെ നിറഞ്ഞു. ശബ്ദം ഇടറി. കെ.ആര്‍.വിശ്വംഭരന്‍ എന്ന ഐ.എ.എസ് ഉദ്യോഗസ്ഥനോടായിരുന്നില്ല മമ്മൂക്കയുടെ സൗഹൃദം. ഒരുകാലം ഒരുമിച്ച് തോളില്‍ കയ്യിട്ട് നടന്ന,ഒരുമിച്ച് വെയിലും മഴയും കൊണ്ട,ഒരുമിച്ച് ചിരിച്ച,കരഞ്ഞ വിശ്വംഭരന്‍ എന്ന സുഹൃത്തിനോടായിരുന്നു. മമ്മൂക്ക പറഞ്ഞു: 'നാല്പത്തിയെട്ടുവര്‍ഷത്തെ ഒരുമിച്ചുള്ള യാത്രയായിരുന്നു ഞങ്ങളുടേത്. ആ യാത്രയില്‍ ഒരാള്‍ നഷ്ടപ്പെട്ടു. എന്റെ ഉയര്‍ച്ചകളിലും താഴ്ചകളിലും വിശ്വംഭരന്‍ ഉണ്ടായിരുന്നു. എന്റെ വിജയങ്ങളും പരാജയങ്ങളും പ്രിയ ചങ്ങാതി അവന്റേതായി കണ്ടു. പലപ്പോഴും ഞാന്‍ വീണുപോയിട്ടുണ്ട്. അപ്പോള്‍ ഒരു കൈത്താങ്ങുമായി വിശ്വംഭരന്‍ കൂടെയുണ്ടായിരുന്നു. ഞാന്‍ വീണ്ടും എഴുന്നേല്കുന്നതും കൂടുതല്‍ ശക്തിയോടെ നടക്കുന്നതും കണ്ട് ഏറ്റവും കൂടുതല്‍ സന്തോഷിച്ചവരില്‍ ഒരാളും വിശ്വംഭരന്‍ തന്നെ. വിശ്വംഭരന്റെ കുടുംബത്തില്‍ ഞാനുണ്ടായിരുന്നു,എന്റെ കുടുംബത്തില്‍ വിശ്വംഭരനും. വിശ്വംഭരന്‍ ഇനിയില്ല...'  സന്തോഷവും സങ്കടവും പൊതിച്ചോറു പോലെ പങ്കിട്ട രണ്ട് സ്‌നേഹിതര്‍ തമ്മിലുള്ള ബന്ധത്തിന്റെ ശക്തിയാണ് കണ്ണീരുപ്പുള്ള ആ വാക്കുകളില്‍ തെളിഞ്ഞുകണ്ടത്. അത്രയും ആഴത്തില്‍ കൈകോര്‍ത്തുനില്കുന്ന സൗഹൃദത്തിന്റെ വേരുകള്‍. രണ്ടുകൂട്ടുകാരുടെ ആത്മബന്ധത്തിന്റെ കലര്‍പ്പില്ലാത്ത കാഴ്ച. സംസാരത്തിനിടെ ദുബായിയില്‍ നിന്ന് മമ്മൂക്കയുടെയും വിശ്വംഭരന്‍ സാറിന്റെയും ആത്മസുഹൃത്ത് ഷറഫിന്റെ വീഡിയോ കോള്‍ വന്നു. വിതുമ്പിവിതുമ്പിക്കരയുന്ന മമ്മൂക്കയെയാണ് ഞാന്‍ പിന്നെ കണ്ടത്. ഓര്‍മകളുടെ തിരമാലകള്‍ പിന്നെയും പിന്നെയും....അതില്‍ മമ്മൂക്ക നനഞ്ഞു. ഹൃദയം കൊണ്ട് അദ്ദേഹം പ്രിയ കൂട്ടുകാരന് വിടചൊല്ലുകയായിരുന്നു അപ്പോള്‍..

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മുന്നറിയിപ്പില്ലാതെ എയര്‍ ഇന്ത്യ സര്‍വീസുകള്‍ റദ്ദാക്കി; വിമാനത്താവളത്തില്‍ കുടുങ്ങി യാത്രക്കാര്‍

'പക്വതയില്ല'; അനന്തരവൻ ആകാശ് ആനന്ദിനെ പാർട്ടി പദവികളിൽ നിന്നും നീക്കി മായാവതി

വെസ്റ്റ് നൈല്‍ ഫിവര്‍: തൃശൂരില്‍ ഒരു മരണം, ജാഗ്രതാ നടപടികളുമായി അധികൃതര്‍

പ്രസിഡന്റ് പദത്തിൽ അഞ്ചാം വട്ടം; പുടിൻ വീണ്ടും അധികാരമേറ്റു

ബിലീവേഴ്‌സ് ചര്‍ച്ച് അധ്യക്ഷന്‍ കെ പി യോഹന്നാന് വാഹനാപകടത്തില്‍ ഗുരുതര പരിക്ക്